മോദി മാജിക്: വരുന്നു, 1.3 ട്രില്ല്യണ്‍ ഡോളര്‍ ഹൗസിംഗ് ബൂം

മോദി മാജിക്: വരുന്നു, 1.3 ട്രില്ല്യണ്‍ ഡോളര്‍ ഹൗസിംഗ് ബൂം
1.3 ബില്ല്യണ്‍ പേര്‍ക്ക് വീടുകള്‍ ലഭ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
പദ്ധതിയിലൂടെ റിയല്‍റ്റി മേഖലയില്‍ വരാനിരിക്കുന്നത് വന്‍കുതിപ്പ്

ന്യൂഡെല്‍ഹി: രാജ്യത്തെ 1.3 ബില്യണ്‍ ജനങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കുന്നതിനുള്ള നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്. ഇതിനോടൊപ്പം അടുത്ത രണ്ട് ദശകത്തിനുള്ളിലുണ്ടാകുന്ന വരുമാനത്തിലെ വര്‍ധനവും മറ്റ് അനുബന്ധ ഘടകങ്ങളും കൂടി ഒരുക്കുന്നത് ഹൗസിംഗ് മേഖലയില്‍ വലിയ നിക്ഷേപമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഭവന മേഖലയില്‍ 1.3 ട്രില്യണ്‍ ഡോളറിന്റെ വന്‍ നിക്ഷേപം ഉണ്ടാകുമെന്നാണ് സിഎല്‍എസ്എ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പഠനം പറയുന്നത്.

2018 നും 2024 നും ഇടയില്‍ 60 മില്യണ്‍ പുതിയ വീടുകള്‍ നിര്‍മിക്കും. ഇത് പ്രതിവര്‍ഷം 2 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് 75 ബേസിസ് പോയിന്റുകള്‍ സംഭാവന ചെയ്യുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. 2024 ആകുമ്പോഴേക്കും അഫോഡബിള്‍ ഹൗസിംഗ് മേഖല(സാമൂഹികവും താങ്ങാനാവുന്നതുമായ പാര്‍പ്പിടങ്ങള്‍) യില്‍ 70 ശതമാനം വര്‍ധനവുണ്ടാകും. ഇത്തരത്തിലുള്ള ഭവനങ്ങളുടെ എണ്ണം 10.5 മില്യണാകുമെന്നും പ്രീമിയം വിപണിയില്‍ 33 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഭവനനിര്‍മ്മാണ മേഖല ഒരു വലിയ കുതിച്ചുചാട്ടത്തിലാണെന്നും സാമ്പത്തിക വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലെ പ്രധാന ഘടകം ഇതായിരിക്കുമെന്നും മുംബൈയിലെ അനലിസ്റ്റായ മഹേഷ് നന്ദദോക്കര്‍ പറയുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് അഫോഡബിള്‍ ഹൗസിംഗ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന ദൗത്യത്തിലാണ് മോദി. ഈ രംഗത്തെ ബില്‍ഡര്‍മാര്‍ക്ക് ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്റ്റാറ്റസ് നല്‍കിയിരുന്നു. രാജ്യത്താകമാനം 20 മില്യണ്‍ ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാവര്‍ക്കും വീട് പദ്ധതി 2015 ജൂണില്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ പദ്ധതിയുടെ കീഴില്‍ ഭവന വായ്പകള്‍ക്കുള്ള ഇളവുകളും പലിശ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു-സിഎല്‍എസ്എ റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്ത് സാമ്പത്തിക ക്രയവിക്രയത്തിലുള്ള പണത്തിന്റെ 86 ശതമാനവും വരുന്ന 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാന്‍ കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രിയെടുത്ത തീരുമാനം ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന് കടുത്ത വെല്ലുവിളികളാണ് ഉയര്‍ത്തിത്. നോട്ട് അസാധുവാക്കലിന് മുന്‍പ് താങ്ങാനാവുന്ന ഭവനവല്‍ക്കരണം വേഗത്തിലുള്ള വളര്‍ച്ചയിലായിരുന്നു. എന്നാല്‍ പിന്നീട് മൊത്തത്തിലുള്ള വിപണി തട്ടിപ്പിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി.

റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ കള്ളനാണയങ്ങളെ തുറന്നുകാട്ടാന്‍ ഉപകരിക്കുന്നതാണ് മേഖലയില്‍ അടുത്തിടെ നിലവില്‍ വന്ന പരിഷ്‌കരണങ്ങള്‍ എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മേയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം നിര്‍മ്മാണ കമ്പനികള്‍ വില്‍പ്പന തുകയുടെ 70 ശതമാനം പാര്‍പ്പിട പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ ഉപയോഗിക്കണം. എല്ലാ അപ്രൂവലുകളും ലഭിക്കുന്നതിന് മുന്‍പ് ഇനി അപാര്‍ട്ട്‌മെന്റുകള്‍ വില്‍ക്കാന്‍ അനുവദിക്കില്ല. നിയമം തെറ്റിക്കുന്നവരെ 3 വര്‍ഷം വരെ ജയിലിലടയ്ക്കും. മേഖല വീണ്ടും ഉണര്‍വിലേക്ക് എത്തുന്നതായാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

Comments

comments

Categories: Top Stories

Related Articles