2018-2019ല്‍ ഇന്ത്യ 7.7% വളര്‍ച്ച കൈവരിക്കും: ഐഎംഎഫ്

2018-2019ല്‍  ഇന്ത്യ 7.7% വളര്‍ച്ച കൈവരിക്കും: ഐഎംഎഫ്
വ്യാവസായിക ശേഷി ഉപയോഗപ്പെടുത്തുന്നതില്‍ പുരോഗതിയുണ്ടാകുമെങ്കിലും നിക്ഷേപം
വീണ്ടെടുക്കുന്നതില്‍ മാന്ദ്യം തുടരും

വാഷിംഗ്ടണ്‍: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയം ഇന്ത്യന്‍ സമ്പദ്ഘടനയിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ക്കു ശേഷം നടപ്പു സാമ്പത്തിക വര്‍ഷം (2017-2018) ഇന്ത്യ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും, 2018-2019 സാമ്പത്തിക വര്‍ഷം വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.7 ശതമാനത്തിലേക്ക് കുതിക്കുമെന്നും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ പുതിയ റിപ്പോര്‍ട്ട്. വിപണിയുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഘടനാപരമായ പ്രതിസന്ധികള്‍ നീക്കം ചെയ്യണമെന്നും ഐഎംഎഫ് നിര്‍ദേശിച്ചു.

കറന്‍സി വിനിമയ പരിഷ്‌കരണത്തോടൊപ്പം രാജ്യത്ത് ഉടലെടുത്ത നോട്ട് ക്ഷാമം സൃഷ്ടിക്കുന്ന താല്‍ക്കാലിക തടസങ്ങള്‍ 2017ല്‍ ക്രമാനുഗതമായി കുറയുമെന്നാണ് ഐഎംഎഫ് തങ്ങളുടെ റീജണല്‍ ഇക്കണോമിക് ഔട്ട്‌ലുക്കില്‍ വ്യക്തമാക്കുന്നത്. വിനിമയത്തിലുള്ള 86 ശതമാനം നോട്ടുകളും പെട്ടെന്ന് അപ്രത്യക്ഷമാക്കികൊണ്ടുള്ള സാമ്പത്തിക പരിഷ്‌കരണം സ്വാകര്യ ഉപഭോഗത്തില്‍ കാര്യമായി പ്രതിഫിലിച്ചിരുന്നു. ഇത് സാധരണനിലയിലേക്ക് തിരികെ എത്തിക്കാന്‍ നടപ്പുവര്‍ഷം സാധിച്ചേക്കുമെന്ന പ്രതീക്ഷയാണ് ഐഎംഎഫ് പങ്കുവെക്കുന്നത്.

അനുകൂലമായ കാലവര്‍ഷം നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച തടസങ്ങള്‍ അകറ്റുന്നതിന് സഹായിക്കുമെന്നും വിതരണ രംഗത്തുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പുരോഗതി കൈവരിക്കുമെന്നും ഐഎംഎഫ് വിശദീകരിച്ചു. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് കടബാധ്യതയുടെ തോത് കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടരും. വ്യാവസായിക ശേഷി ഉപയോഗപ്പെടുത്തുന്നതില്‍ പുരോഗതിയുണ്ടാകുമെങ്കിലും നിക്ഷേപം വീണ്ടെടുക്കുന്നതില്‍ മാന്ദ്യം തുടരുമെന്നുമാണ് ഐഎംഎഫിന്റെ നിരീക്ഷണം.

ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഇടക്കാലത്തേക്ക് വായ്പാ വളര്‍ച്ചയില്‍ പ്രതിഫലിക്കുമെന്നാണ് ഐഎംഎഫ് പറയുന്നത്. ധനപരമായ ഏകീകരണവും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നയങ്ങളും സാമ്പത്തിക ആത്മവിശ്വാസം നിലനിര്‍ത്തുമെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് പ്രകാരം 2016ലെ 5.3 ശതമാനത്തില്‍ നിന്നും 2017ല്‍ ഏഷ്യ 5.5 ശതമാനം വളര്‍ച്ച അടയാളപ്പെടുത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒക്‌റ്റോബറിലെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കിനെ അപേക്ഷിച്ച് 2017ലെ ചൈനയുടെയും ജപ്പാന്റെയും വളര്‍ച്ചാ നിരക്ക് ഉയരുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ഇന്ത്യയുടെ കാര്യത്തില്‍ കാര്‍ഷിക രംഗത്ത് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് തുടര്‍ന്നും വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് കണ്ടെത്തല്‍. കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ഐഎംഎഫ് നിര്‍ദേശിച്ചു.

Comments

comments

Categories: Top Stories