ചൂടില്‍ ചൂടപ്പമായ് എസി വിപണി

ചൂടില്‍ ചൂടപ്പമായ് എസി വിപണി
ചൂട് കൂടുന്നതില്‍ നിങ്ങള്‍ക്കൊരു ചൂടും ഇല്ലേ എന്ന രസകരമായ ചോദ്യവുമായാണ് 
ആളുകളെ കച്ചവടക്കാര്‍ എസി വിപണിയിലേക്ക് സ്വാഗതം ചെയ്യുന്നത്. എസിയും 
കൂളറുമില്ലാതെ ജീവിക്കാനാവില്ല എന്ന സ്ഥിതിയിലേക്ക് മാറി ഇന്ന് കേരളീയര്‍.

ആര്യചന്ദ്രന്‍

കോഴിക്കോട്: വേനല്‍കാലത്തെ ചൂടില്‍ എസി ആണ് താരവും തരംഗവും. ചൂടിന്റെ കാഠിന്യം കൂടും തോറും എസിക്ക് ആവശ്യക്കാരും ഏറി വരുന്ന സാഹചര്യമാണ് ഇന്ന് കേരളത്തില്‍. വേനല്‍ തുടങ്ങുന്നതിനു മുന്നോടിയായി ജനുവരി, ഫിബ്രുവരി മാസങ്ങളില്‍ തന്നെ എസി യുടെ വില അന്വേഷിച്ച് കടകളിലേക്ക് എത്തുന്നവര്‍ നിരവധിയാണ്. വിപണി കൂടുതല്‍ സജീവമാകുന്നത് കൂടുതലും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ്.

ആദ്യകാലങ്ങളില്‍ പണക്കാര്‍ മാത്രം വീടുകള്‍ക്കോ ഓഫീസ് ആവശ്യത്തിനോ വേണ്ടി തേടിയെത്തിയിരുന്ന ഈ കൂളന്‍ താരം ഇന്ന് ഒട്ടുമിക്കരുടേയും അവശ്യവസ്തുക്കളില്‍ ഒന്നായി മാറിയിരിക്കുന്നു. ഒന്ന് കൂളാകാന്‍ വെറുതെ എയര്‍ കണ്ടീഷന്‍ഡ് മാളുകളിലും എടിഎം സെന്ററുകളിലും കയറുന്നവര്‍ ഏറി വരികയാണ്. ജീവിക്കാനായി ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നതിനൊപ്പം എസി യുടെ പേരും കൂട്ടിച്ചേര്‍ക്കേണ്ടി വരുന്ന കാലം വിദൂരത്തല്ല. അത്രയേറെയാണ് ദിനംപ്രതി കൂടിവരുന്ന ചൂട്.

കോഴിക്കോട് കണ്ണങ്കണ്ടി, ഇഹം ഡിജിറ്റല്‍, ബ്ലൂ സ്റ്റാര്‍ എന്നിവരുടെ ഈ വര്‍ഷത്തെ എസി ബിസിനസ് എടുത്തു നോക്കിയാല്‍ ഈ വിപണിയില്‍ ഉണ്ടായ മികച്ച പ്രതികരണവും വര്‍ധനവും കാണാ്ന്‍ കഴിയും. എസി മേഖലയില്‍ കൂടുതല്‍ ആവശ്യക്കാരുള്ളതും വിറ്റഴിയുന്നതും സ്പ്ലിറ്റ് എസി കളും ഇന്‍വേര്‍ട്ടഡ് എസി യുമാണ്. ഇന്‍വര്‍ട്ടഡ് എസികള്‍ക്ക് മറ്റുള്ളവയേക്കാള്‍ വില അല്‍പം കൂടുതലാണെങ്കിലും ഗുണമേന്മയും മെയിന്റനന്‍സ് ചാര്‍ജും വൈദ്യുതിയുടെ ഉപഭോഗവും നോക്കി ആളുകള്‍ ഇതിലേക്ക് ഏറെ ആകര്‍ഷിക്കപ്പെടുന്നുണ്ട്. വീടുകളിലേക്കുള്ള ആവശ്യങ്ങള്‍ക്ക് സ്പ്ലിറ്റ് എസി കളും വലിയ സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കും മറ്റുമായി ഇന്‍വര്‍ട്ടഡ് എസി കളുമാണ് ആളുകള്‍ തെരഞ്ഞെടുക്കുന്നത്. ഈ വേര്‍തിരിവിനു കാരണം വീടുകളില്‍ മുഴുവന്‍ സമയ എസി ആവശ്യമില്ലാത്തതു തന്നെ, ഓഫീസുകളില്‍ ചിലപ്പോള്‍ 24 മണിക്കൂറും ഇതിന്റെ പ്രവര്‍ത്തനം ആവശ്യമായി വരും. വീടുകളില്‍ ഇന്‍വര്‍ട്ടഡ് എസി വയ്ക്കുന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം നഷ്ടമാണ്.

