മോഡല്‍ വൈ എന്ന ഇലക്ട്രിക് ക്രോസ്ഓവറിന്റെ പണിപ്പുരയില്‍ ടെസ്‌ല

മോഡല്‍ വൈ എന്ന ഇലക്ട്രിക് ക്രോസ്ഓവറിന്റെ പണിപ്പുരയില്‍ ടെസ്‌ല
2019 തുടക്കത്തില്‍ ക്രോസ്ഓവറിന്റെ അസ്സംബ്ലിംഗ് ആരംഭിക്കും

ന്യൂ ഡെല്‍ഹി : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ പുതിയ ക്രോസ്ഓവര്‍ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. എന്നാല്‍ മോഡല്‍ വൈ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കും മോഡല്‍ വൈ വരുന്നതെന്ന് സാങ്കേതികവിദ്യാ വ്യവസായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓണ്‍ലൈന്‍ പബ്ലിഷര്‍ ടെക് ക്രഞ്ച് വ്യക്തമാക്കി. 2019 തുടക്കത്തില്‍ പുതിയ ക്രോസ്ഓവറിന്റെ അസ്സംബ്ലിംഗ് ആരംഭിക്കുമെന്നും ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെസ്‌ലയില്‍നിന്ന് പുറത്തുവരുന്ന നാലാമത്തെ മോഡലാണ് മോഡല്‍ വൈ എന്ന ക്രോസ്ഓവര്‍. പരമ്പരാഗത ഇലക്ട്രിക് കാറുകളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും മോഡല്‍ വൈ. 12 വോള്‍ട്ട് ഇലക്ട്രിക്കല്‍ സപ്ലൈ സിസ്റ്റം ഉപേക്ഷിക്കാനാണ് ഇലോണ്‍ മസ്‌ക് ആലോചിക്കുന്നത്. ഇതുവഴി വയറിംഗ് കുറയ്ക്കാമെന്നും നിര്‍മ്മാണച്ചെലവ് കുറയുമെന്നുമാണ് ഇലോണ്‍ മസ്‌ക് കരുതുന്നത്. പകരം പുതിയ ഇലക്ട്രിക് സപ്ലൈ സിസ്റ്റം വികസിപ്പിക്കാനാണ് തീരുമാനം.

ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ മോഡല്‍ 3 അവതരിപ്പിക്കാനാണ് ടെസ്‌ല തയ്യാറെടുക്കുന്നത്. ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറുമെന്ന് ഇലോണ്‍ മസ്‌ക് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. മോഡല്‍ 3 യുടെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്. 35,000 ഡോളര്‍ (ഏകദേശം 23.5 ലക്ഷം രൂപ) വില വരുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ വില കുറച്ചധികം കൂടിയേക്കും. കാര്‍ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുന്നതുകൊണ്ടാണ് വില ഉയരുന്നത്. അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങളാണ് തുടക്കത്തില്‍ ടെസ്‌ല ഇന്ത്യയില്‍ നേരിടുന്ന വെല്ലുവിളി. പാതകളില്‍ ശരിയായ ലെയ്ന്‍ മാര്‍ക്കിംഗ് ഇല്ലാത്തത്തിനാല്‍ ഓട്ടോപൈലറ്റ് സാങ്കേതികവിദ്യ ഇല്ലാതെയായിരിക്കും ടെസ്‌ല ഇന്ത്യയില്‍ മോഡല്‍ 3 വില്‍ക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം പദ്ധതി അനുസരിച്ച് വിലയില്‍ ഇളവ് ലഭിക്കുന്നതാണ് ചെറിയ ആശ്വാസം. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഇലക്ട്രിക് ആന്‍ഡ് ഹൈബ്രിഡ് വെഹിക്ക്ള്‍സ് (ഫെയിം) പദ്ധതിയനുസരിച്ച് ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ക്ക് 1.28 ലക്ഷം രൂപ വരെ വിലയില്‍ ഇളവ് ലഭിക്കും. ലിഥിയം-അയണ്‍ ബാറ്ററികളും സൂപ്പര്‍ചാര്‍ജറുകളും നിര്‍മ്മിക്കുന്നതിന് പ്ലാന്റ് സ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.

Comments

comments

Categories: Auto