ഇപിഎഫ് വരുമാനത്തില്‍ മാറ്റമുണ്ടായേക്കില്ല: ബന്ദാരു ദത്താത്രേയ

ഇപിഎഫ് വരുമാനത്തില്‍  മാറ്റമുണ്ടായേക്കില്ല: ബന്ദാരു ദത്താത്രേയ

ന്യൂഡെല്‍ഹി: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിന് നടപ്പു സാമ്പത്തിക വര്‍ഷത്തിലും 8.65 ശതമാനം വരുമാനം ലഭിച്ചേക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ. ഈ സാമ്പത്തിക വര്‍ഷത്തെ പലിശ നിരക്കിനെക്കുറിച്ച് പ്രതിപാദിക്കുക വളരെ പ്രയാസകരമാണ്. എന്നാല്‍ 8.65 ശതമാനം വരുമാനം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദത്താത്രേയ പറഞ്ഞു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) ഉന്നതതല സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ (സിബിടി) തലവന്‍ കൂടിയാണ് അദ്ദേഹം.

പിപിഎഫ്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്‌സ്, കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പോലുള്ള കടപ്പത്രങ്ങള്‍ക്ക് ധനകാര്യ മന്ത്രാലയം പലിശ നിരക്ക് കുറച്ചിട്ടുണ്ട്. 2015-16 ല്‍ തന്നെ 8.8 ശതമാനം പലിശ നല്‍കാന്‍ സിബിടി തീരുമാനമെടുക്കുകയുണ്ടായി. പക്ഷേ, ധന മന്ത്രാലയം ഇത് 8.7 ശതമാനമാക്കി കുറച്ചു. എന്നാല്‍ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പലിശ നിരക്ക് 8.8 ശതമാനമാക്കി നിജപ്പെടുത്തുകയായിരുന്നു.

നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ വീഴ്ചയുണ്ടാകുന്നതിനെ തുടര്‍ന്ന് ഇപിഎഫ്ഒയുടെ നീക്കിയിരുപ്പ് ഓരോ വര്‍ഷവും കുറയുന്നതില്‍ ധനകാര്യ മന്ത്രാലയത്തിന് ആശങ്കയുണ്ട്. 2015-16ല്‍ 8.8 ശതമാനം വരുമാനം വിതരണം ചെയ്തതിന് ശേഷം ഇപിഎഫ്ഒയ്ക്ക് 409 കോടി രൂപ മാത്രമേ നീക്കിയിരിപ്പുണ്ടായിരുന്നുള്ളു. മുന്‍ വര്‍ഷമിത് 1,640 കോടി രൂപയായിരുന്നു.

Comments

comments

Categories: Business & Economy