ഡെല്‍ഹിയെ ദക്ഷിണേഷ്യന്‍ കേന്ദ്രമാക്കാന്‍ എഡിബി

ഡെല്‍ഹിയെ ദക്ഷിണേഷ്യന്‍ കേന്ദ്രമാക്കാന്‍ എഡിബി
കുറഞ്ഞ സമയത്തിനുള്ളില്‍ പദ്ധതികള്‍ നടപ്പാക്കാനും  തീരുമാനങ്ങള്‍ വേഗത്തിലെടുക്കാനും
ലക്ഷ്യമിട്ടാണ് ഈ നീക്കം

യോക്കോഹാമ: ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കി(എഡിബി)ന്റെ ദക്ഷിണേഷ്യയിലെ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായി ന്യൂഡെല്‍ഹിയെ വികസിപ്പിക്കുന്നു. മേഖലയിലെ പദ്ധതികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നടപ്പാക്കാനും തീരുമാനങ്ങള്‍ വേഗത്തിലെടുക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. യോക്കോഹാമയില്‍ നടന്ന എഡിബിയുടെ അമ്പതാം വാര്‍ഷിക സമ്മേളനത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ഇതേ നിര്‍ദേശം മുന്നോട്ടുവെച്ചു.
ബഹുഭൂരിപക്ഷം തീരുമാനങ്ങളും വേഗത്തില്‍ നടപ്പിലാക്കുന്നതിന് ഡെല്‍ഹിയില്‍ പ്രാദേശിക കേന്ദ്രം സ്ഥാപിക്കുന്നതിന് ബാങ്കിനെ പ്രോത്സാഹിപ്പിക്കും. അതിനൊപ്പം തന്നെ മറ്റ് പ്രദേശങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഞായറാഴ്ച നടത്തിയ പ്രസംഗത്തില്‍ ജയ്റ്റ്‌ലി പറഞ്ഞു. ഒരു പദ്ധതി നിര്‍ദേശം അംഗീകരിക്കാനുള്ള സമയം കുറയ്ക്കുന്നതിനൊപ്പം സമയബന്ധിതമായി വായ്പ അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഇതുവഴി സാധിക്കുമെന്നും ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

ഊര്‍ജം, നഗരവികസനം, ഗതാഗതം എന്നിവയ്ക്കു പുറമേ ചെലവു കുറഞ്ഞ പുനരുപയോഗ ഊര്‍ജമേഖലയില്‍ കൂടി എഡിബി ശ്രദ്ധ ചെലുത്തണം. നഗരവികസന കാര്യത്തില്‍, പ്രത്യേകിച്ചും കുടിവെള്ളം, ശുചീകരണ തുടങ്ങിയവയിലെ പ്രധാന വെല്ലുവിളികള്‍ ഉപയോക്തൃ ചാര്‍ജുകളെയും നഗര ഭരണ സംവിധാനങ്ങളുടെ സാമ്പത്തിക സുസ്ഥിരതയെയും കേന്ദ്രീകരിച്ചുള്ളവയാണ്. ഈ വെല്ലുവിളികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന മാതൃകകള്‍ ബാങ്ക് വികസിപ്പിക്കേണ്ടതുണ്ട്.
കാലാവസ്ഥ വ്യതിയാനം മൂലം കൃഷിയിലുണ്ടാകുന്ന മാന്ദ്യം, മികച്ച കാര്‍ഷിക ഉല്‍പ്പാദന സാങ്കേതിക വിദ്യ, മെച്ചപ്പെട്ട മൂല്യശൃംഖല നേതൃത്വം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണന അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് എഡിബി കൂടുതല്‍ ഊന്നല്‍ നല്‍കണം. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിലും എഡിബി കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ജയ്റ്റ്‌ലി നിര്‍ദേശിച്ചു.

ദക്ഷിണേഷ്യയ്ക്ക് വേണ്ടി ഡെല്‍ഹിയിലും മധ്യേഷ്യയ്ക്ക് വേണ്ടി കസാഖിസ്ഥാനിലും മേഖലാ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് എഡിബി പ്രസിഡന്റ് ടേക്ഹികോ നാക്കോ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ പ്രവര്‍ത്തനത്തിനും നിര്‍വഹണത്തിനുംവേണ്ടി ഇതിനകം ജീവനക്കാരെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. പ്രവര്‍ത്തന കേന്ദ്രം എന്ന ആശയം നടപ്പാക്കാന്‍ കര്‍മ്മ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊരു ഹബ്ബാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുന്നുണ്ട്.

ഉത്തരവാദിത്തങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുമുള്ള പരിഷ്‌കരണങ്ങള്‍ എഡിബി തുടരുമെന്ന് ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരുടെ യോഗത്തില്‍ നാക്കോ പറഞ്ഞു. ബാങ്ക് പിന്തുണ നല്‍കുന്ന പദ്ധതികളിലെ സംഭരണ സമയം കുറയ്ക്കുന്നതിനും അനന്തരഫലങ്ങളുടെ ഗുണം മെച്ചപ്പെടുത്തുന്നതിനും സംഭരണ, വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനുമായി എഡിബി പുതിയ ചട്ടക്കൂടിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ബാങ്കിനു കീഴിലെ എല്ലാ പദ്ധതികളിലും ഉന്നത നിലവാരമുള്ള പരിസ്ഥിതി, സാമൂഹ്യ സുരക്ഷ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും രാജ്യത്തിനകത്തെ സംവിധാനങ്ങളെ കൂടുതലായി ഉപയോഗപ്പെടുത്തുമെന്നും നാക്കോ കൂട്ടിച്ചേര്‍ത്തു.

ജപ്പാന്‍ ധനകാര്യ മന്ത്രി താരോ അസോയുമായി നടത്തിയ ചര്‍ച്ചയില്‍ മെട്രോ റെയില്‍ പദ്ധതികള്‍ക്കാവശ്യമായ സാമഗ്രികളുടെ നിര്‍മ്മാണത്തിന് ജാപ്പനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് ജയ്റ്റ്‌ലി അറിയിച്ചിരുന്നു. ഇന്ത്യ-ജപ്പാന്‍ സാമ്പത്തിക സഹകരണം വിപുലപ്പെടുത്താന്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.

Comments

comments

Categories: Business & Economy