ഉപകരണ വിതരണ രംഗത്ത് 39 വര്‍ഷത്തിന്റെ പോന്‍തൂവലുമായി അറ്റ്‌ലസ് മെഷീന്‍ ടൂള്‍സ്

ഉപകരണ വിതരണ രംഗത്ത് 39 വര്‍ഷത്തിന്റെ പോന്‍തൂവലുമായി അറ്റ്‌ലസ് മെഷീന്‍ ടൂള്‍സ്
പാലക്കാട്ട് യന്ത്രസാമഗ്രികളുടെ വിതരണരംഗത്ത് ആരും ഇല്ലാതിരുന്ന കാലഘട്ടത്തില്‍
ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തിറങ്ങിയ ചെറുപ്പക്കാരനാണ് കെ എസ് മണി. ഇന്നു
കേരളത്തില്‍ മാത്രമല്ല രാജ്യത്തിനകത്തും പുറത്തുമായി നിരവധി യന്ത്രങ്ങള്‍ കയറ്റിഅയക്കുന്ന
വ്യവസായി ആയി മാറിക്കഴിഞ്ഞു അദ്ദേഹം

വ്യവസായരംഗത്ത് വിപ്ലവത്തിന്റെ സൈറണ്‍ മുഴങ്ങിയത് യന്ത്രസാമഗ്രികളുടെ വരവോടെയാണ്. കൈക്കരുത്തും മെയ്ക്കരുത്തും ചൂഷണം ചെയ്തിരുന്ന കാലഘട്ടത്തില്‍ വലിയൊരു മുന്നേറ്റമാണ് യന്ത്രങ്ങളുടെ വരവോടെ സാധ്യമായത്. അത്തരത്തില്‍ കേരളത്തില്‍ വ്യാവസായികാവശ്യങ്ങള്‍ക്കും മറ്റുമായി യന്ത്രസാമഗ്രികള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ ഉയര്‍ന്നുവന്നു

കേരളത്തിന്റെ മെഷീനറി വിതരണരംഗത്തു 39 വര്‍ഷമായി നങ്കൂരമുറപ്പിച്ച സ്ഥാപനമാണ് അറ്റ്‌ലസ് മെഷീന്‍ ടൂള്‍സ്. മെഷീനറികളും ഇലക്ട്രിക്കല്‍ സാമഗ്രികളും വിതരണം ചെയ്യുന്നവരില്‍ കേരളത്തിലെ മുന്‍നിരക്കാരാണ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം. വളരെ ചെറിയ സംരംഭമായാണ് 1978-ല്‍ അറ്റ്‌ലസ് മെഷീന്‍ ടൂള്‍സ് തുടങ്ങുന്നത്. പാലക്കാട്ട് മെഷീനറികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ അക്കാലത്ത് ഇല്ലായിരുന്നു. എറണാകുളം, കോയമ്പത്തൂര്‍ തുടങ്ങി നഗരങ്ങളില്‍ മാത്രമാണ് ഇത്തരം സാധനങ്ങള്‍ ലഭ്യമായിരുന്നത്.

അറ്റ്‌ലസ് മെഷീന്‍ ടൂള്‍സ് സ്ഥാപിച്ചുകൊണ്ട് ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റുമ്പോള്‍ കെ എസ് മണിക്ക് 23 വയസ്സ്. ”യന്ത്രസാമഗ്രികളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട പ്രധാനകാര്യം പണം മുന്‍കൂറായി നല്‍കുന്നതിനെപ്പറ്റിയാണ്. മറ്റ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് പോലെ സാധനം കൈപ്പറ്റിയതിന് ശേഷം പണം നല്‍കുന്ന വ്യവസ്ഥ ഈ ബിസിനസില്‍ എളുപ്പമല്ല. വാങ്ങാന്‍ ഉദ്ദേശിക്കുന്ന യന്ത്ര സാമഗ്രികളുടെ ചിത്രം കണ്ടാണ് പണം നല്‍കുന്നത്. വലിയൊരു തുകയാണ് മുന്‍കൂറായി നല്‍കേണ്ടിവരുന്നത്, ” അറ്റ്‌ലസ് മെഷീന്‍ ടൂള്‍സ് ചീഫ് എക്‌സിക്യൂട്ടീവ് കെ എസ് മണി പറയുന്നു.ഇത്തരത്തില്‍ വലിയൊരു തുക മുന്‍കൂറായി നല്‍കിയുള്ള ഉപഭോക്താവിന്റെ കാത്തിരിപ്പിനുള്ള ഉറപ്പ് ഇടപാടുകാരനിലുള്ള വിശ്വാസമാണ്. ആഴത്തിലുള്ള വിശ്വാസം ആര്‍ജ്ജിച്ചെടുക്കുകയെന്ന വലിയ കടമ്പയാണ് ഇത്തരം വ്യവസായികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

