വിജയ് മല്യ കുറ്റക്കാരന്‍; ജൂലൈ 10ന് നേരിട്ട് ഹാജരാകണം

വിജയ് മല്യ കുറ്റക്കാരന്‍; ജൂലൈ 10ന് നേരിട്ട് ഹാജരാകണം

ദില്ലി: കോടതിയലക്ഷ്യക്കേസില്‍ മദ്യരാജാവ് വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീംകോടതി. ജൂലൈ 10ന് വിജയ് മല്യ നേരിട്ട് ഹാജരാകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മല്യക്കെതിരെ ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് മല്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്ത വിജയ് മല്യയെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ ബ്രിട്ടനുമേല്‍ ഇന്ത്യ സമ്മര്‍ദം തുടരുന്നതിനിടെയാണ് കോടതിയലക്ഷ്യക്കേസില്‍ മല്യക്കെതിരായ സുപ്രീംകോടതി നടപടി. കോടതിയലക്ഷ്യക്കേസില്‍ ആറുമാസം തടവാണ് പരമാവധി ശിക്ഷ. കേന്ദ്രസര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന വിജയ് മല്യയുടെ വാദം സുപ്രീം കോടതി തള്ളി. ജുഡീഷ്യല്‍ സംവിധാനത്തെ വിജയ് മല്യ മന:പൂര്‍വ്വം പരിഹസിക്കുകയായിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയാഗിയോയില്‍ നിന്ന് 40 മില്യണ്‍ ഡോളര്‍ കൈപ്പറ്റിയ ശേഷം മക്കളുടെ എക്കൗണ്ടിലേക്ക് പണം മാറ്റിയതിനെതിരെയാണ് എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകള്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത ശേഷം ലണ്ടനിലേക്ക് കടന്ന വിജയ് മല്യ പണം കൈമാറിയത് ട്രൈബ്യൂണലിന്റെയും കര്‍ണാടക ഹൈക്കോടതിയുടെയും ഉത്തരവ് ലംഘിച്ചാണെന്ന ഹര്‍ജി കോടതി അംഗീകരിച്ചു.

Comments

comments

Categories: Top Stories

Related Articles