ഇരുചക്ര വിപണിയില്‍ സ്‌കൂട്ടര്‍ പിടിമുറുക്കുന്നു

ഇരുചക്ര വിപണിയില്‍ സ്‌കൂട്ടര്‍ പിടിമുറുക്കുന്നു
ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായി മാറിയ ഇന്ത്യയില്‍
വില്‍ക്കുന്ന മൂന്നിലൊന്ന് ഇരുചക്ര വാഹനവും സ്‌കൂട്ടറാണ്

മുംബൈ : രാജ്യത്തെ വ്യക്തിഗത ഗതാഗത മേഖലയില്‍ സ്‌കൂട്ടറുകള്‍ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച്ച. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായി മാറിയ ഇന്ത്യയില്‍ വില്‍ക്കുന്ന മൂന്നിലൊന്ന് ഇരുചക്ര വാഹനവും സ്‌കൂട്ടറാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 25 വര്‍ഷത്തോളമായി മോട്ടോര്‍സൈക്കിളുകള്‍ക്ക് പിറകെ ഓടിയിരുന്ന സ്‌കൂട്ടറുകള്‍ ഇപ്പോള്‍ ഒപ്പം മത്സരിക്കുകയാണ്.

നഗരങ്ങളില്‍ താമസിക്കുന്നവരുടെ ഇഷ്ടപ്പെട്ട വാഹനമായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ട്രെന്‍ഡി സ്‌കൂട്ടറുകള്‍ മാറിയിട്ടുണ്ട്. രാജ്യത്തെ വലിയ മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മുംബൈ, ഡെല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളില്‍ വിറ്റുപോകുന്ന ഓരോ രണ്ടിലൊന്ന് ഇരുചക്ര വാഹനവും സ്‌കൂട്ടറാണ്. പുണെ, അഹമ്മദാബാദ്, ലക്‌നൗ നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

ഒരു സ്‌കൂട്ടര്‍ കയ്യില്‍കിട്ടുന്നതിന് മാസങ്ങളോളം കമ്പനികള്‍ക്കുമുന്നില്‍ കാത്തുനിന്ന 1980 കളെ ഓര്‍മ്മിപ്പിക്കുന്നതാണ് പുതിയ വില്‍പ്പന കണക്കുകള്‍. എന്നാല്‍ മെച്ചപ്പെട്ട ഇന്ധനക്ഷമതയുള്ള മോട്ടോര്‍സൈക്കിളുകള്‍ വന്നതോടെ 1980 കളുടെ മധ്യത്തോടെ കഥ മാറി. ഹീറോ ഗ്രൂപ്പും ജപ്പാനിലെ ഹോണ്ടയും തമ്മിലുള്ള സംയുക്ത സംരംഭം രാജ്യത്തെ വ്യക്തിഗത ഗതാഗത വിപണിയെ പരിവര്‍ത്തനത്തിന് വിധേയമാക്കിയതോടെയാണിത്. കുണ്ടും കുഴികളും നിറഞ്ഞ ഇന്ത്യയിലെ പാതകളുടെ അവസ്ഥയും വലിയ വീല്‍ബേസ് നല്‍കുന്ന സുരക്ഷിതത്വവും സ്‌കൂട്ടറുകളേക്കാള്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നതിന് കാരണമായി.

സ്‌കൂട്ടറുകളിലെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണം, മെച്ചപ്പെട്ട പാതകള്‍ എന്നിവ കൂടാതെ സ്ത്രീ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതുമെല്ലാം സ്‌കൂട്ടര്‍ വില്‍പ്പന വര്‍ധിക്കുന്നതിന് സഹായിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാത്രം രാജ്യത്തെ ഇരുചക്ര വാഹന വിപണിയിലെ സ്‌കൂട്ടറുകളുടെ പങ്കാളിത്തം 20 ശതമാനത്തില്‍നിന്ന് 33 ശതമാനമായി വര്‍ധിച്ചു. സ്‌കൂട്ടറുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചില്ലായിരുന്നെങ്കില്‍ ഇരുചക്ര വാഹന വിപണിയില്‍ നെഗറ്റീവ് വളര്‍ച്ചയായിരിക്കും സംഭവിക്കുകയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 20 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് കരസ്ഥമാക്കിയതെങ്കില്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പന ചെറിയ ഒറ്റയക്ക വളര്‍ച്ച മാത്രമാണ് നേടിയത്.

മോട്ടോര്‍സൈക്കിള്‍ വിപണിക്ക് ശക്തമായ ബദലാവുകയാണ് സ്‌കൂട്ടറുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് ഏറ്റവുമധികം വിറ്റുപോയ ഇരുചക്ര വാഹന ബ്രാന്‍ഡ് മോട്ടോര്‍സൈക്കിളല്ല, സ്‌കൂട്ടറാണ്. മികച്ച ഇന്ധനക്ഷമത നല്‍കുന്ന 100 സിസി മോട്ടോര്‍സൈക്കിളായ ഹീറോ സ്‌പ്ലെന്‍ഡറിനെ പിന്തള്ളി ഹോണ്ട ആക്റ്റിവയാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത്. ഉത്തര്‍ പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളില്‍ ഡിമാന്‍ഡ് കുറഞ്ഞതാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ ഫഌഗ്ഷിപ്പ് മോഡലിന് വിനയായത്.

