കെജ്‌രിവാളിന്റെ ബന്ധുവിന്റെ കമ്പനിക്കെതിരേ കേസെടുത്തു

കെജ്‌രിവാളിന്റെ ബന്ധുവിന്റെ കമ്പനിക്കെതിരേ കേസെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യാ സഹോദരന്‍ സുരേന്ദ്ര കുമാര്‍ ബന്‍സാലിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിക്കെതിരേ, തലസ്ഥാന നഗരിയില്‍ ചെയ്ത പൊതുമരാമത്ത് പ്രവൃത്തിയില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നു ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തിങ്കളാഴ്ച മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു ബന്‍സാല്‍ മരിച്ചിരുന്നു.

കള്ള ഒപ്പിടല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണു ബന്‍സാലിന്റെ നിര്‍മാണ കമ്പനിക്കെതിരേ ചുമത്തിയിരിക്കുന്നത്. ദി റോഡ്‌സ് ആന്റി കറപ്ഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന എന്‍ജിഒ നടത്തുന്ന രാഹുല്‍ ശര്‍മയുടെ പരാതിയെ തുടര്‍ന്നാണു നടപടിയെന്നു ആന്റി കറപ്ഷന്‍ ബ്രാഞ്ച് തലവന്‍ മുകേഷ് കുമാര്‍ മീന പറഞ്ഞു.

2015-ല്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതിനു ശേഷം റോഡുകളുടെയും അഴുക്കു ചാലിന്റെയും കരാര്‍ ലഭിക്കുന്നതിനായി ഡല്‍ഹി പൊതുമരാമത്ത് വകുപ്പിനെ ബന്‍സാല്‍ കബളിപ്പിച്ചെന്നു രാഹുല്‍ ശര്‍മ പരാതിയില്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രി കെജ്‌രിവാളും പൊതുമരാമത്ത് വകുപ്പ് മന്ത്രി സത്യേന്ദ്ര ജെയ്‌നും പദവികള്‍ ദുരുപയോഗം ചെയ്തതായും രാഹുല്‍ ശര്‍മ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

നഗരപരമായ പൊതുപ്രവൃത്തികള്‍ നിരീക്ഷിക്കുന്ന ചുമതലാണ് രാഹുല്‍ ശര്‍മയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ദി റോഡ്‌സ് ആന്റി കറപ്ഷന്‍ ഓര്‍ഗനൈസേഷനുള്ളത്. ദേശീയ പാതയ്ക്കു സമീപം അഴുക്കു ചാലിന്റെ നിര്‍മാണ പ്രവൃത്തിയുടെ കരാര്‍ ലഭിക്കുന്നതിന് ബന്‍സാലിനു വേണ്ടി കെജ്‌രിവാള്‍ ലേല നടപടികളില്‍ കൃത്രിമത്വം വരുത്തിയെന്നും നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനു മുന്‍പു തന്നെ ബില്ലുകള്‍ സര്‍ക്കാര്‍ കൊടുത്തു തീര്‍ത്തതായും കണ്ടെത്തിയിട്ടുണ്ടെന്ന് രാഹുല്‍ ശര്‍മ ആരോപിച്ചു. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ശര്‍മ പറഞ്ഞു.

Comments

comments

Categories: Politics