ഫോര്‍ച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും വെയ്റ്റിംഗ് പിരീഡ് കുറയും

ഫോര്‍ച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും വെയ്റ്റിംഗ് പിരീഡ് കുറയും
വര്‍ഷം തോറും ഒരു ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കാന്‍ ശേഷിയുള്ള കര്‍ണ്ണാടക
ബിഡദിയിലെ ഒന്നാം പ്ലാന്റിന്റെ 90-95 ശതമാനം ഉല്‍പ്പാദനശേഷിയാണ് ഇപ്പോള്‍
ഉപയോഗിക്കുന്നത്

ചെന്നൈ : സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്ക്‌ളായ (എസ്‌യുവി) ഫോര്‍ച്യൂണറിന്റെയും മള്‍ട്ടി-പര്‍പ്പസ് വെഹിക്ക്‌ളായ (എംപിവി) ഇന്നോവ ക്രിസ്റ്റയുടെയും വെയ്റ്റിംഗ് പിരീഡ് കുറയ്ക്കുന്നതിന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ നടപടി സ്വീകരിക്കും. ഈ രണ്ട് മോഡലുകളുടെയും വെയ്റ്റിംഗ് പിരീഡ് കുറയ്ക്കുന്നതിന് തങ്ങളുടെ എല്ലാ ഉല്‍പ്പാദനക്ഷമതയും പുറത്തെടുക്കുകയാണെന്ന് ഡയറക്റ്ററും സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റുമായ എന്‍ രാജ വ്യക്തമാക്കി. കര്‍ണ്ണാടക ബിഡദിയിലെ ഒന്നാം പ്ലാന്റിലാണ് ഇന്നോവ ക്രിസ്റ്റയും പുതിയ ഫോര്‍ച്യൂണറും നിര്‍മ്മിക്കുന്നത്. വര്‍ഷം തോറും ഒരു ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കാന്‍ ശേഷിയുള്ള പ്ലാന്റിന്റെ 90-95 ശതമാനം ശേഷിയേ ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണ്ണാടകത്തിലെ രണ്ട് പ്ലാന്റുകളിലുമായി പ്രതിവര്‍ഷം 3.10 ലക്ഷം യൂണിറ്റാണ് ഉല്‍പ്പാദനശേഷി.

നിലവില്‍ പുതിയ ഫോര്‍ച്യൂണറിന്റെ വെയ്റ്റിംഗ് പിരീഡ് മൂന്ന് മാസമാണ്. ഉപയോക്താക്കള്‍ നേരിടുന്ന ഈ വെയ്റ്റിംഗ് പിരീഡ് കുറച്ചുകൊണ്ടുവരുന്നതിനാണ് ശ്രമിക്കുന്നതെന്ന് എന്‍ രാജ അറിയിച്ചു. ഇന്നോവ ലഭിക്കുന്നതിന് മൂന്നാഴ്ച്ച മുതല്‍ ഒരു മാസം വരെയാണ് ഉപയോക്താക്കള്‍ കാത്തിരിക്കേണ്ടത്. 2016 നവംബറില്‍ അവതരിപ്പിച്ചശേഷം 12,200 ഫോര്‍ച്യൂണറാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വിറ്റത്. 20,180 ബുക്കിംഗ് ഓര്‍ഡറുകള്‍ ലഭിച്ചിട്ടുമുണ്ട്. എന്‍ജിന്റെയും വേരിയന്റുകളുടെയും വ്യത്യാസമനുസരിച്ച് 26.66 ലക്ഷം മുതല്‍ 31.86 ലക്ഷം രൂപ വരെയാണ് ഫോര്‍ച്യൂണറിന്റെ വില.

2016 ല്‍ പുറത്തിറക്കിയശേഷം ഇതുവരെ 85,000 ഇന്നോവ ക്രിസ്റ്റയാണ് കമ്പനി വിറ്റത്. മള്‍ട്ടി-പര്‍പ്പസ് വാഹന സെഗ്‌മെന്റില്‍ ഇന്നോവ ക്രിസ്റ്റ സുപ്രധാന നാഴികകല്ല് പിന്നിട്ടതായി രാജ പറഞ്ഞു. എന്‍ജിന്‍-വേരിയന്റ് വ്യത്യാസമനുസരിച്ച് 14 ലക്ഷം മുതല്‍ 21 ലക്ഷം രൂപ വരെയാണ് ഇന്നോവ ക്രിസ്റ്റയുടെ വില. ദിവസങ്ങള്‍ക്കുമുമ്പ് ടൊയോട്ട ഇന്നോവ ടൂറിംഗ് സ്‌പോര്‍ട് വിപണിയിലെത്തിച്ചിരുന്നു. എസ്‌യുവി സ്റ്റൈലിലുള്ള എംപിവിയായ ഇന്നോവ ടൂറിംഗ് സ്‌പോര്‍ട് ഡൈനാമിക് എക്‌സ്റ്റീരിയര്‍ ഡിസൈന്‍, സ്‌പോര്‍ടി ഇന്റീരിയര്‍ എന്നിവയാലാണ് ശ്രദ്ധിക്കപ്പെടുന്നത്.

Comments

comments

Categories: Auto