ട്രാഫിക് പോലീസിന് തണലേകാന്‍

ട്രാഫിക് പോലീസിന് തണലേകാന്‍
പൊരിവെയിലില്‍ മണിക്കൂറുകളോളം നിന്ന് ഗതാഗതം നിയന്ത്രിക്കുന്നവരുടെ ബുദ്ധിമുട്ടുകള്‍
ഒഴിവാക്കാന്‍ കേരള പോലീസ് അസോസിയേഷന്‍ പലവിധ പദ്ധതികളുമായി രംഗത്ത്.

കോഴിക്കോട്: കൊടും വേനലില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ട്രാഫിക് വാര്‍ഡന്‍മാര്‍ക്കും കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കാന്‍ റേഞ്ച് ഐ ജി മാരും ഡി ജി പി യും രംഗത്ത്. ഇവര്‍ക്കായി ജോലിയില്‍ പലവിധ പദ്ധതികളും പുനര്‍ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും 19 ജില്ലകളിലേക്കായി 4,25,000 രൂപയാണ് ഡി ജി പി അനുവദിച്ചത്. ഏറ്റവും കൂടുതല്‍ തുക തിരുവന്തപുരം റേഞ്ചിനാണ്, 1,25,000 രൂപ.

വേനല്‍ ശക്തമായതോടെ കോഴിക്കോട് കുടിവെള്ള വിതരണം ഊര്‍ജിതപ്പെടുത്തിയെന്ന് കോഴിക്കോട് സിവില്‍ പോലീസ് ഓഫീസര്‍ രജീഷ് അറിയിച്ചിട്ടുണ്ട്. വേനലിനു മുന്നോടിയായി സിറ്റി ട്രാഫിക് പോലീസിന്റെ ജോലി സമയവും മുമ്പ് പുനര്‍ക്രമീകരിച്ചിരുന്നു. ഗതാഗത നിയന്ത്രണത്തിനായി റോഡില്‍ നില്‍ക്കുന്ന സേനാംഗങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഈ മാറ്റം വരുത്തിയത്.

രണ്ട് യൂണിറ്റുകളായി ദിവസത്തില്‍ ആറുണിക്കൂര്‍ വീതം ഓരോ ട്രാഫിക് പോലിസിന്റെയും ജോലി സമയം പുനര്‍ക്രമീകരിച്ചു. കഴിഞ്ഞ മാര്‍ച്ച് മുതലാണ് ഇത് നടപ്പാക്കിയത്. ‘ നഗരത്തില്‍ ട്രാഫിക് പോലീസ് ഇല്ലാത്ത കവലകളില്‍ നിയമനം നടത്താന്‍ ഈ പുനര്‍ക്രമീകരണം വഴി സാധിച്ചിട്ടുണ്ട്. വേനല്‍കാലത്തെ ജോലിഭാരം മൂലം നിര്‍ജ്ജലീകരണം, വയറിളക്കം, നേത്രരോഗങ്ങള്‍, തുടങ്ങിയവ ട്രാഫിക് പോലീസുകാരില്‍ കൂടുതലായി കണ്ടുവന്നതിനെ തുടര്‍ന്നാണ് ഈ മാറ്റം വളരെ വേഗം നടത്തിയത് ‘ , കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പി കെ രാജു പറഞ്ഞു.

കോഴിക്കോട് സിറ്റിയില്‍ ഇന്ന് എല്ലാ ട്രാഫിക് ജംങ്ഷനുകളിലും കുടിവെള്ളം ലഭ്യമാണ്. പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിക്കരുതെന്ന നിര്‍േദശത്തെ തുടര്‍ന്ന് 20 ലിറ്റര്‍ വെള്ളം കവറിലാക്കിയാണ് നല്‍കി വരുന്നത്. കൃത്യമായ ഇടവേളകളില്‍ ട്രാഫിക് പോലീസുകാര്‍ നില്‍ക്കുന്നിടത്ത് വാഹനത്തില്‍ കുടിവെള്ളം എത്തിക്കും. പോലീസ് അസോസിയേഷനു പുറമെ പല സന്നദ്ധ സംഘടനകളും കുടിവെള്ള വിതരണം നടത്തി വരുന്നുണ്ട്. കോഴിക്കോട് നഗരത്തില്‍ റോട്ടറി ക്ലബ്ബ് കുപ്പിവെള്ള വിതരണവും നടത്തുന്നുണ്ട്. ഒരു ദിവസം രണ്ടു നേരങ്ങളിലായി ട്രാഫിക് പോലീസുകാര്‍ക്കു മാത്രമായി 75 ബോട്ടില്‍ കുപ്പിവെള്ളം വരെ ചിലവാകുന്നുണ്ടെന്നാണ് റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ പറയുന്നത്. കുപ്പിവെള്ളത്തിനു പുറമെ നാരങ്ങാവെള്ളം സംഭാരം മുതലായവ വരും ദിവസങ്ങളില്‍ നല്‍കി ഡ്യൂട്ടിയിലുള്ള ട്രാഫിക് പോലീസിന് ആശ്വാസമേകാനും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. കഴിഞ്ഞ വര്‍ഷവും പോലീസുകാര്‍ തന്നെ മുന്‍കൈ എടുത്ത് കുടിവെള്ള വിതരണം നടത്തിയിരുന്നു.

പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഒഴിവാക്കാനായി ഇവരുടെ ജോലി സമയം പുനര്‍ക്രമീകരിച്ച് ലേബര്‍ കമ്മീഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്. അവശ്യസേവന വിഭാഗമായ പോലീസിന് ഈ സമയക്രമം ബാധകമല്ല. നഗര ഹൃദയ ഭാഗങ്ങളില്‍ ഏറ്റവും തിരക്കേറുന്ന സമയമാണ് 12 മുതല്‍ മൂന്നു മണി വരെ. ഈ സമയം ട്രാഫിക് ഡ്യൂട്ടിയില്‍ നിന്നും പോലീസുകാര്‍ വിട്ടു നിന്നാല്‍ നഗരത്തിലെ ഗതാഗതം പൂര്‍ണമായും താറുമാറാകും. ഈ സാഹചര്യം കണിക്കിലെടുത്താണ് പോലീസ് അസോസിയേഷന്‍ കുടിവെള്ള വിതരണത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്.

കുടിവെള്ളം എത്തിക്കുന്നതിനു പുറമെ നഗരത്തില്‍ ഏറ്റവും ചൂട് അനുഭവപ്പെടുന്ന പുതിയറ, പുതിയ ബസ്സ്റ്റാന്റ്, ബൈപ്പാസ്, എരഞ്ഞിപ്പാലം, തൊണ്ടയാട്, വുഡ്‌ലാന്റ്, കുതിരവട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ തണല്‍ വിശ്രമ കേന്ദ്രങ്ങളായി ഷേഡ് നെറ്റുകളും ഇവര്‍ക്കായി തയാറാക്കിയിട്ടുണ്ട്. അടുത്തതായി ഷേഡ് നെറ്റുകള്‍ നടപ്പിലാക്കുന്നത് പാളയം, രാമനാട്ടുകര എന്നിവിടങ്ങളിലാണ്. ഇതിനൊപ്പം തന്നെ ട്രാഫികിലെ ഓരോ പോലീസുകാര്‍ക്കും മാസ്‌കുകളും വിതരണം നടത്തുന്നുണ്ട്.

Comments

comments

Categories: FK Special