വൈദ്യുതി പ്രതിസന്ധി: കേന്ദ്രത്തിന് ഗുജറാത്തിന്റെ കത്ത്

വൈദ്യുതി പ്രതിസന്ധി: കേന്ദ്രത്തിന് ഗുജറാത്തിന്റെ കത്ത്
മുന്ദ്ര പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അദാനി പവര്‍ ഗുജറാത്ത് സര്‍ക്കാരിനെ
അറിയിച്ചു

ന്യൂഡെല്‍ഹി: സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നെന്ന് കാട്ടി ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതി. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള മുന്ദ്രയിലെ വൈദ്യുതി സ്റ്റേഷന്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് അദാനി പവര്‍ അറിയിച്ചതായും കത്തില്‍ പറയുന്നു. ഇന്തോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില കൂടിയതിനാല്‍ അദാനി പവറിന്റെ മുന്ദ്ര വൈദ്യുത പ്ലാന്റിന് നഷ്ടപരിഹാരം നല്‍കണമെന്നുള്ള ആവശ്യം കഴിഞ്ഞ മാസം സുപ്രീം കോടതി നിരാകരിച്ചിരുന്നു. പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നും അല്ലെങ്കില്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാകുമെന്നും പറഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി കേന്ദ്ര സര്‍ക്കാരിന് കത്തയച്ച കാര്യം ചില ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മുന്ദ്ര പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അദാനി പവര്‍ ഗുജറാത്ത് സര്‍ക്കാരിനെ അറിയിച്ചതായാണ് കത്തില്‍ നിന്ന് മനസിലാക്കുന്നത്. ഏത് തരത്തിലുള്ള സഹായമാണ് നല്‍കേണ്ടതെന്ന കാര്യം പരിശോധിച്ച് വരികയാണ്. ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും-കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രശ്‌നം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും റെഗുലേറ്റര്‍മാര്‍ ഇത് പരിശോധിക്കണമെന്നും കേന്ദ്ര വൈദ്യുതി മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കുന്നതിന് ഗുജറാത്തിന് ആവശ്യമെങ്കില്‍ കേന്ദ്ര ഊര്‍ജ്ജ, കല്‍ക്കരി മന്ത്രാലയങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ചകള്‍ നടത്താമെന്ന് ധനകാര്യമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.

യൂണിറ്റിന് 2.35 രൂപ നിരക്കില്‍ 1000 മെഗാവാട്ട് വൈദ്യുതി ഗുജറാത്തിന് ലഭ്യമാക്കാമെന്ന് 2006ല്‍ അദാനി പവര്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍, ഇന്തോനേഷ്യയിലെ നിയമങ്ങളിലെ മാറ്റത്തെ തുടര്‍ന്ന് അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വിലയില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ടാറ്റ പവറും അദാനി പവറും ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലെ നിയമങ്ങളില്‍ മാറ്റമുണ്ടാകുന്ന മുറയ്ക്ക് കല്‍ക്കരി വില വര്‍ധിക്കുമ്പോള്‍ അതിനനുസരിച്ച് പിപിഎ (പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ്)യ്ക്ക് കീഴിലുള്ള നിബന്ധനകളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് ഏപ്രിലില്‍ സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി. ഈ സാഹചര്യത്തില്‍ 2016 ഡിസംബര്‍ വരെയുള്ള 4400 കോടി രൂപയുടെ നഷ്ടം അദാനി പവര്‍ എഴുതിത്തള്ളേണ്ടിവരുമെന്നാണ് ജാപ്പനീസ് ധനകാര്യ സ്ഥാപനമായ നോമുറയുടെ വിലയിരുത്തല്‍. ഈ തുക കമ്പനിയുടെ വരുമാനത്തില്‍ ഉള്‍പ്പെടുന്നതാണ്.

അദാനി പവറിന് തുക നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ മാനേജ്‌മെന്റില്‍ മാറ്റം വരുത്താന്‍ ബാങ്കുകള്‍ക്ക് ശ്രമിക്കാവുന്നതാണെന്ന് നോമുറയിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍, നയപരമായ ചില നടപടികള്‍ കൈക്കൊള്ളാത്ത പക്ഷം തങ്ങള്‍ക്ക് മാത്രമായി മുന്ദ്ര പദ്ധതിയെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്. 2010 സെപ്റ്റംബറിനു ശേഷം അന്താരാഷ്ട്ര നിരക്കുകള്‍ക്ക് താഴെ മറ്റ് രാജ്യങ്ങള്‍ക്ക് കല്‍ക്കരി വില്‍ക്കുന്നത് ഇന്തോനേഷ്യ വിലക്കിയതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദാനി പവറും ടാറ്റ പവറും സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷ (സിഇആര്‍സി)നെ സമീപിച്ചിരുന്നു. തുടര്‍ന്ന് പിപിഎയ്ക്ക് കീഴിലെ നിയമത്തില്‍ വ്യത്യാസം വരുത്താന്‍ കഴിയില്ലെന്ന് സിഇആര്‍സി ഉത്തരവിട്ടു. എന്നാല്‍, നഷ്ടപരിഹാര താരിഫ് ഇരു കമ്പനികള്‍ക്കും അനുവദിച്ചിരുന്നു.

Comments

comments

Categories: Business & Economy