ഡിസ്‌കവറിയുടെ വിനോദ ചാനല്‍ വര്‍ഷാന്ത്യത്തില്‍

ഡിസ്‌കവറിയുടെ വിനോദ ചാനല്‍ വര്‍ഷാന്ത്യത്തില്‍
പുരുഷന്മാരെ ലക്ഷ്യമിട്ടുള്ള ഹിന്ദി ചാനലായിരിക്കും ഡിസ്‌കവറി വര്‍ഷാന്ത്യത്തില്‍
ലോഞ്ച് ചെയ്യുക

മുംബൈ: യുഎസ് ആസ്ഥാനമാക്കിയ ആഗോള മാസ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ് കമ്പനി ഡിസ്‌കവറി കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യയിലെ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ (ജിഇസി) വിഭാഗത്തിലേക്ക് പ്രവേശിക്കുന്നു. രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങി 21 ലധികം വര്‍ഷത്തിനുശേഷമാണ് കമ്പനി ജിഇസി ചാനലില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പുരുഷന്മാരെ ലക്ഷ്യമിട്ടുള്ള ഹിന്ദി വിനോദ ചാനലായിരിക്കും ഡിസ്‌കവറി വര്‍ഷാന്ത്യത്തില്‍ ലോഞ്ച് ചെയ്യുക. പുതിയ മേഖലയിലേക്കുള്ള പ്രവേശനം, പ്രോഗ്രാം ശ്രേണിയിലെ മാറ്റം ഉള്‍പ്പെടെ രണ്ടു നയങ്ങള്‍ പിന്തുടരാന്‍ കമ്പനി തീരുമാനിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2017 അവസാനത്തോടെ ചാനല്‍ വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന മൂന്ന് വിപണികളില്‍ ഒന്നായി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യം നേടാന്‍ ഇവിടത്തെ നിക്ഷേപം ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ഡിസ്‌പോര്‍ട്‌സ് എന്ന സ്‌പോര്‍ട്‌സ് ചാനല്‍ നേരത്തെ ഇന്ത്യയില്‍ ഡിസ്‌കവറി ലോഞ്ച് ചെയ്തിരുന്നു. ഡിസ്‌കവറി കമ്മ്യൂണിക്കേഷന്‍സിന്റെ സഹസ്ഥാപനം ഡിസ്‌കവറി നെറ്റ്‌വര്‍ക്‌സ് ഏഷ്യ പസഫിക്ക് ഈ വര്‍ഷം അവസാനത്തോടെ ഡിസ്‌കവറി ജീത്ത് എന്ന ഹിന്ദി ജിഇസി ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ക്രൈം ചാനലായ ഡിസ്‌കവറി ഐഡിയുടെ സ്ഥാനം ഡിസ്‌കവറി ജീത്ത് നേടും. ക്രൈം ചാനല്‍ നിര്‍ത്തലാക്കുമെന്നും ഇതുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. സഹബ്രാന്‍ഡ് തുടങ്ങുന്നതിന് തദ്ദേശീയ നിര്‍മാണം, വിതരണം, മാര്‍ക്കറ്റിംഗ് എന്നിവയില്‍ കമ്പനി വലിയ നിക്ഷേപം നടത്തുമെന്ന് ഡിസ്‌കവറി നെറ്റ്‌വര്‍ക്‌സ് ഏഷ്യ പസഫിക്ക് ജനറല്‍ മാനേജര്‍ കരണ്‍ ബജാജ് പറഞ്ഞു. യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കല്‍, ചെറു നഗരങ്ങളിലെ ഹീറോകള്‍, ഉള്‍കരുത്തുള്ള അതിജീവനം എന്നിവ സംബന്ധിച്ച പോഗ്രാമുകളില്‍ ചില ഉള്ളടക്കങ്ങളും ഉപയോഗിക്കുമെന്ന് ബജാജ് ചൂണ്ടിക്കാട്ടി. ഡിസ്‌കവറി ജീത്ത് വിനോദ ടെലിവിഷന്‍ രംഗത്തിന് പുതിയ തലം സൃഷ്ടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിതരണത്തിനായി വലിയ നിക്ഷേപം നടത്താനാണ് കമ്പനിയുടെ തീരുമാനം. 125-130 മില്ല്യണ്‍ വീടുകളില്‍ ചാനല്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിക്ക് ഇതിനെക്കുറിച്ച് വളരെ വ്യക്തമായ കണക്കുകൂട്ടലുകളുണ്ട്- ബജാജ് വെളിപ്പെടുത്തി. 200 മണിക്കൂറോളം പ്രാദേശിക ഉള്ളടക്കങ്ങള്‍ രൂപപ്പെടുത്താന്‍ കമ്പനി നിക്ഷേപം ഉയര്‍ത്തും. ഇത് ഡിസ്‌കവറി ജീത്തില്‍ അവതരിപ്പിക്കും. മെട്രോകളിലും രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലുമുള്ള യുവാക്കളെ ചാനല്‍ ലക്ഷ്യംവയ്ക്കും. ഇന്ത്യയില്‍ ഡിസ്‌കവറി വെല്ലുവിളികളെ നേരിടുന്ന ഘട്ടത്തിലായപ്പോഴാണ് പുതിയ ചാനല്‍ തുടങ്ങാനുള്ള തയാറെടുപ്പ് നടത്തുന്നത്. എന്റര്‍ടെയ്ന്‍മെന്റ് മേഖലയില്‍ ഹിസ്റ്ററി ടിവി 18, എന്‍ജിസി, സോണി ബിബിസി എര്‍ത്ത് പോലുള്ള ബ്രാന്‍ഡുകളില്‍ നിന്ന് ഡിസ്‌കവറി വെല്ലുവിളി നേരിടുന്നുണ്ട്. ഡിസ്‌പോര്‍ട്‌സിന്റെ ലോഞ്ചും ഡിസ്‌കവറി ജീത്തിനുള്ള നീക്കവും ഇന്ത്യന്‍ ടെലിവിഷന്‍ വിപണിയില്‍ വളര്‍ച്ച കൈവരിക്കാനുള്ള ചാനലിന്റെ പുതിയ തന്ത്രത്തിന്റെ ഭാഗമാണ്.

Comments

comments

Categories: Trending