ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ക്ക് തുക ചെലവഴിക്കുന്നത് ഇന്ത്യയുടെ വളര്‍ച്ചാവേഗം നിര്‍ണ്ണയിക്കുമെന്ന് നൊമൂറ

ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ക്ക് തുക ചെലവഴിക്കുന്നത് ഇന്ത്യയുടെ വളര്‍ച്ചാവേഗം നിര്‍ണ്ണയിക്കുമെന്ന് നൊമൂറ
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ താക്കോല്‍ സ്ഥാനത്ത് 
ഇരിക്കുന്നതെന്ന് നൊമൂറ അസ്സറ്റ് മാനേജ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗം മേധാവി 
വിപുല്‍ മേഹ്ത്ത

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത 2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന പദ്ധതി ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ വളര്‍ച്ചാവേഗം നിര്‍ണ്ണയിക്കുമെന്ന് നൊമൂറ അസ്സറ്റ് മാനേജ്‌മെന്റ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജാപ്പനീസ് കമ്പനിയുടെ ഇന്ത്യയിലെ വസ്തുവകകളുടെ മൂല്യം മൂന്ന് മടങ്ങ് വര്‍ധിച്ച് മൂന്ന് ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഇതേതുടര്‍ന്ന് മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി തങ്ങളുടെ നിക്ഷേപകര്‍ക്ക് നാല്‍പ്പത് ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. അതേസമയം എംഎസ്‌സിഐ ഇന്ത്യാ സൂചിക 18 ശതമാനം മാത്രമാണ് വര്‍ധിച്ചതെന്ന് നൊമൂറ അസ്സറ്റ് മാനേജ്‌മെന്റിന്റെ ജപ്പാന് പുറത്തെ ഏഷ്യന്‍ ഓഹരികളുടെ ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗം മേധാവി വിപുല്‍ മേഹ്ത്ത ചൂണ്ടിക്കാട്ടി.

ലോകത്ത് അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഇന്ത്യയില്‍ വളര്‍ച്ചാവേഗം ഉറപ്പുവരുത്തുന്നതിന് മൂലധന ചെലവ് തീര്‍ച്ചയായും വര്‍ധിപ്പിക്കണമെന്ന് വിപുല്‍ മേഹ്ത്ത ആവശ്യപ്പെട്ടു.ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനരീതിയും അവരുടെ മുന്നിലെ അവസരങ്ങളും വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കും. വളരെക്കാലമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപകരുടെ വന്‍ തിരക്കാണ്. രാജ്യത്തിനകത്ത് സാധാരണ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ ബിസിനസ് മേഖലകള്‍ കാണാം. കമ്പനികള്‍ അവരുടെ മുന്നിലെത്തുന്ന അവസരങ്ങളെ എങ്ങിനെ ഫലപ്രദമായി വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭാവി സാധ്യതകളെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പുതിയ ബിസിനസ്സുകളുടെയും പുതിയ മേഖലകളുടെയും ഉദയം ഫണ്ട് മാനേജര്‍മാര്‍ തിരിച്ചറിയണം. സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുകയാണ്. പാത്തോളജി, ഡയഗ്നോസ്റ്റിക് കമ്പനികളും ലിസ്റ്റ് ചെയ്യപ്പെടുന്നു. ഇതെല്ലാം നിക്ഷേപകരുടെ മുന്നിലെ അവസരങ്ങളാണ്. നിലവില്‍ ഇന്ത്യയിലെ സാഹചര്യങ്ങള്‍ വെല്ലുവിളികള്‍ മുന്നോട്ടുവെയ്ക്കുന്നതായും രാജ്യത്ത് മൂലധന ചെലവ് കുറവാണെന്നും വിപുല്‍ മേഹ്ത്ത ചൂണ്ടിക്കാട്ടി. അടിസ്ഥാനസൗകര്യ വികസന ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിന് അതിവേഗം ബുദ്ധിപൂര്‍വ്വമായ തീരുമാനമെടുക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥവൃന്ദം സഹായകരമാണ്. ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ ഇക്കാര്യത്തില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നും വിപുല്‍ മേഹ്ത്ത വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഹത്തായ കുതിപ്പിലാണ് ഇന്ത്യയെന്ന രാജ്യം. എന്നിരുന്നാലും അപായ മുന്നറിയിപ്പുകള്‍ നാം കാണാതിരുന്നു കൂടാ. യുഎസ് ഫെഡറല്‍ റിസര്‍വ്വ് നിരക്ക് നാലോ അഞ്ചോ മടങ്ങ് വര്‍ധിപ്പിക്കുകയോ എണ്ണ വില നൂറ് ഡോളറിന് മുകളിലെത്തുകയോ ചെയ്താല്‍ വളര്‍ന്നുവരുന്ന വിപണികളും അവിടങ്ങളിലെ കറന്‍സിയും നിലംപരിശാകുന്നതാണ് കാഴ്ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച രീതിയിലാണ് ഭരണനിര്‍വ്വഹണം നടത്തുന്നത്. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് അദ്ദേഹത്തിന്റെ കയ്യില്‍ മാന്ത്രിക വടിയുണ്ടെന്നും നേരം ഇരുട്ടിവെളുക്കുമ്പോള്‍ ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ രാജ്യമാക്കുമെന്നും പ്രതീക്ഷിക്കേണ്ടെന്ന് വിപുല്‍ മേഹ്ത്ത പറഞ്ഞുനിര്‍ത്തി.

Comments

comments

Categories: Business & Economy