വ്യവസായത്തില്‍ കാലെടുത്തു വെച്ച് ഏകദേശം നാലു വര്‍ഷം കൊണ്ട് വിപണിയുടെ തന്ത്രങ്ങള്‍ സ്വായത്തമാക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ഈ രംഗത്ത് വിശ്വാസ്യത നേടിയെടുക്കാന്‍ സാധിച്ചതിനു പിന്നാലെ തിരുവനന്തപുരത്ത് കവടിയാറില്‍ പുതിയ ശാഖ ആരംഭിക്കാനുമായി. അവിടന്നങ്ങോട്ട് വളര്‍ച്ചയുടെ തുടക്കമായിരുന്നു. തിരുവനന്തപുരത്തു നിന്നാണു തലസ്ഥാനത്തേക്കും, കൊല്ലം, കോട്ടയം ജില്ലകളിലേക്കും ഉല്‍പ്പന്നങ്ങള്‍ എത്തിച്ചിരുന്നത്. ‘ ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ ചെന്നാല്‍ പിന്നെ സ്ഥാപനത്തിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകും.

തിരുവന്തപുരത്തെ ശാഖയിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതിരുന്നപ്പോള്‍ ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഈ ശാഖ വേണ്ടെന്നു വെക്കുകയും പാലക്കാട്ട് കൂടുതല്‍ ശ്രദ്ധചെലുത്താന്‍ തുടങ്ങുകയും ചെയ്തു, ” അദ്ദേഹം പറയുന്നു. ”വേണ്ടത്ര ശ്രദ്ധ നല്‍കാതിരുന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സേവനം നല്‍കാന്‍ സാധിക്കില്ലെന്നറിയാവുന്നതുകൊണ്ടാണ് തിരുവനന്തപുരത്തെ ഓഫീസും പ്രവര്‍ത്തനങ്ങളും വേണ്ടെന്നുവെച്ചത് ,” കെ എസ് മണി കൂട്ടിച്ചേര്‍ക്കുന്നു.

കേരളത്തിലും ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ കഴിഞ്ഞെങ്കിലും വിപണനത്തില്‍ ഇടിവ് സംഭവിക്കാതിരിക്കാന്‍ വിദേശരാജ്യങ്ങളിലേക്കു കൂടി വ്യാപാരം വര്‍ധിപ്പിക്കുകയായിരുന്നു. 1997 അവസാനമായിരുന്നു വിദേശ വിപണികള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വില്‍പ്പനയാരംഭിക്കുന്നത്. എന്നാല്‍ ആധുനിക ആശയ വിനിമയ ഉപാധികളുടെ അഭാവം വിദേശ രാജ്യങ്ങളില്‍ വിപണി ആരംഭിക്കുന്നതിന് തടസമായിരുന്നു. കത്തുകളും ടെലഗ്രാമുകളും മാത്രമാണ് ഏറ്റവും ലളിതമായ രീതിയില്‍ ലഭ്യമായിരുന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു.നേട്ടങ്ങളും കോട്ടങ്ങളും മറ്റ് ഏത് സ്ഥാപനത്തേയും പോലെ അനുഭവിക്കേണ്ടി വന്നെങ്കിലും ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന കമ്പനിയായി മാറിയിരിക്കുകയാണ് അറ്റ്‌ലസ് മെഷീന്‍ ടൂള്‍സ്.

ഷാര്‍ജയിലേക്കുള്ള പ്രിന്റിംഗ് മെഷീനായിരുന്നു കടല്‍ കടന്നു നടത്തിയ ആദ്യ വില്‍പ്പന. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലേക്കും വില്‍പ്പനയ്‌ക്കൊപ്പം വിതരണരംഗത്തും സാന്നിധ്യമുറപ്പിക്കാനായതു വലിയ വഴിത്തിരിവായി.വളരെ വേഗത്തിലും കാര്യക്ഷമവുമായി മെഷീനറികള്‍ എത്തിച്ചു നല്‍കാന്‍ തക്കവിധത്തില്‍ ബ്രാന്‍ഡഡ് ആകാന്‍ അറ്റ്‌ലസ് മെഷീന്‍ ടൂള്‍സിന് സാധിച്ചു. കഞ്ചിക്കോട് വ്യവസായമേഖല ഉയര്‍ന്നുവന്നത് പാലക്കാട് ജില്ലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയായിരുന്നു. നിരവധി പ്രോജക്റ്റുകളാണ് പിന്നീട് ഈ സ്ഥാപനത്തെ തേടി വന്നത്. കേരളം ആസ്ഥാനമായുള്ള പ്രോജക്റ്റ് ടീമിനൊപ്പം ഇറാഖിലേക്കും ഖത്തറിലേക്കും ധാരാളം മെഷീനുകള്‍ കയറ്റിഅയച്ചു.

