പൊലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം; സംഭവം യുപിയില്‍

പൊലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം; സംഭവം യുപിയില്‍

ലക്‌നൗ (യുപി): പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഇറ്റായില്‍ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ രമേഷ് യാദവിന്റെ ബന്ധു മോഹിത് യാദവ് പൊലീസ് സ്റ്റേഷനിലെത്തി എസ്‌ഐയെയും മറ്റു പൊലീസുകാരെയും മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ പുറത്ത്. മോശമായ ഭാഷ ഉപയോഗിച്ച് അലറി കൊണ്ടും ഭീഷണി മുഴക്കിയുമാണു 24-കാരനായ മോഹിത് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ജിത്രേന്ദ്ര കുമാറിനെ മര്‍ദ്ദിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റു പൊലീസുകാര്‍ ഇയാളെ തടയാനെത്തിയപ്പോള്‍ അവര്‍ക്കു നേരെയും ഇയാള്‍ തിരിഞ്ഞു. തുടര്‍ന്നു മോഹിതിനെ പൊലീസുകാര്‍ ചേര്‍ന്നു കീഴടക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാവിലെ മോഹിത് യാദവ് ബന്ധുവിനൊപ്പം ആശുപത്രിയില്‍ ചികിത്സിക്കാനെത്തിയപ്പോള്‍ വിഐപി പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു. എക്‌സ്‌റേ എടുക്കാന്‍ ക്യുവില്‍ നില്‍ക്കില്ലെന്നും അറിയിച്ചു. എന്നാല്‍ മോഹിതിന്റെ ആവശ്യം നിരാകരിച്ച ലാബ് ടെക്‌നീഷ്യനെ മര്‍ദ്ദിക്കുകയും ഡോക്ടറെ ചീത്ത വിളിക്കുകയും ചെയ്തു. തുടര്‍ന്നു ആശുപത്രിയധികൃതര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസെത്തി സ്റ്റേഷനിലേക്കു മോഹിതിനെ കൊണ്ടു പോയി. അവിടെ വച്ചായിരുന്നു അക്രമം. മോഹിത് മദ്യലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു.

Comments

comments

Categories: Top Stories