നാലാം പാദത്തിലും എയര്‍ടെല്ലിന്റെ വരുമാനം ഇടിഞ്ഞു

നാലാം പാദത്തിലും എയര്‍ടെല്ലിന്റെ വരുമാനം ഇടിഞ്ഞു
ജിയോയുടെ സ്വാധീനം എയര്‍ടെല്ലിന്റെ പിന്നോട്ടുപോക്കിന് കാരണം

ന്യൂഡെല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ സ്വാധീനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലും എയര്‍ടെല്ലിന്റെ വരുമാനവും അറ്റാദായവും ഇടിച്ചെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ തുടര്‍ച്ചയായ രണ്ടാം ത്രൈമാസത്തിലും എല്ലാം വിഭാഗത്തിലും ഇടിവിനെ അഭിമുഖീകരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ജനുവരി- മാര്‍ച്ച് പാദത്തില്‍ എയര്‍ടെല്ലിന്റെ അറ്റാദായം 26 ശതമാനം താഴ്ന്ന് 373 കോടി രൂപയിലേക്കാണ് കൂപ്പുകുത്തിയത്. തൊട്ടു മുന്‍പത്തെ പാദത്തില്‍ 504 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. അതോടൊപ്പം മൊത്തം വരുമാനം ആറ് ശതമാനം താഴ്ന്ന് 21,935 കോടി രൂപയിലുമെത്തി. എബിറ്റ്ഡ (നികുതി, പലിശ, മൂല്യക്കുറവ് തുടങ്ങിയവ ഒഴിവാക്കിയുള്ള വരുമാനം)യും 6.7 ശതമാനം ഇടിഞ്ഞ് 7,993 കോടി രൂപയായി.

എയര്‍ടെല്‍ അസാധാരണമായ നഷ്ടവും വരുമാന ഇടിവും ദുര്‍ബലമായ പ്രവര്‍ത്തനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജിയോയുടെ സൗജന്യ സേവനങ്ങള്‍ കമ്പനിയെ എത്രമാത്രം ദുരിതത്തിലാക്കിയെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. സൗജന്യ സേവനങ്ങളിലൂടെ ടെലികോം വ്യവസായം ആദ്യമായി വരുമാന ഇടിവിന് സാക്ഷിയായെന്ന് അടുത്തകേന്ദ്രങ്ങള്‍ അറിയിച്ചു.
പുതിയ കമ്പനിയില്‍ നിന്ന് ഇന്‍കമിംഗ് വോയിസ് കോളുകളുടെ ഒഴുക്ക് സാധ്യമായതോടെ ടെലികോം വ്യവസായത്തിന്റെ സ്ഥിതി മോശമായെന്ന് എയര്‍ടെല്ലിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഗോപാല്‍ വിത്തല്‍ പറഞ്ഞു.

ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ സ്ഥാപിച്ച ടെലികോം ഡിസ്പൂട്ടേഴ്‌സ് സെറ്റില്‍മെന്റ് ആന്‍ഡ് അപ്പലേറ്റ് ട്രിബ്യൂണ (ടിഡിഎസ്എടി)ലിനു മുന്നില്‍ എയര്‍ടെല്‍ ഇതിനകം എത്തിക്കഴിഞ്ഞു. ജിയോയുടെ സൗജന്യ സേവനങ്ങളില്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി)യുടെ നിഷ്‌ക്രിയ സമീപനത്തില്‍ ടിഡിഎസ്എടിക്ക്‌ ആശങ്കയുണ്ട്. ജിയോ സൗജന്യ സേവനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നിലവിലുള്ള നിരക്കില്‍ കൂടുതല്‍ ഡാറ്റ വിതരണം ചെയ്യുന്ന തന്ത്രപരമായ മാര്‍ഗ്ഗം എയര്‍ടെല്‍ സ്വീകരിച്ചിരുന്നു. ചില പാക്കേജുകളില്‍ സൗജന്യ വോയ്‌സ് സേവനവും കമ്പനി നല്‍കി. പക്ഷേ, ഉപഭോക്താക്കള്‍ ഡാറ്റ ഉപയോഗിക്കുന്നതിന് അനുസൃതമായി എയര്‍ടെല്ലിന്റെ വരുമാനം ഉയര്‍ന്നില്ല.

Comments

comments

Categories: Business & Economy