ഉപയോഗിക്കാത്ത ഭൂമി വരുമാന വര്‍ധനയ്ക്ക്

ഉപയോഗിക്കാത്ത ഭൂമി വരുമാന വര്‍ധനയ്ക്ക്
മിച്ചഭൂമി ഉപയോഗത്തിലൂടെ സജീവമാക്കാം ഇന്ത്യന്‍ തൊഴില്‍രംഗം

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി തിരിച്ചുപിടിക്കുകയും കൃത്യമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ സമഗ്രവികസനം നേടാനാകും എന്ന് കണ്ടെത്തലുകള്‍. രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഏക്കര്‍ കണക്കിനു പാഴ് ഭൂമിയാണ് ഉള്ളത്. മിച്ചഭൂമി ഉപയോഗപ്പെടുത്തി നൂതനപദ്ധതികള്‍ തയ്യാറാക്കി ഇന്ത്യയുടെ തൊഴില്‍രംഗം സജീവമാക്കാന്‍ സാധിക്കും. ഇന്ത്യയില്‍ ഭൂമി സമൃദ്ധമായുണ്ട്. എന്നാല്‍ ആവശ്യത്തിനു ഭൂമിയില്ലെന്നു ഭാവിക്കുന്നവരാണ് നമ്മള്‍. ഇതുപോലുള്ള ധാരണകള്‍ എല്ലാവരുടെയും മനസില്‍ ഉണ്ടെങ്കിലും വളരെ കുറഞ്ഞവിലയ്ക്ക് കൈവശമുള്ള ഭൂമി കച്ചവടമാക്കുന്നവരാണ് പലരും.

അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കനുസരിച്ച് നമ്മുടെ സംസ്ഥാനങ്ങളില്‍ വ്യവസായ മേഖല കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് ഏകദേശം ഡെല്‍ഹിയെക്കാള്‍ മൂന്നിരട്ടിയും ഗ്രേറ്റര്‍ മുബൈയേക്കാള്‍ ഒമ്പതിരട്ടിയും വലുപ്പം ഉണ്ടെന്നാണ്. രാജ്യത്ത് നിലവിലുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളുടെയും, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളുടെയും, പ്രത്യേക സാമ്പത്തിക മേഖലകളുടെയും കണക്കുകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയുണ്ടായി. 1850- ഓളം പദ്ധതികളാണ് ഇന്ന് കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും അധീനതയിലുള്ളത്. നാല് ലക്ഷം ചതുരശ്രകിലോമീറ്റര്‍ ഭൂമിയിലാണ് ഇവയെല്ലാം വ്യാപിച്ചുകിടക്കുന്നത്.

ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ മാത്രമല്ല സര്‍ക്കാരിന്റെ കൈവശമുള്ളത്. നഗരപരിധിയിലുള്ള ഭൂമിയും വേണ്ടുവോളമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ പക്കലുള്ള ഈ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിനായുള്ള ആലോചനകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഒരേ സ്ഥലത്ത് പുനഃസ്ഥാപിക്കാനും, മന്ത്രി മന്ദിരങ്ങളും ഉന്നത ഉദ്യേഗസ്ഥരുടെ ഭവനങ്ങളും ഫഌറ്റുകളിലേക്കു മാറ്റാനുമാണ് ആലോചിക്കുന്നത്. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ആശയം മുമ്പോട്ട് വെച്ചത്. ഇത്തരത്തിലുള്ള ഭവനങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി വലിയ തുകകള്‍ ചിലവഴിക്കേണ്ട സാഹചര്യങ്ങള്‍ ഉള്ളതിനാലാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നത്.