സാധാരണ എസി കളുടെ വില 15,600ല്‍ തുടങ്ങുമ്പോള്‍ ഇന്‍വര്‍ട്ടഡ് എസിക്ക് 25,000ന് മുകളില്‍ വിലയുണ്ട് . ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ വിലയൊന്നും ആളുകള്‍ക്ക് ഇന്നൊരു പ്രശ്‌നമാകുന്നില്ലെന്നാണ് കോഴിക്കോട്ടെ പ്രമുഖരായ പല എസി കച്ചവടക്കാരുടേയും പ്രതികരണം. ഇന്‍വര്‍ട്ടഡ് എസി കളില്‍ തന്നെ ത്രീ സ്റ്റാര്‍ ആണ് ആളുകള്‍ കൂടുതലായും അന്വേഷിച്ച് കടകളിലേക്ക് എത്തുന്നത്. ഇന്ത്യ മൊത്തത്തില്‍ പരിശോധിച്ചാല്‍ വിടുകളില്‍ ഉപയോഗിക്കുന്നതിനായി ഏതാണ്ട് 60 ശതമാനം വില്‍പനയും നടക്കുന്നത് ഈ ത്രീ സ്റ്റാര്‍ റേറ്റഡ് എസികളിലാണ്. 120-140 ചതുരശ്ര അടി വരെ തണുപ്പിക്കാന്‍ ശേഷിയുള്ള ഒരു ടണ്‍ എസിക്ക് ഏകദേശം 26,000 മുതല്‍ 30,000 വരെ വിലയുണ്ട്. ഇവയുടെ സ്റ്റാര്‍ റേറ്റിങുകള്‍ നിശ്ചയിക്കുന്നത് സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റാണ്.

കഴിഞ്ഞ വര്‍ഷത്തേപ്പോലെ സ്‌റ്റോക്കുകള്‍ തികയാതെ വരുന്ന സാഹചര്യം ഉണ്ടാക്കാത്ത വിധം ഇത്തവണ മിക്ക ഷോറൂമുകളില്‍ സ്‌റ്റോക്കുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. വേനല്‍കാലം കനത്തതോടുകൂടി കോഴിക്കോട് കണ്ണങ്കണ്ടിയിലേക്ക് എത്തുന്ന എസി യുടെ ആവശ്യക്കാര്‍ ദിനം പ്രതി കൂടിവരുന്നു. ‘ കഴിഞ്ഞ വര്‍ഷം എസി വിപണിയുടെ ബൂം പിരീഡ് എന്നാണ് പറയപ്പെട്ടിരുന്നത്. ഈ വര്‍ഷവും അതേ പോലെ എസി യുടെ ബിസിനസ് തുടരുന്നു. പോയ വര്‍ഷത്തേക്കാള്‍ ചൂട് കൂടിയിട്ടും നോട്ട് ക്ഷാമം സാമ്പത്തിക മേഖലയെ ബാധിച്ചതാണ് മുന്‍ വര്‍ഷത്തേക്കാള്‍ ബിസിനസ് കൂടാതിരുന്നതിന്റെ കാരണം’ കണ്ണങ്കണ്ടി മാനേജിങ് ഡയറക്ടര്‍ പരീദ് കണ്ണങ്കണ്ടി ഫ്യൂച്ചര്‍ കേരളയോട് പ്രതികരിച്ചു. കേരളത്തിലെ കണ്ണങ്കണ്ടി ഷോറൂമുകളില്‍ ഏറ്റവും കൂടുതല്‍ എസി വിറ്റഴിയുന്നത് കോഴിക്കോടാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കേരളത്തില്‍ അനുഭവപ്പെടുന്ന ചൂട് ഒരു സാധാരണ മനുഷ്യ ശരീരത്തിനു താങ്ങാനാവുന്നതിലും കൂടുതലാണ്. ഓരോ വര്‍ഷം കഴിയും തോറും ചൂടിന്റെ തോതും വേനല്‍ക്കാലയളവും വര്‍ധിക്കുന്നു. ഈ സാഹചര്യമാണ് എസി വിപണിക്കും കച്ചവടക്കാര്‍ക്കും ഏറെ അനുകൂലമാകുന്നത്. സത്യത്തില്‍ ചൂട് വര്‍ധിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ഒരേയൊരു വിഭാഗക്കാര്‍ ഇവരാണ്. മാര്‍ച്ച്, ഏപ്രില്‍, മേയ് എന്നീ മൂന്ന് മാസങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മികച്ച കച്ചവടം എസി വിപണിയില്‍ ഉണ്ടായിട്ടുണ്ടെന്ന് കോഴിക്കോട്ടെ ഇഹം ഡിജിറ്റല്‍ എസി ഫ്‌ളോര്‍ ഇന്‍ ചാര്‍ജ് കെ എ മിലന്‍ പറഞ്ഞു. മറ്റ് ഇലക്ട്രോണിക് വസ്തുക്കളേക്കാള്‍ ഏറെയാണിന്ന് എസി യുടെ സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണയായി എസി വീടുകളില്‍ ഉപയോഗിക്കുമ്പോള്‍ കേള്‍ക്കുന്ന ഒരു പതിവു പല്ലവിയുണ്ട്, വാതിലുകളും ജനലുകളും തുറന്നിടരുത്, അതുവഴി നല്ലൊരുഭാഗം വൈദ്യുതി നഷ്ടമാകുമെന്ന്. എന്നാല്‍ ആ വിധത്തില്‍ എല്ലാം അടച്ചുപൂട്ടി എസി ഇടുന്നവര്‍ ഓര്‍ക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. അടച്ചു പൂട്ടി ഇടുന്ന മുറിയിലേക്ക് ഓക്‌സിജന്റെ പ്രവേശനം നന്നേ കുറവാണ്, രാത്രി മുറി അടച്ചിട്ട് എസി ഓണ്‍ തചെയ്ത് ഉറങ്ങുന്നവര്‍ സൂക്ഷിക്കുക, ഏകദേശം എട്ടു മണിക്കൂര്‍ ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കാന്‍ ചിലപ്പോള്‍ ആളുതന്നെ ബാക്കിയുണ്ടാവില്ല. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് നിറഞ്ഞിരുന്ന റൂമില്‍ ആര്‍ക്കും കൂടുതല്‍ സമയം നില്‍ക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള എസി യുടെ ഉപയോഗം മൂലം ആളുകള്‍ക്ക് പല രോഗങ്ങളും ഭാവിയില്‍ പിടിപെട്ടേക്കാം. ഒരിക്കലും എസി സ്ഥാപിക്കുന്ന മുറി പൂര്‍ണമായും അടച്ചിടാന്‍ പാടില്ല.

