ഇന്‍ഷുറന്‍സ് വിതരണം: ഡിബിഎസ് ലേല നടപടികളിലേക്ക്

ഇന്‍ഷുറന്‍സ് വിതരണം:  ഡിബിഎസ് ലേല നടപടികളിലേക്ക്
പതിനഞ്ച് വര്‍ഷത്തേക്കുള്ള ഇന്‍ഷുറന്‍സ് വിതരണ കരാറിന് 350 മില്ല്യണ്‍ ഡോളര്‍ മൂല്യം
കണക്കാക്കുന്നു

ന്യൂഡെല്‍ഹി: ബഹുരാഷ്ട്ര ബാങ്കിംഗ്, ധനകാര്യ സേവന സ്ഥാപനമായ ഡിബിഎസ് ഗ്രൂപ്പ് നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് വിതരണത്തിന് ലേലം നടത്താന്‍ നീക്കമിടുന്നു. തെക്ക് കിഴക്കന്‍ ഏഷ്യയിലെ പ്രധാന വിപണികളില്‍ ജനറല്‍ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ വില്‍ക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കരാര്‍ നല്‍കാനാണ് ഡിബിഎസിന്റെ പദ്ധതി. ഇന്‍ഷുറന്‍സ് കമ്പനികളുടെ ആകര്‍ഷണീയതയിലുണ്ടാകുന്ന ഉയര്‍ച്ച അടിവരയിടുന്നതാണ് ഈ നീക്കം. പ്രോപ്പര്‍ട്ടി, മോട്ടോര്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നിവയുടെ ആവശ്യകത സൃഷ്ടിക്കുന്നതിലൂടെ വരുമാനം വര്‍ധിപ്പിച്ച് ബിസിനസ് മെച്ചപ്പെടുത്താന്‍ വലിയ അവസരം കാണുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്റ്റാന്‍ഡേഡ് ചാര്‍ട്ടേര്‍ഡ്, സിഐഎംബി ഗ്രൂപ്പ് പോലുള്ള ബാങ്കുകള്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നുണ്ട്.

2005 മുതല്‍ ഡിബിഎസിന് ജാപ്പനീസ് ഗ്രൂപ്പായ എംഎസ്ആന്‍ഡ്എഡി ഇന്‍ഷുറന്‍സ് ഗ്രൂപ്പ് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്റെ സഹകമ്പനികളുമായി പങ്കാളിത്തമുണ്ട്. അടുത്തമാസം ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ബിഡ്ഡുകള്‍ ക്ഷണിക്കാന്‍ ഡിബിഎസിന് ആലോചനയുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കമ്പനി തയാറായിട്ടില്ല. 15 വര്‍ഷത്തേക്കുള്ള ഇന്‍ഷുറന്‍സ് വിതരണ കരാറിന് 350 മില്ല്യണ്‍ ഡോളറാണ് മൂല്യം കണക്കാക്കുന്നതെന്ന് ഇതുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ ലേലം വിളിക്കുന്നവരുടെ വില്‍പ്പന അനുമാനങ്ങളും കരാറിന്റെ ഘടനയും അനുസരിച്ച് തുക വ്യത്യാസപ്പെടും. കരാറിനായി ഒന്നോ, രണ്ടോ ഇന്‍ഷുറന്‍സ് പങ്കാളികളെ നേടാനാകുമെന്നാണ് ഡിബിഎസ് പ്രതീക്ഷിക്കുന്നത്. സിംഗപ്പൂര്‍, ഹോങ്കോംഗ്, ഇന്തോനേഷ്യ, ഇന്ത്യ, തായ്‌വാന്‍ തുടങ്ങി കമ്പനിയുടെ പ്രധാന വിപണികളെ ഉള്‍ക്കൊള്ളാന്‍ കരാറിന് കഴിയും.

എംഎസ്ആന്‍ഡ്എഡിയുടെ യൂണിറ്റ് ലേലത്തില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതുകൂടാതെ ഫ്രാന്‍സിലെ എഎക്‌സ്എ, ഇറ്റലിയിലെ ജനറലി, ഓസ്‌ട്രേലിയയിലെ ക്യുബിഇ ഇന്‍ഷുറന്‍സ് ഗ്രൂപ്പ് ലിമിറ്റഡ് എന്നിവയും ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അറിയുന്നു. പതിനെട്ട് വിപണികളില്‍ വ്യാപിച്ച് കിടക്കുന്ന കണ്‍സ്യൂമര്‍, ബാങ്കിംഗ്, വെല്‍ത്ത് മാനേജ്‌മെന്റ് ബിസിനസുകളിലായി ഡിബിഎസിന് ഏഴ് മില്ല്യണിലധികം ഉപഭോക്താക്കളുണ്ട്. ബിസിനസുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ഡിബിഎസ് ഗ്രൂപ്പ് കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചിരുന്നു.

Comments

comments

Categories: Business & Economy

Related Articles