നാനോ മാതൃകയില്‍ ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് കാര്‍ പുറത്തിറക്കും

നാനോ മാതൃകയില്‍ ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് കാര്‍ പുറത്തിറക്കും
ടാമോ ബ്രാന്‍ഡിലായിരിക്കും പുതിയ ഹാച്ച്ബാക്ക് വിപണിയിലെത്തിക്കുന്നത്

ന്യൂ ഡെല്‍ഹി : ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ മോട്ടോഴ്‌സ് പുതിയ മോഫ്‌ളെക്‌സ് മള്‍ട്ടി-മെറ്റീരിയല്‍ സാന്‍ഡ്‌വിച്ച് (എംഎംഎസ്) പ്ലാറ്റ്‌ഫോമില്‍ ‘റേസ്‌മോ’ അനാവരണം ചെയ്തിരുന്നു. ഇതേ പ്ലാറ്റ്‌ഫോമില്‍ പുതിയ ഹാച്ച്ബാക്ക് അവതരിപ്പിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. ടാമോ ബ്രാന്‍ഡിലായിരിക്കും ടാറ്റ മോട്ടോഴ്‌സ് പുതിയ ഹാച്ച്ബാക്ക് വിപണിയിലെത്തിക്കുന്നത്. ഇലക്ട്രിക് പവര്‍ട്രെയ്‌നില്‍ വരുന്ന ഹാച്ച്ബാക്കിന്റെ വീല്‍ബേസ് ചെറുതായിരിക്കും.

നാനോ കാറിന് സമാനമായി ഇലക്ട്രിക് പവര്‍ട്രെയ്‌നോടെ ടാറ്റ മോട്ടോഴ്‌സ് പുതിയ കാര്‍ അവതരിപ്പിക്കുമെന്ന് ഓട്ടോകാര്‍ മാസികയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗര പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ റേഞ്ച് നല്‍കുംവിധം ലിഥിയം-അയണ്‍ ബാറ്ററി പാക്ക് ഈ കാറിന് കരുത്ത് പകരും. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും പുതിയ ഇലക്ട്രിക് കാറിന് 5-6 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെത്തുന്നതോടെ മഹീന്ദ്ര e2o പ്ലസിന് വെല്ലുവിളിയാകും.

ടാറ്റയുടെ പുതിയ കാറിന് കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം ഇന്ത്യാ പദ്ധതിയനുസരിച്ച് വിലയില്‍ ഇളവ് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് 2015 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഫെയിം ഇന്ത്യാ പദ്ധതി അവതരിപ്പിച്ചത്. 2018 അവസാനത്തോടെ കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. തുടര്‍ന്ന് വിദേശ വിപണികളിലേക്ക് കയറ്റുമതി നടത്തിയേക്കും.

Comments

comments

Categories: Auto