വായു ഉള്ളിലേക്ക് കടക്കാനുള്ള ചെറിയ മാര്‍ഗം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കോഴിക്കോട്ടെ ബ്ലൂ സ്റ്റാര്‍ ഷോറൂമില്‍ എസി വാങ്ങാനായി എത്തുന്നവര്‍ക്ക് ഈ അറിവു കൂടി പകര്‍ന്നുനല്‍കുന്നുണ്ട് കോഴിക്കോട് കൂളിങ് സിസ്റ്റം ബ്ലൂ സ്റ്റാര്‍ ഡീലറായ വി കെ വിജയന്‍. ഇവര്‍ ഡീല്‍ ചെയ്ത് വരുന്ന എസി കളുടെ വില 26,000 മുതല്‍ ഒരു ലക്ഷത്തിനും മേലെയാണ്. കൂടുതലായും വന്‍കിട സ്ഥാപനങ്ങളെയും കമ്പനികളെയുമാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. കുറഞ്ഞ വൈദ്യുതി ഉപഭോഗം, ഒരു വര്‍ഷ വാറന്റി, മെച്ചപ്പെട്ട മറ്റ് സേവനങ്ങള്‍ എന്നിവ പരിഗണിക്കുമ്പോള്‍, ഉപഭോക്താക്കള്‍ക്ക് വില അല്‍പം കൂടിയാലും കുഴപ്പമില്ല എന്ന പക്ഷക്കാരാണ്. ഒരോ വര്‍ഷവും ചൂട് വര്‍ധിച്ചു വരുന്നതിനാല്‍ എസി ഇനി എല്ലാ സ്ഥലങ്ങളിലും അനിവാര്യമായ ഒന്നാകുമെന്നും ഈ സാഹചര്യത്തില്‍ കേരളത്തില്‍ എസി വിപണി തകരില്ലെന്നും കോഴിക്കോട്ടെ ഓരോ എസി ബിസിനസുകാരനും തറപ്പിച്ച് പറയുന്നു.

‘കഴിഞ്ഞ വര്‍ഷം എസി വിപണിയുടെ ബൂം പിരീഡ് എന്നാണ് പറയപ്പെട്ടിരുന്നത്. ഈ വര്‍ഷവും അതേ പോലെ ബിസിനസ് തുടരുന്നു. പോയ വര്‍ഷത്തേക്കാള്‍ ചൂട് കൂടിയിട്ടും നോട്ട് ക്ഷാമം സാമ്പത്തിക മേഖലയെ ബാധിച്ചതാണ് മുന്‍ വര്‍ഷത്തേക്കാള്‍ ബിസിനസ് കൂടാതിരുന്നതിന്റെ കാരണം’ പരീദ് കണ്ണങ്കണ്ടി, മാനേജിങ് ഡയറക്ടര്‍, കണ്ണങ്കണ്ടി.

‘മാര്‍ച്ച്, ഏപ്രില്‍, മേയ് എന്നീ മൂന്ന് മാസങ്ങളിലും പോയ വര്‍ഷത്തെ പോലെ തന്നെ മികച്ച കച്ചവടം എസി വിപണിയില്‍ ഉണ്ടായിട്ടുണ്ട്. മറ്റ് ഇലക്ട്രോണിക് വസ്തുക്കളേക്കാള്‍ ഏറെയാണ് ഇന്ന് എസി യുടെ സാധ്യത’ കെ എ മിലന്‍, എസി ഫ്‌ളോര്‍ ഇന്‍ ചാര്‍ജ്, ഇഹം ഡിജിറ്റല്‍

Comments

comments