പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയില്‍ ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കും

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയില്‍ ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കും
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം 2,000
ഏക്കര്‍ സ്ഥലമാണ് ഉള്ളത്

ന്യൂ ഡെല്‍ഹി : നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമി ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ക്ക് ഉപയോഗിക്കും. സ്ഥലം ആരും ലേലം കൊണ്ടില്ലെങ്കില്‍ ഇത്തരത്തില്‍ വിനിയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം 2,000 ഏക്കര്‍ സ്ഥലമാണ് ഉള്ളത്. പൊതുമേഖലാ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എന്‍ബിസിസി ഇന്ത്യാ ലിമിറ്റഡാണ് ഇത്രയും സ്ഥലം ലേലം ചെയ്യാനുള്ള നടപടി സ്വീകരിക്കുന്നത്. ഹിന്ദുസ്ഥാന്‍ കേബിള്‍സ് ലിമിറ്റഡ്, ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, എച്ച്എംടി ബെയറിംഗ് ലിമിറ്റഡ്, എച്ച്എംടി വാച്ചസ് ലിമിറ്റഡ്, തുംഗഭദ്ര സ്റ്റീല്‍ പ്രൊഡക്റ്റ്‌സ് എന്നിവയാണ് അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍.

സംസ്ഥാന സര്‍ക്കാരുകളോ പൊതുമേഖലാ സ്ഥാപനങ്ങളോ സ്ഥലത്തിനായി രംഗത്തുവരുന്നില്ലെങ്കില്‍ സ്വകാര്യ കമ്പനികള്‍ക്ക് ലേലം ചെയ്യുന്നതിന് പകരം ഇവിടങ്ങളില്‍ ചെലവ് കുറഞ്ഞ ഭവന പദ്ധതികള്‍ തുടങ്ങുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സ്ഥലം പരമാവധി വിനിയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന് മുന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ക്കായി സ്ഥലം ഉപയോഗപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമുണ്ടോയെന്ന് എന്‍ബിസിസി പ്രത്യേകം ആരായുന്നതായി ചെയര്‍മാന്‍ അനൂപ് കുമാര്‍ മിത്തല്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥലങ്ങള്‍ ഭവന പദ്ധതികള്‍ക്കായി വിനിയോഗിക്കാന്‍ തയ്യാറാണെങ്കില്‍ എന്‍ബിസിസി പൂര്‍ണ്ണമായി സഹായിക്കും. ചില സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് അനൂപ് കുമാര്‍ മിത്തല്‍ വ്യക്തമാക്കി.

വരും മാസങ്ങളില്‍ ആറ് പൊതുമേഖലാ സ്ഥാപനങ്ങള്‍കൂടി തങ്ങളുടെ കീഴിലെ സ്ഥലം വില്‍ക്കുന്നതിന് തയ്യാറാവുമെന്ന് മിത്തല്‍ പറഞ്ഞു. സ്ഥലത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചതായും അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Business & Economy