ഡുക്കാറ്റിയെ റോയല്‍ എന്‍ഫീല്‍ഡ് ഏറ്റെടുക്കാന്‍ സാധ്യത

ഡുക്കാറ്റിയെ റോയല്‍ എന്‍ഫീല്‍ഡ് ഏറ്റെടുക്കാന്‍ സാധ്യത
ഡുക്കാറ്റിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും വിലയും ഐഷര്‍ മോട്ടോഴ്‌സ്
പരിശോധിച്ചുവരികയാണ് 

ന്യൂ ഡെല്‍ഹി : ഹൈ-പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഡുക്കാറ്റിയെ ഇന്ത്യന്‍ കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കും ? ജര്‍മ്മനിയിലെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലെ ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡുക്കാറ്റിയെ ഏറ്റെടുക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് സമീപിച്ചതായാണ് പുറത്തുവരുന്ന വിവരം.

ഡീസല്‍ഗേറ്റ് വിവാദത്തെതുടര്‍ന്ന് സാമ്പത്തികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഡുക്കാറ്റിയെ വില്‍ക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്ഥാപനമായ എവര്‍കോറിന്റെ സഹായം തേടിയിരുന്നു. ഇറ്റാലിയന്‍ കമ്പനിക്ക് ഏകദേശം 10,500 കോടി ഇന്ത്യന്‍ രൂപ വിലമതിക്കുമെന്നാണ് കരുതുന്നത്.

ഐഷര്‍ മോട്ടോഴ്‌സിന്റെ ഭാഗമായ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയ്ക്കകത്തും പുറത്തും വളരുന്ന കമ്പനിയാണ്. യൂറോപ്പും വടക്കേ അമേരിക്കയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ വിപണികളും വെട്ടിപ്പിടിക്കുന്ന തിരക്കിലുമാണ് ഇന്ത്യന്‍ കമ്പനി. മിഡില്‍-എന്‍ജിന്‍ കാറ്റഗറിയില്‍ റോയല്‍ എന്‍ഫീല്‍ഡിനെ ആഗോള നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ പരിശ്രമിക്കുന്ന ഐഷര്‍ മോട്ടോഴ്‌സ് ഡുക്കാറ്റിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും വിലയും പരിശോധിച്ചുവരികയാണ്. ഡുക്കാറ്റിയെ വാങ്ങുന്നതിലൂടെ റോയല്‍ എന്‍ഫീല്‍ഡിനെ എത്രമാത്രം ശക്തിപ്പെടുത്താന്‍ കഴിയുമെന്നും ഐഷര്‍ മോട്ടോഴ്‌സ് കണക്കുകൂട്ടുന്നു. അതേസമയം ഡുക്കാറ്റിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഐഷര്‍ മോട്ടോഴ്‌സ് എംഡി ആന്‍ഡ് സിഇഒ സിദ്ധാര്‍ത്ഥ ലാല്‍ തയ്യാറായില്ല. ഡുക്കാറ്റിയെ ഏറ്റെടുക്കുന്നതിന്റെ സാധ്യതകള്‍ റോയല്‍ എന്‍ഫീല്‍ഡ് തേടുകയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഫോക്‌സ്‌വാഗന്റെ പ്രീമിയം കാര്‍ ഡിവിഷനായ ഔഡി 2012 ല്‍ 860 മില്യണ്‍ യൂറോ (ഏകദേശം 6,000 കോടി ഇന്ത്യന്‍ രൂപ) നല്‍കിയാണ് ഡുക്കാറ്റിയെ ഏറ്റെടുത്തത്. 800 സിസിക്കും 1200 സിസിക്കും ഇടയിലുള്ള മോട്ടോര്‍സൈക്കിളുകളാണ് ഡുക്കാറ്റി നിലവില്‍ വിപണിയിലെത്തിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിനാണെങ്കില്‍ ഈ സെഗ്‌മെന്റില്‍ ഇരുചക്ര വാഹനങ്ങള്‍ തീരെയില്ല. 2016 ല്‍ ഡുക്കാറ്റി 593 മില്യണ്‍ യൂറോയുടെ (4,196 കോടി രൂപ) വിറ്റുവരവാണ് നേടിയത്. ആഗോള കമ്പനികളായ സുസുകി, ഹോണ്ട, പോളാറിസ്, ഹാര്‍ലി-ഡേവിഡ്‌സണ്‍ തുടങ്ങിയ കമ്പനികളും ഡുക്കാറ്റിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

