ചെറു റൂട്ടുകളിലെ നിരക്കില്‍ വന്‍ ഇളവിനൊരുങ്ങി വിമാനക്കമ്പനികള്‍

ചെറു റൂട്ടുകളിലെ നിരക്കില്‍ വന്‍ ഇളവിനൊരുങ്ങി വിമാനക്കമ്പനികള്‍
899 രൂപയ്ക്ക് താഴെയുള്ള ടിക്കറ്റ് നിരക്ക് വരെ ഇന്‍ഡിഗോ മുന്നില്‍വയ്ക്കുന്നു

മുംബൈ: ജൂണ്‍- ഓഗസ്റ്റ് കാലയളവില്‍ ചെറിയ റൂട്ടുകളിലെ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് നല്‍കാന്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ തയാറെടുക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ശരാശരി വിമാന ടിക്കറ്റ് നിരക്കില്‍ ഏകദേശം 15 ശതമാനം വരെ വര്‍ധനയുണ്ടായിരുന്നു. അതിനു പിന്നാലെയാണ് എയര്‍ലൈനുകളുടെ യാത്ര സൗഹൃദ നീക്കം.

ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോയാണ് യാത്രക്കാര്‍ക്ക് കാര്യമായ നിരക്കിളവ് നല്‍കാനൊരുങ്ങുന്നത്. 899 രൂപയ്ക്ക് താഴെയുള്ള ടിക്കറ്റ് നിരക്ക് വരെ ഇന്‍ഡിഗോ മുന്നില്‍വയ്ക്കുന്നു. ചെറിയ റൂട്ടുകളില്‍ ഇത്തരത്തിലെ ടിക്കറ്റ് ഇളവുകള്‍ പ്രധാനമായും ലഭ്യമാകും. ഉദാഹരണത്തിന്, അഗര്‍ത്തല-കൊല്‍ക്കത്ത വിമാന ടിക്കറ്റ് 1,599 രൂപയ്ക്ക് വാങ്ങാന്‍ കഴിയും. അഹമ്മദാബാദ്- മുംബൈ ടിക്കറ്റ് 1,299 രൂപയ്ക്കും ബാഗ്‌ഡോഗ്ര-ഗുവഹാത്തി ടിക്കറ്റ് 899 രൂപയ്ക്കും ലഭ്യമാകും.

ഇന്‍ഡിഗോയുടെ എതിരാളികളായ സ്‌പൈസ്‌ജെറ്റും 1,189 രൂപയ്ക്ക് ഡെല്‍ഹി- ജയ്പൂര്‍ യാത്രയും 1,642 രൂപയ്ക്ക് മുംബൈ-അഹമ്മദാബാദ് യാത്രയും ഓഫര്‍ ചെയ്യുന്നുണ്ട്. അഹമ്മദാബാദ്-പൂനെ യാത്രയ്ക്ക് 1,699 രൂപയുടെയും ഡെല്‍ഹി- ജമ്മു യാത്രയ്ക്ക് 1,950 രൂപയുടെയും ടിക്കറ്റ് നിരക്കുകള്‍ ഗോഎയറും അവതരിപ്പിച്ചു.

കുറച്ച് മാസങ്ങള്‍ക്ക് ശേഷമേ നിരക്കിളവ് പ്രാബല്യത്തില്‍ വരുകയുള്ളൂ. എന്നാല്‍ ബുക്കിംഗില്‍ ഇതിനകം തന്നെ വര്‍ധന കാണുന്നുണ്ടെന്ന് ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ യാത്രഡോട്ട്‌കോമിന്റെ പ്രസിഡന്റ് ശരത് ധാല്‍ പറഞ്ഞു. വേനലവധിക്കാലം അവസാനിക്കുന്നതോടെ പ്രത്യേകിച്ച് ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ ടിക്കറ്റ് ആവശ്യകത വര്‍ധിപ്പിക്കുന്നതിന് വ്യോമയാന കമ്പനികള്‍ മികച്ച ശ്രമം നടത്തുന്നുണ്ട്- ധാല്‍ ചൂണ്ടിക്കാട്ടി.
ഇന്ധന വില വര്‍ധനവും മറ്റും കാരണമാണ് ഈ വര്‍ഷം തുടക്കത്തില്‍ യാത്രാ നിരക്ക് ഉയര്‍ത്താന്‍ വിമാനക്കമ്പനികള്‍ പ്രേരിതരായത്.

Comments

comments

Categories: Business & Economy