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ ഡ്രൈവിംഗ് ഫോഴ്‌സ് സ്‌കൂട്ടറൈസേഷനാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) വൈഎസ് ഗുലേറിയ വിലയിരുത്തി. ഗ്രാമീണ മേഖലകളിലെ മോശം റോഡുകളെതുടര്‍ന്ന് മോട്ടോര്‍സൈക്കിളുകള്‍ വാങ്ങിയവര്‍പോലും ഇപ്പോള്‍ സ്‌കൂട്ടര്‍ വാങ്ങുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ വര്‍ഷം കഴിയുന്തോറും മോട്ടോര്‍സൈക്കിളുകളേക്കാള്‍ സ്‌കൂട്ടര്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇരുചക്ര വാഹന വിപണിയിലെ സ്‌കൂട്ടറുകളുടെ പങ്കാളിത്തം ഇരട്ടിയായി വര്‍ധിച്ചു.

ഉയര്‍ന്ന ഇന്ധനക്ഷമത, മോശം റോഡുകളില്‍ യാത്ര ചെയ്യുന്നതിന് നീളമേറിയ വീല്‍ബേസ് തുടങ്ങിയ കാരണങ്ങളാണ് സ്‌കൂട്ടറിനെ അപേക്ഷിച്ച് ആളുകള്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ കാരണമായിരുന്നത്. എന്നാല്‍ മെച്ചപ്പെട്ട പാതകള്‍ നിര്‍മ്മിക്കപ്പെട്ടതും സ്ത്രീ ഉപയോക്താക്കള്‍ വര്‍ധിച്ചതും സ്‌കൂട്ടര്‍ വില്‍പ്പനയെ സഹായിക്കുകയായിരുന്നു. റോഡുകള്‍ നന്നാവുന്നതോടെ സ്‌കൂട്ടര്‍ വാങ്ങുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് യമഹ മോട്ടോര്‍ ഇന്ത്യാ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) റോയ് കുര്യന്‍ അഭിപ്രായപ്പെട്ടു. റോഡ് ശൃംഖല ശക്തിപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനവും നൂറ് സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കുന്നതും സ്‌കൂട്ടര്‍ ആവശ്യകത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഓരോ ദിവസവും 44 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാനാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്നത്. അതിവേഗ നഗരവല്‍ക്കരണവും സ്‌കൂട്ടര്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. 2020 ഓടെ ഇരുചക്ര വാഹന വിപണിയുടെ പകുതി സ്‌കൂട്ടറുകള്‍ കയ്യടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന സാക്ഷരതാ നിരക്കും സാമ്പത്തികശേഷിയുമുള്ളവര്‍ക്കിടയില്‍ സ്‌കൂട്ടറിന്റെ സ്വീകാര്യത വര്‍ധിക്കുന്നതായാണ് കാണുന്നതെന്നും കുര്യന്‍ വ്യക്തമാക്കി. കേരള, ഗോവ, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഢ്, മണിപുര്‍, മിസോറം എന്നിവിടങ്ങളില്‍ മോട്ടോര്‍സൈക്കിളുകളേക്കാള്‍ സ്‌കൂട്ടറുകളാണ് വിറ്റുപോകുന്നത്. കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ വിപണിയുടെ നാല്‍പ്പത് ശതമാനം പങ്കാളിത്തം സ്‌കൂട്ടറുകള്‍ക്കാണ്. ദേശീയ ശരാശരി 33 ശതമാനമാണ്.

നഗരവല്‍ക്കരണവും സ്‌കൂട്ടര്‍ വില്‍പ്പനയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വളരെ വലിയ തോതില്‍ നഗരവല്‍ക്കരണം നടന്ന തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലാണ് ഇത് നേരത്തെ കണ്ടിരുന്നത്. സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ സ്‌കൂട്ടര്‍ ഉപയോഗിച്ചുതുടങ്ങിയതും പാതകളിലെ ഗതാഗതകുരുക്കും സ്‌കൂട്ടര്‍ വില്‍പ്പനയെ സഹായിച്ചു. ഒരു ഇന്‍ട്രാ-സിറ്റി വാഹനമെന്ന നിലയില്‍ സ്‌കൂട്ടര്‍ വലിയ ഉപകാരമാണ് ചെയ്യുന്നത്. വരുംവര്‍ഷങ്ങളില്‍ മോട്ടോര്‍സൈക്കിളുകളേക്കാള്‍ കൂടുതല്‍ സ്‌കൂട്ടറുകള്‍ വില്‍ക്കുന്ന കണക്കുകളായിരിക്കും പുറത്തുവരുന്നത്.

Comments

comments

Categories: Auto, Business & Economy