1.2 ശതമാനം വില്‍പ്പന വളര്‍ച്ചയോടെ കഴിഞ്ഞ വര്‍ഷം ഡുക്കാറ്റി 55,451 യൂണിറ്റ് മോട്ടോര്‍സൈക്കിള്‍ വിറ്റു. പല വികസിത രാജ്യങ്ങളിലും മികച്ച വിപണന ശൃംഖലയാണ് കമ്പനിക്കുള്ളത്. മാത്രമല്ല, ഡുക്കാറ്റി ബ്രാന്‍ഡ് ലോകമെങ്ങുമുള്ള യുവാക്കളെ ആവേശം കൊള്ളിക്കുന്നതുമാണ്. ഡുക്കാറ്റിയുടെ ബ്രാന്‍ഡിംഗ് പെരുമ, സാങ്കേതികവിദ്യാ കരുത്ത്, ഹെവി-ബൈക്ക് ശേഖരം, വികസിത രാജ്യങ്ങളിലെ മികച്ച വിപണന ശൃംഖല എന്നിവയെല്ലാം റോയല്‍ എന്‍ഫീല്‍ഡിന് മുതല്‍ക്കൂട്ടാകും.

ഇവിടുത്തെ കാര്യമെടുത്താല്‍, റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിന്റെ പ്രകടനമികവില്‍ ചരിത്രത്തിലെ മികച്ച കാലഘട്ടങ്ങളിലൊന്നിനാണ് ഐഷര്‍ മോട്ടോഴ്‌സ് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് 31 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കൈവരിച്ചത്. 6.66 ലക്ഷം മോട്ടോര്‍സൈക്കിള്‍ വിറ്റ് കമ്പനി എക്കാലത്തെയും മികച്ച പ്രകടനം പുറത്തെടുത്തു. 2015-16 വര്‍ഷത്തെ 5 ലക്ഷം യൂണിറ്റെന്ന റെക്കോഡാണ് തിരുത്തിയെഴുതിയത്.

മിഡില്‍-എന്‍ജിന്‍ സെഗ്‌മെന്റില്‍ (250 സിസി മുതല്‍ 750 സിസി വരെ) ഗ്ലോബല്‍ ലീഡര്‍ഷിപ്പാണ് റോയല്‍ എന്‍ഫീല്‍ഡ് ആഗ്രഹിക്കുന്നതെന്ന് സിദ്ധാര്‍ത്ഥ ലാല്‍ വ്യക്തമാക്കി. നിലവില്‍ ബുള്ളറ്റ് (350 സിസി, 500 സിസി), തണ്ടര്‍ബേഡ് (350 സിസി, 500 സിസി), ക്ലാസ്സിക് (350 സിസി, 500 സിസി), ഹിമാലയന്‍ (410 സിസി), കോണ്ടിനെന്റല്‍ ജിടി (535 സിസി) എന്നിവയാണ് റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലെത്തിക്കുന്ന മോഡലുകള്‍. 1.2 ലക്ഷത്തിനും 2.45 ലക്ഷം രൂപയ്ക്കുമിടയിലാണ് ഈ മോഡലുകളുടെ ഡെല്‍ഹി ഓണ്‍-റോഡ് വില.

നിലവില്‍ ലോകത്ത് ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിള്‍ കമ്പനിയാണ് റോയല്‍ എന്‍ഫീല്‍ഡെന്ന് സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞു. മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുടെ ആഗോള നേതാവായി വാഴുകയാണ് ലക്ഷ്യം. ലോകമെങ്ങുമുള്ള മിഡില്‍-വെയ്റ്റ് വിപണികളില്‍ നമ്പര്‍ വണ്‍ സ്ഥാനത്തിനാണ് റോയല്‍ എന്‍ഫീല്‍ഡ് നിലകൊള്ളുന്നത്. പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിക്കുന്ന യാതൊന്നും റോയല്‍ എന്‍ഫീല്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിമാന്‍ഡ് നല്ലപോലെ വര്‍ധിക്കുന്നതുകൂടാതെ, ഏറ്റവും ലാഭം നേടുന്ന വാഹന നിര്‍മ്മാതാക്കളുടെ പട്ടികയിലാണ് ഐഷര്‍ മോട്ടോഴ്‌സിന് സ്ഥാനമെന്നതും റോയല്‍ എന്‍ഫീല്‍ഡിന്റെ വിജയത്തിന് കാരണമാണ്. സ്മാള്‍-എന്‍ജിന്‍ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നതിന് ഇന്ത്യന്‍ പങ്കാളിയെ അന്വേഷിക്കുന്നതായി ഡുക്കാറ്റി ഈ വര്‍ഷമാദ്യം വ്യക്തമാക്കിയിരുന്നു. എന്‍ജിനീയറിംഗ്, ഉല്‍പ്പാദനശേഷി തുടങ്ങിയ കാര്യങ്ങളില്‍ മികവ് പ്രകടിപ്പിക്കുന്ന ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യയിലുണ്ടെന്ന് ഡുക്കാറ്റി ഗ്ലോബല്‍ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ ആന്‍ഡ്രിയ ബസ്സോണി പറയുകയുണ്ടായി.

Comments

comments

Categories: Auto