തുടക്കകാലത്ത് നിരവധി അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ പങ്കാളികളാകാനും ഉല്‍പ്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യാനും ഇവര്‍ക്കായി. ഇതിനിടയില്‍ ഇഇപിസി ഇന്ത്യ (അഥവാ എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലര്‍ ഇന്ത്യ)യില്‍ അംഗമാകാനും ഇദ്ദേഹത്തിന് സാധിച്ചു. ഇന്ത്യയില്‍ നിന്ന് എന്‍ജിനീയറിംഗ് സാമഗ്രികള്‍ കയറ്റി അയക്കുന്നതിനും ഇത് വര്‍ധിപ്പിക്കുന്നതിനുമായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. എക്‌സിബിഷനുകളും മറ്റുമായി നിരവധി ബയര്‍- സെല്ലര്‍ പരിപാടികള്‍ സംഘടിപ്പിക്കാനും പങ്കെടുക്കാനും ഇതിലൂടെ സാധിച്ചത് വലിയ നേട്ടമായി മണി ചൂണ്ടിക്കാട്ടുന്നു.

വിദേശരാജ്യങ്ങളിലെ വ്യവസായികളുമായുള്ള ചര്‍ച്ച തുടങ്ങി വാണിജ്യ കാര്യങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന സംഘടനയാണ് ഇഇപിസി ഇന്ത്യ. നോര്‍ത്തേണ്‍ റീജിയണ്‍, സതേണ്‍ റീജിയണ്‍, ഈസ്റ്റേണ്‍ റീജിയണ്‍, വെസ്റ്റേണ്‍ റീജിയണ്‍ എന്നിങ്ങനെ നാല് റീജിയണുകളായാണ് ഇത് പ്രവര്‍ത്തിച്ചുവരുന്നത്. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ സതേണ്‍ റീജിയണ്‍ ഓഫീസുണ്ടെങ്കിലും കേരളത്തില്‍ മാത്രം ഓഫീസ് ഇല്ലെന്നത് കേരളത്തിന് എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ട് രംഗത്ത് കാര്യമായ മുന്നേറ്റമില്ലെന്നതിനെ സൂചിപ്പിക്കുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നീ മേഖലകളിലേക്കാണ് അറ്റ്‌ലസ് മെഷീന്‍ ടൂള്‍സ് കൂടുതല്‍ കയറ്റുമതി നടത്തുന്നത്. 2009-10ല്‍ ദേശീയ തലത്തില്‍ ഇഇപിസിയുടെ സ്റ്റാര്‍ പെര്‍ഫോമര്‍ അവാര്‍ഡ്് കരസ്ഥമാക്കാന്‍ അറ്റലസ് മെഷീന്‍ ടൂള്‍സിലൂടെ കെ എസ് മണിക്ക് സാധിച്ചിട്ടുണ്ട്. 2012-13ല്‍ ഇഇപിസിയുടെ സതേണ്‍ റീജിയണിന് കീഴിലുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2015-16ല്‍ എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ടില്‍ വീണ്ടും ദേശീയ അവാര്‍ഡ് തേടിയെത്തി. ”അവാര്‍ഡുകള്‍ വലിയ അംഗീകാരങ്ങളാണ് നമ്മുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും ഉത്തരവാദിത്തബോധം വളര്‍ത്തുന്നതിനും അംഗീകാരങ്ങള്‍ ഉപകരിക്കും. ഉപഭോക്താക്കളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാനും ഇതു സഹായിക്കും,” കെ എസ് മണി പറയുന്നു.