ഡെല്‍ഹി പോലുള്ള കണ്ണായ ഭൂമിയില്‍ കോടിക്കണക്കിന് രൂപ വിലയുള്ള ഭൂമിയിലാണ് മന്ത്രിമാരുടെ ബംഗ്ലാവുകളും മറ്റ് ഓഫീസുകളും സ്ഥിതിചെയ്യുന്നത്. എംപിമാരും, മുതിര്‍ന്ന ആര്‍മി ഓഫീസര്‍മാരും താമസിച്ചുവരുന്ന ലുത്‌യെന്‍സ് ബംഗ്ലാവ് മേഖലയില്‍ കഴിഞ്ഞയിടെ അസമിലുള്ള ഒരു തേയില ഫാക്റ്ററിയുടെ അധീനതയിലുള്ള ബംഗ്ലാവ് വില്‍ക്കാന്‍ തയാറായത് 1,100 കോടി രൂപയ്ക്കാണ്. സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്നവര്‍ ലുത്‌യെന്‍സ് ബംഗ്ലാവ് പ്രദേശത്ത് താമസിക്കാനായി എത്ര രൂപ വേണമെങ്കിലും മുടക്കുന്നതിന് തയ്യാറാണ്. ഇവിടെയുള്ള ചെറിയ വസ്തുവില്‍പ്പന പോലും 200 മുതല്‍ 300 കോടി രൂപയ്ക്കാണു നടക്കാറ്.

ഗഡ്കരി പറഞ്ഞതുപോലെ പ്രധാനമന്ത്രിയും, ചീഫ്ജസ്റ്റിസ്, സൈനിക മേധാവി മുതലായ ഉന്നതര്‍ ഒഴികെ ബാക്കിയുള്ള മന്ത്രിമാരും, എംപിമാരും, ഉദ്യോഗസ്ഥരും ബംഗ്ലാവുകള്‍ ഉപേക്ഷിച്ച് ഇവര്‍ക്കായി തീര്‍ക്കുന്ന ലക്ഷുറി ഫഌറ്റുകളിലേക്ക് താമസം മാറ്റുകയാണെങ്കില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയിലേക്ക് വലിയസംഭാവന നല്‍കാന്‍ സാധ്യമാകും. ലുത്‌യെന്‍സ് ബംഗ്ലാവ് പ്രദേശത്ത് 100 ബംഗ്ലാവുകള്‍ ശരാശരി 300-500 കോടി രൂപയ്ക്ക് വില്‍ക്കാന്‍ സാധിക്കുകയാണെങ്കില്‍ തന്നെ 30,000 മുതല്‍ 50,000 കോടി രൂപ വരെ സമാഹരിക്കാന്‍ സാധിക്കും. ഈ കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുത്താലും നല്ല വരുമാനം ലഭിക്കും എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

സര്‍ക്കാരിന്റെയും പൊതുമേഖല സ്ഥാപനങ്ങളുടെയും റെയില്‍വേയുടെയും ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും വാണിജ്യപരമായി വികസിപ്പിച്ചെടുക്കുകയോ, ലേലത്തില്‍ വില്‍ക്കപ്പെടുകയോ ചെയ്താല്‍ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലെ നിക്ഷേപത്തിനു മാത്രമല്ല, സാര്‍വലൗകികാടിസ്ഥാനത്തില്‍ പാവപ്പെട്ടവര്‍ക്ക് അടിസ്ഥാനവരുമാനം നല്‍കുന്നതിനും ഇത് ഉപകാരപ്പെടും. വ്യാവസായിക എസ്റ്റേറ്റുകളുടെ റീ മാപ്പിംഗിലൂടെ ഇവിടെയുള്ള ഭൂമി സാധ്യമായ വിധത്തില്‍ പുനര്‍ വികസിപ്പിക്കാനാകും. ഉദാഹരണത്തിന് ഒരു വ്യവസായത്തില്‍ ജോലിക്കാര്‍ക്കായി താമസിക്കാന്‍ തയ്യാറാക്കുന്ന ഭവനങ്ങള്‍ മാറ്റി ഫഌറ്റുകള്‍ നിര്‍മ്മിക്കുക. നൂറ് വീടുകള്‍ പണിയുന്ന സ്ഥലത്ത് ഒരു ഫളാറ്റ് നിര്‍മ്മിക്കുകയാണെങ്കില്‍ ബാക്കി ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധ്യമാണ്.

