ഫോര്‍ഡ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കള്‍

ഫോര്‍ഡ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കള്‍
ഇന്ത്യയില്‍നിന്നുള്ള ഫോര്‍ഡിന്റെ കയറ്റുമതി 43 ശതമാനമായാണ് ഇക്കഴിഞ്ഞ സാമ്പത്തിക
വര്‍ഷം വര്‍ധിച്ചത്

ന്യൂ ഡെല്‍ഹി : അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ 2016-17 ല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് കമ്പനികളേക്കാള്‍ കൂടുതല്‍ കാറുകള്‍ നിര്‍മ്മിച്ചു. ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായി ഫോര്‍ഡ് ഉദിച്ചുയര്‍ന്നു. 2016-17 സാമ്പത്തിക വര്‍ഷം കയറ്റുമതി ഉഷാറായപ്പോള്‍ ഫോര്‍ഡ് ഇന്ത്യാ 2,52,959 വാഹനങ്ങളാണ് നിര്‍മ്മിച്ചത്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി 43 ശതമാനമായാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വര്‍ധിച്ചത്. താരതമ്യം പറഞ്ഞാല്‍, ഇതേ സാമ്പത്തിക വര്‍ഷം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2,42,721 പാസഞ്ചര്‍ വാഹനങ്ങളും ടാറ്റ മോട്ടോഴ്‌സ് 1,69,599 പാസഞ്ചര്‍ വാഹനങ്ങളുമാണ് പുറത്തിറക്കിയത്.

2015-16 ല്‍ ഉല്‍പ്പാദന കണക്കുകളില്‍ മാരുതി സുസുകി, ഹ്യുണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹോണ്ട എന്നിവയ്ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഫോര്‍ഡ്. ഫോര്‍ഡ് ഇന്ത്യാ പുറത്തിറക്കിയ വാഹനങ്ങളില്‍ 62 ശതമാനവും കയറ്റുമതി ചെയ്യുകയായിരുന്നു. മാത്രമല്ല, 2016-17 ല്‍ ഇന്ത്യയില്‍നിന്ന് ആകെ കയറ്റുമതി ചെയ്ത 7,58,830 കാറുകളില്‍ 22 ശതമാനവും ഫോര്‍ഡ് കാറുകളായിരുന്നു. ഇതോടെ ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം കാറുകള്‍ കയറ്റുമതി ചെയ്യുന്നവരില്‍ ഹ്യുണ്ടായ്ക്കുപിന്നില്‍ ഫോര്‍ഡ് ഇടം പിടിച്ചു. ഹ്യുണ്ടായുടെ ഒന്നാം സ്ഥാനത്തിന് ഈ വര്‍ഷം ഇളക്കം സംഭവിക്കും.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം പാസഞ്ചര്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ആണ്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഫോര്‍ഡിന്റെ കയറ്റുമതിയില്‍ കുത്തനെയുള്ള വളര്‍ച്ചയാണ് പ്രകടമാകുന്നത്. ഹ്യുണ്ടായുമായുള്ള അന്തരം ഫോര്‍ഡ് ഈ വര്‍ഷം തന്നെ നികത്തിയേക്കും. 2016-17 ല്‍ ഹ്യുണ്ടായ് 1,67,120 വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷവുമായി തട്ടിച്ചുനോക്കിയാല്‍ കേവലം മൂന്ന് ശതമാനം വളര്‍ച്ച. എന്നാല്‍ ഫോര്‍ഡാകട്ടെ 43 ശതമാനം വളര്‍ച്ചയോടെ 1,58,469 വാഹനങ്ങള്‍ വിദേശ വിപണികളിലെത്തിച്ചു.

ഇക്കോസ്‌പോര്‍ട്, ഫിഗോ, ഫിഗോ ആസ്പയര്‍ മോഡലുകള്‍ ഫോര്‍ഡ് ലാറ്റിന്‍ അമേരിക്ക, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റിഅയച്ചു. ആഭ്യന്തര വിപണിയെക്കുറിച്ചും ഭാവി കയറ്റുമതി പദ്ധതികളും വിശദീകരിക്കാന്‍ ഫോര്‍ഡ് തയ്യാറായില്ല. ഉല്‍പ്പാദനശേഷി മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനും കൂടുതല്‍ ഉല്‍പ്പാദനം നടത്തി ചെലവുകള്‍ കുറച്ചുകൊണ്ടുവരുന്നതിനുമായി കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തന്നെയാണ് ഫോര്‍ഡിന്റെ തീരുമാനം.

ആഭ്യന്തര വിപണിയില്‍ മാരുതിയും ഹ്യുണ്ടായും കൊടികുത്തിവാഴുകയാണ്. ആഭ്യന്തര ഡിമാന്‍ഡിനാണ് ഇരുവരും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 2015 മാര്‍ച്ചില്‍ ഗുജറാത്തിലെ സാനന്ദില്‍ ഫോര്‍ഡ് ഇന്ത്യയിലെ രണ്ടാമത്തെ നിര്‍മ്മാണശാല തുറന്നിരുന്നു. 2.40 ലക്ഷം വാഹനങ്ങളാണ് ഈ പ്ലാന്റിന്റെ വാര്‍ഷിക ഉല്‍പ്പാദനശേഷി. ഇന്ത്യയിലെ ഫോര്‍ഡിന്റെ ആദ്യ പ്ലാന്റായ ചെന്നൈ പ്ലാന്റിന്റെ വാര്‍ഷിക ഉല്‍പ്പാദനശേഷി രണ്ട് ലക്ഷം വാഹനങ്ങളാണ്. ഇന്ത്യയിലെ ആകെ ഉല്‍പ്പാദനശേഷിയുടെ അറുപത് ശതമാനത്തോളം മാത്രമേ ഫോര്‍ഡ് നിലവില്‍ ഉപയോഗിക്കുന്നുള്ളൂ. കയറ്റുമതിയും ആഭ്യന്തര വില്‍പ്പനയും വര്‍ധിപ്പിക്കുന്നതിന് ഫോര്‍ഡിന് ഇത് സഹായകമാണ്.

ചെലവുകള്‍ കുറച്ചുകൊണ്ടും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച്ചയില്ലാതെയും ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഫോര്‍ഡ് ഉള്‍പ്പെടെയുള്ള ആഗോള വാഹന നിര്‍മ്മാതാക്കള്‍ തിരിച്ചറിയുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ തൊഴില്‍ ചെലവുകളും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വാഹന ഘടകങ്ങളും വാഹന നിര്‍മ്മാതാക്കളുടെ താല്‍പ്പര്യകേന്ദ്രമായി ഇന്ത്യ മാറുന്നതിന് കാരണങ്ങളാണ്. ഇന്ത്യയെ കയറ്റുമതി ഹബ്ബായി കാണുന്നതിന് ആഗോള വാഹന നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയും ആഭ്യന്തര വില്‍പ്പനയേക്കാള്‍ കയറ്റുമതി നടത്തുകയും ചെയ്യുന്ന കാര്യത്തില്‍ ഫോര്‍ഡിന് വേറെയും ചങ്ങാതിമാരുണ്ട്. ഫോക്‌സ്‌വാഗണ്‍, നിസ്സാന്‍, ജനറല്‍ മോട്ടോഴ്‌സ് തുടങ്ങിയവരാണ് കമ്പനികള്‍. ബഹുരാഷ്ട്ര വാഹന നിര്‍മ്മാണ കമ്പനികള്‍.

Comments

comments

Categories: Auto