ഇഇപിസി മെംബര്‍, സതേണ്‍ റീജിയണ്‍ എസ്‌കിക്യൂട്ടീവ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള ഏക അംഗം തുടങ്ങിയ പദവികള്‍ വഹിക്കാന്‍ കെ എസ് മണിക്കു സാധിച്ചു. കഴിഞ്ഞ വര്‍ഷം ഇഇപിസിയുടെ സതേണ്‍ റീജിയണ്‍ ഡെപ്യൂട്ടി ചെയര്‍മാനായി നിയമിതനായതോടെ ഈ സ്ഥാനം അലങ്കരിക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യവ്യക്തിയായി ഇദ്ദേഹം മാറി. 1986-ല്‍ പാലക്കാട് മാനേജ്‌മെന്റ് അസോസിയേഷനില്‍ അംഗത്വം നേടി. റോട്ടറി ക്ലബ് അംഗവുമായി. സംഘടനകളിലെ അംഗത്വങ്ങളിലൂടെ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിച്ചത് വ്യവസായത്തിലെ വലിയ നേട്ടമായി ഇദ്ദേഹം കണക്കാക്കുന്നു. ഒപ്പം നിരവധി സ്ഥാനമാനങ്ങളും അദ്ദേഹത്തെ തേടിയെത്തി.

1988-ല്‍ പാലക്കാട് ക്ഷീര സഹകരണസംഘത്തില്‍ അംഗമാവുകയും 2003-ല്‍ മലബാര്‍ മേഖലയിലെ ബോര്‍ഡിലേക്ക് ഇടതുപക്ഷ പാനലില്‍ മല്‍സരിച്ചു വിജയിക്കുകയും ചെയ്തു. മലബാര്‍ മേഖലയില്‍ മില്‍മയുടെ മുന്നേറ്റം കാര്യക്ഷമമാക്കുന്നതില്‍ ഇദ്ദേഹത്തിന് അനിഷേധ്യമായ പങ്കുണ്ട്. 2008 വരെ ഈ സ്ഥാനത്ത് ഇദ്ദേഹം പ്രവര്‍ത്തിച്ചു. അറ്റ്‌ലസ് മെഷീന്‍ ടൂള്‍സിന്റെ സഹോദരസ്ഥാപനമായി 1993-ല്‍ മലബാര്‍ എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡ് സ്ഥാപിച്ചു. ഇലക്ട്രിക്കല്‍ സ്വിച്ചുകളുടെയും മറ്റും ഇന്‍ര്‍നാഷണല്‍ ബ്രാന്‍ഡുകളുടെയും വിതരണക്കാരനാകാനും ഇതിലൂടെ കെ എസ് മണിക്ക് സാധിച്ചു. റബ്‌കോ ചപ്പലിന്റെ പാലക്കാട്ടെ വിതരണച്ചുമതലയും മണി ഏറ്റെടുത്തിട്ടുണ്ട്.

ചെന്നെ എന്നോര്‍ പോര്‍ട്ടിലേക്കുള്ള എന്‍ജിനീയറിംഗ് സാധനസാമഗ്രികളുടെ വിതരണത്തിനുള്ള ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത് തന്റെ നേട്ടങ്ങളില്‍ എക്കാലവും എടുത്തുപറയാവുന്നതാണെന്നു കെ എസ് മണി വ്യക്തമാക്കുന്നു. കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ മേഖലയുടെ വളര്‍ച്ച പാലക്കാടിന്റെ മുഖച്ഛായക്ക് തന്നെ മാറ്റംവരുത്തി. കേരളത്തിലെ രണ്ടാമത്തെ വ്യവസായ കേന്ദ്രമായി പാലക്കാട് ഉയരാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ പല വാഗ്ദാനങ്ങളും ഇപ്പോഴും കടലാസ്സില്‍ മാത്രമായൊതുങ്ങുന്നത് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലായിരിക്കണം വ്യവസായം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് അദ്ദേഹം പറയുന്നു.

കെ എസ് മണി , ചീഫ് എക്‌സിക്യൂട്ടീവ് , അറ്റ്‌ലസ് മെഷീന്‍ ടൂള്‍സ്

 

” യന്ത്രസാമഗ്രികളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട പ്രധാനകാര്യം പണം മുന്‍കൂറായി നല്‍കുന്നതിനെപ്പറ്റിയാണ്. മറ്റ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് പോലെ സാധനം കൈപ്പറ്റിയതിന് ശേഷം പണം നല്‍കുന്ന വ്യവസ്ഥ ഈ ബിസിനസില്‍ എളുപ്പമല്ല. വാങ്ങാന്‍ ഉദ്ദേശിക്കുന്ന യന്ത്ര സാമഗ്രികളുടെ ചിത്രം കണ്ടാണ് പണം നല്‍കുന്നത്. വലിയൊരു തുകയാണ് മുന്‍കൂറായി നല്‍കേണ്ടിവരുന്നത്, ”

 

Comments

comments