ലെക്‌സസ് LX450d ഇന്ത്യയിലെത്തി ; വില 2.32 കോടി രൂപ മുതല്‍

ലെക്‌സസ് LX450d ഇന്ത്യയിലെത്തി ; വില 2.32 കോടി രൂപ മുതല്‍
ഓള്‍ വീല്‍ ഡ്രൈവ് സാധ്യമാകുന്ന വാഹനത്തിന് നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട് എസ്,
സ്‌പോര്‍ട്‌സ് എസ് പ്ലസ് എന്നീ നാല് ഡ്രൈവിംഗ് മോഡുകളും നല്‍കി

ന്യൂ ഡെല്‍ഹി : ടൊയോട്ടയുടെ ലക്ഷ്വറി ഡിവിഷനായ ലെക്‌സസ് ഇന്ത്യയില്‍ ഫഌഗ്ഷിപ്പ് മോഡലായ LX450d എസ്‌യുവി അവതരിപ്പിച്ചു. 2.32 കോടി രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. RX450h, LX450h, ES300h എന്നീ മോഡലുകളുമായി ഈ വര്‍ഷം മാര്‍ച്ചിലാണ് കമ്പനി ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ചത്.

ടൊയോട്ട ലാന്‍ഡ് ക്രൂസറിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ലെക്‌സസ് LX450d നിര്‍മ്മിച്ചിരിക്കുന്നത്. 4.5 ലിറ്റര്‍ 1VD-FTV-8 സിലിണ്ടര്‍ വി ടൈപ്പ് എന്‍ജിന്‍ 261 കുതിരശക്തി കരുത്തും 650 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും സൃഷ്ടിക്കും. 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സാധ്യമാകുന്ന വാഹനത്തിന് നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട് എസ്, സ്‌പോര്‍ട്‌സ് എസ് പ്ലസ് എന്നീ നാല് ഡ്രൈവിംഗ് മോഡുകളും നല്‍കിയിരിക്കുന്നു.

കാബിനില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍, സ്മാര്‍ട്ട് കീ എന്‍ട്രി സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കി. സുരക്ഷയുടെ കാര്യത്തിലാണെങ്കില്‍ പത്ത് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് അസ്സിസ്റ്റ്, ഹില്‍ അസ്സിസ്റ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി കാഴ്ച്ച സാധ്യമാക്കുന്ന മള്‍ട്ടി-ടെറെയ്ന്‍ മോണിറ്റര്‍ എന്നിവയെല്ലാം LX450d യുടെ സവിശേഷതകളാണ്.

മൂണ്‍ റൂഫ്, 4-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവര്‍ ആന്‍ഡ് ഫ്രണ്ട് പാസഞ്ചര്‍ പവര്‍ അഡ്ജസ്റ്റബ്ള്‍ സീറ്റുകള്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നീ ഫീച്ചറുകളും എസ്‌യുവിയില്‍ ലഭ്യമാണ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 8.6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 210 കിലോമീറ്ററാണ് പരമാവധി വേഗം. ഡെല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ ലെക്‌സസ് വേഗം തന്നെ ഡീലര്‍ഷിപ്പുകള്‍ തുറക്കും. കൂടാതെ ചണ്ഡീഗഢ്, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍ സര്‍വീസ് സെന്ററുകളും തുടങ്ങും.

Comments

comments

Categories: Auto