ഒഎന്‍ജിസി വിദേശിന്റെ ഉല്‍പ്പാദനം 12.57 മില്ല്യണ്‍ ടണ്ണിലെത്തി

ഒഎന്‍ജിസി വിദേശിന്റെ ഉല്‍പ്പാദനം 12.57 മില്ല്യണ്‍ ടണ്ണിലെത്തി
റഷ്യയിലെ വാങ്കര്‍ ഓയില്‍ ഫീല്‍ഡിന്റെ 26 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതോടെ
2016-17ല്‍ ഉല്‍പ്പാദനം കുതിച്ചു

ന്യൂഡെല്‍ഹി: പൊതുമേഖല എണ്ണക്കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) വിദേശ ശാഖ ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് (ഒവിഎല്‍) 2016-17 കാലയളവില്‍ 12.57 മില്ല്യണ്‍ ടണ്ണിന്റെ ക്രൂഡ് ഓയിലിന്റെയും തുല്യമായ ഗ്യാസിന്റെയും ഉല്‍പ്പാദനം നടത്തിയെന്ന് കണക്കുകള്‍. 2015-16 കാലയളവില്‍ 8.92 മില്ല്യണ്‍ ടണ്‍ ഓയിലും തുല്യമായ ഗ്യാസുമാണ് കമ്പനി ഉല്‍പ്പാദിപ്പിച്ചതെന്ന് ഒവിഎല്ലിന്റെ മാനേജിംഗ് ഡയറക്റ്റര്‍ നരേന്ദ്ര കെ വെര്‍മ പറഞ്ഞു. ഒവിഎല്ലിന് വരുംകാലത്ത് ഉല്‍പ്പാദന വര്‍ധന ലഭ്യമാകുന്നത് കൊളംബിയയില്‍ നിന്നായിരിക്കും. കമ്പനി അവിടെ സുപ്രധാനമായ എണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെന്നും വെര്‍മ വ്യക്തമാക്കി.

1965ല്‍ ഇറാനിലാണ് ഒഎന്‍ജിസി വിദേശ് എന്ന സംരംഭം തുടങ്ങിയത്. 2010-11 കാലയളവിലെ 9.45 മില്ല്യണ്‍ ടണ്ണായിരുന്നു ഒവിഎല്ലിന്റെ ഇതിനു മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനം. എന്നാല്‍ റഷ്യയിലെ വാങ്കര്‍ ഓയില്‍ ഫീല്‍ഡിന്റെ 26 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതോടെ 2016-17ല്‍ ഉല്‍പ്പാദനം കുതിച്ചു. 2017-18 ധനകാര്യ വര്‍ഷത്തില്‍ കമ്പനി 14.37 മില്ല്യണ്‍ ടണ്ണിന്റെ എണ്ണ, എണ്ണയ്ക്ക് തുല്യമായ ഗ്യാസ് ഉല്‍പ്പാദനം ലക്ഷ്യമിടുന്നുണ്ട്.

ഈ സാമ്പത്തിക വര്‍ഷം വാങ്കറില്‍ നിന്നുള്ള ഒവിഎല്ലിന്റെ എണ്ണ വിഹിതം 7.3 മില്ല്യണ്‍ ടണ്ണാകും. ഒവിഎല്ലിന്റെ 26 ശതമാനം ഓഹരിയ്ക്ക് പുറമെ, ഓയില്‍ ഇന്ത്യ ലിമിറ്റഡ് (ഒഐഎല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോറിസോഴ്‌സസ് ലിമിറ്റഡ് (ബിപിആര്‍എല്‍) എന്നിവയുടെ കണ്‍സോര്‍ഷ്യവും 2.02 ബില്ല്യണ്‍ ഡോളര്‍ ചെലവിട്ട് വാങ്കറില്‍ നിന്ന് 23.9 ശതമാനം ഓഹരികള്‍ ഏറ്റെടുത്തിരുന്നു. ഇവയ്ക്ക് 6.56 മില്ല്യണ്‍ ടണ്‍ ഓയില്‍ വാങ്കര്‍ നല്‍കണം.

പ്രതിദിനം ഏതാണ്ട് 4,10,000 ബാരല്‍ ക്രൂഡ് ഓയിലാണ് വാങ്കര്‍ എണ്ണപ്പാടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതില്‍ ഏകദേശം 1,07,000 ബാരല്‍ ഒവിഎല്ലിന് നല്‍കും. നടപ്പു സാമ്പത്തിക വര്‍ഷം പുതിയ ഖനികള്‍ കുഴിയ്ക്കുന്നതിനും റഷ്യ മുതല്‍ വെനസ്വേല വരെയുള്ള ഉല്‍പ്പാദന സൗകര്യങ്ങള്‍ അധികമാക്കുന്നതിനുംവേണ്ടി ഒരു ബില്ല്യണ്‍ ഡോളര്‍ ചെലവിടാന്‍ ഒവിഎല്‍ പദ്ധതിയിട്ടുവരുന്നു. കമ്പനിയുടെ വിദേശത്തുള്ള ആസ്തിയില്‍ 633 മില്ല്യണ്‍ ടണ്ണിന്റെ ഓയില്‍, ഓയിലിനു തുല്യമായ ഗ്യാസ് ശേഖരമുണ്ട്. വാങ്കറിലെ ഏറ്റെടുക്കലിലൂടെ 72.58 മില്ല്യണ്‍ ടണ്‍ ഓയിലും ഓയിലിനു തുല്യമായ ഗ്യാസും 51.96 മില്ല്യണ്‍ ടണ്ണിന്റെ കരുതല്‍ ശേഖരവും കമ്പനിക്ക് കൈവരുകയും ചെയ്തു.

Comments

comments

Categories: Business & Economy, World

Related Articles