ഭാരതത്തില്‍ ഒരുപാട് ഭൂമി വികസനമില്ലാത്ത പല വ്യവസായങ്ങളുടെയും പക്കല്‍ അന്യാധീനപ്പെട്ട് കിടക്കുന്നുണ്ട്. ഇവയെല്ലാം തിരിച്ചുപിടിക്കുകയും മറ്റു ബിസിനസുകള്‍ക്കായി അനുവദിക്കുകയും വേണം. ഇതുമൂലം അനേകം തൊഴിലവസരങ്ങളും, വളര്‍ച്ചയും സൃഷ്ടിക്കാനാകും. കണക്കെടുപ്പില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളും ലുത്‌യെന്‍സ് ബംഗ്ലാവ് പ്രദേശവുമെല്ലാം ചെറിയൊരു ഭാഗം മാത്രമാണ്. രാജ്യത്ത് എത്രമാത്രം ഭൂമിയാണ് റെയില്‍വേയുടെ കൈവശമുള്ളത്. പ്രമുഖ പട്ടണങ്ങളിലെ കണ്ണായ സ്ഥലങ്ങള്‍ മാത്രമല്ല റെയില്‍വേ ട്രാക്കുകള്‍ കടന്നു പോകുന്ന ആയിരക്കണക്കിനു കിലോമീറ്റര്‍ സ്ഥലം റെയില്‍വേയുടേതാണ്. ഇത്തരത്തിലുള്ള ഭൂമി സൗരോര്‍ജ്ജ പദ്ധതികള്‍ പോലുള്ള പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നവയാണ്.

കെട്ടിടങ്ങള്‍ മുകളിലേക്ക് പണിയുന്നതിനൊപ്പം ഭൂമിക്കടിയിലേക്കു പണിയാനും നാം ശീലിക്കണം. ഇപ്പോള്‍ കാര്‍പാര്‍ക്കിംഗിനും മറ്റുമായി ഈ രീതി പിന്തുടരുന്നുണ്ട്. താമസത്തിനു പലരും ഈ രീതി ഉപയോഗിക്കാന്‍ മടികാണിക്കുന്നുണ്ടെങ്കിലും മികച്ച വെന്റിലേഷനും, എയര്‍കണ്ടീഷനിംഗും നല്‍കിയാല്‍ ഹോട്ടലുകളും, ഓഫീസുകളും അതിനോടനുബന്ധമായ പലതും നമുക്ക് ഇതുപോലുള്ള നിര്‍മ്മാണങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്.

സര്‍ക്കാര്‍ ഈ പദ്ധതികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍, തല്‍ഫലമായി വസ്തുക്കളുടെ വിലകുറയുകയുംചെയ്യും. എന്നാല്‍ ഇതുപോലുള്ള അവസരങ്ങളില്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ നിക്ഷേപ പിന്തുണ ഉണ്ടായിരിക്കേണ്ടതാണ്. ഇതുവഴി ബാങ്കുകള്‍ക്ക് ഉണ്ടാകുന്ന നഷ്ടം വളരെ ലളിതമാണ്, കാരണം വിലകുറഞ്ഞ ഭൂമിയുടെ ലഭ്യതയേറിയാല്‍ റിയല്‍ എസ്റ്റേറ്റ് മേഖല സജീവമാകുകയും നിരവധി ആളുകള്‍ ഭവനവായ്പക്കായി ആവശ്യപ്പെടുകയും ചെയ്യും, ഇത് ബാങ്കുകളുടെ വളര്‍ച്ചയെ സ്വാധീനിക്കും. സാധാരണക്കാരുടെ ഉയര്‍ച്ചയിലൂടെ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ വളര്‍ച്ച സാധ്യമാകുകയുള്ളു. സാധാരണ ജനങ്ങള്‍ വളര്‍ച്ച കൈവരിക്കുമ്പോള്‍ രാജ്യം പത്ത് ശതമാനത്തില്‍ അധികം വളര്‍ച്ച കൈവരിക്കും അതുപോലെ തന്നെ ഒരുപാട് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

Comments

comments

Categories: Business & Economy