സമ്പൂര്‍ണ മാറ്റത്തിനായി റെറ ; റിയല്‍ എസ്റ്റേറ്റ് മേഖല ശുദ്ധീകരിക്കും

സമ്പൂര്‍ണ മാറ്റത്തിനായി റെറ ; റിയല്‍ എസ്റ്റേറ്റ് മേഖല ശുദ്ധീകരിക്കും
റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) നിയമം- റെറ 2016 ഒട്ടുമിക്ക
ബില്‍ഡര്‍മാരും പരക്കെ സ്വാഗതം ചെയ്യുമ്പോഴും ചിലരിലെങ്കിലും ആശങ്കകള്‍
ബാക്കിയാകുന്നുണ്ട്

നീതു കെ

നിങ്ങള്‍ കഠിനാധ്വാനത്തിലൂടെ പണം മുടക്കി സമ്പാദിച്ച കണ്‍സ്ട്രക്ഷന്‍ പദ്ധതികളില്‍ എന്തെങ്കിലും പാളിച്ചകള്‍ ഉണ്ടെങ്കില്‍പ്പോലും ഇനി സുരക്ഷിതമായി ഉപേക്ഷിക്കാം. 2017 മെയ് ഒന്നിന് പ്രാവര്‍ത്തികമായ റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) നിയമം -റെറ 2016 ലൂടെ പ്രൊജക്റ്റിന്റെ കൃത്യസമയത്തുള്ള പൂര്‍ത്തീകരണവും ന്യായമായ നടപടിക്രമങ്ങളുമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. മെയ് ഒന്നു മുതല്‍ തന്നെ നിയമത്തിന്റെ ഭാഗമായുള്ള ആദ്യ നിയന്ത്രണവും റെറ ഇന്ത്യയില്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. തെറ്റുകള്‍ സംഭവിച്ച് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിര്‍മാതാക്കളുടെ മേല്‍ പിഴ ചുമത്തിയും പദ്ധതിയുടെ നിര്‍മാണ കാലയളവില്‍ നിയമവിരുദ്ധമായി ലാഭം കൊയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയമം ശ്രമിക്കുന്നുണ്ട്.

നിര്‍മാണം പൂര്‍ത്തീകരിച്ച് ഭവനം കൈമാറാന്‍ വൈകുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. പക്ഷേ ഇനിയത് നടപ്പില്ല. ഫഌറ്റോ വില്ലയോ എന്തുമായിക്കൊള്ളട്ടെ, കൈമാറ്റം വൈകിയാല്‍ പലിശ സഹിതം മുഴുവന്‍ തുകയും ബില്‍ഡര്‍മാര്‍ തിരിച്ചുകൊടുക്കേണ്ടിവരും. അതേസമയം ഉപഭോക്താവ് പിന്‍വാങ്ങുന്നില്ലെങ്കില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറുന്നതുവരെ ഓരോ മാസവും ബില്‍ഡര്‍ പലിശ നല്‍കിക്കൊണ്ടിരിക്കണം. പരാതി പരിഹാര സംവിധാനമെന്ന നിലയില്‍ ഓരോ സംസ്ഥാനത്തും സംസ്ഥാന റിയല്‍ എസ്‌റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ രൂപീകരിക്കും. മേല്‍ക്കോടതി പോലെ അപ്പലേറ്റ് ട്രിബ്യൂണലും ഉണ്ടാകും.

കൃത്യസമയത്ത് ഉപഭോക്താക്കള്‍ പെയ്‌മെന്റുകള്‍ നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തിയും രജിസ്‌ട്രേഷന്‍ അടക്കമുള്ള എല്ലാ നടപടികളും കൃത്യമായി മുന്നോട്ട് പോകുന്നത് വിലയിരുത്തിയും റെറ ഡെവലപ്പര്‍മാരെയും സഹായിക്കുന്നുണ്ട്. എംസിഡി നികുതി, പൊതു- സ്വകാര്യ പാര്‍ട്ടികള്‍ക്കുള്ള പെയ്‌മെന്റ് എന്നിവ വളരെ കൃത്യതയോടും മികച്ച രീതിയിലും ഡോക്യുമെന്റ് ചെയ്യപ്പെടുന്നുവെന്ന് നിയമം ഉറപ്പുവരുത്തുന്നു. റെറ നിയമം റിയല്‍ എസ്റ്റേറ്റ് വില താഴേക്ക് കൊണ്ടുവരുമെന്നും എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഇത് സഹായിക്കുമെന്നും എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കിയിട്ടുണ്ട്. റെറ പ്രാബല്യത്തില്‍ വരുന്നതോടെ ഒരു പുതിയ യുഗത്തിന് തന്നെ തുടക്കമാകുമെന്നും ഇതോടെ ഉപഭോക്താക്കളാവും രാജാവെന്നും അദ്ദേഹം പ്രതികരിച്ചു. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും നിയമങ്ങളുപയോഗിച്ച് വളരെ നിയന്ത്രിതമായ പരിതസ്ഥിതി സൃഷ്ടിക്കാനും റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാനും ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിയുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു മേഖല നിയമസാധുതയുള്ളതായി മാറുമെന്നാണ് ഡെവലപ്പര്‍മാരും പ്രമോട്ടര്‍മാരുമടക്കം പ്രതീക്ഷിക്കുന്നത്. നിയമം അനുശാസിക്കുന്ന രീതികള്‍ പിന്തുടര്‍ന്നു കഴിഞ്ഞാല്‍ പ്രമോട്ടര്‍മാര്‍ക്ക് ശുദ്ധവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പുനല്‍കാന്‍ സാധിക്കും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ ആവശ്യമായ ഡോക്യുമെന്റേഷവും റെറ രജിസ്‌ട്രേഷന്‍ നമ്പരും വെബ്‌സൈറ്റ് അഡ്രസും നിര്‍ദിഷ്ട മൂന്നു മാസ കാലയളവില്‍ പ്രമോട്ടര്‍ക്ക് ലഭ്യമാകും. ഈ കാലയളവിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ റെറ പ്രകാരം അവരുടെ മാര്‍ക്കറ്റിംഗും വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നിയമ വിരുദ്ധമായിത്തീരും.

അംഗീകാരം ലഭിച്ച പ്ലാനുകള്‍, പെന്‍ഡിംഗ് അപ്രൂവലുകള്‍, പദ്ധതിക്കായി കണക്കാക്കിയ ചിലവുകള്‍ (ഭൂമിക്കും നിര്‍മാണത്തിനുമായുള്ള ചിലവുകള്‍ വേര്‍തിരിച്ച്) മറ്റു ചിലവുകള്‍ തുടങ്ങിയ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം റെറയുടെ രജിസ്‌ട്രേഷന്‍ നേടിയെടുക്കുന്നതിനായി ബില്‍ഡര്‍മാര്‍ സമര്‍പ്പിക്കേണ്ടതുണ്ട്. റെറയ്്ക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഓരോ വിവരവും പ്രമോട്ടര്‍മാരുടെ ഭാഗത്തുനിന്നുള്ള തെറ്റുകളും പിഴവുകളും ഒഴിവാക്കുന്നതിനായി കൃത്യമായി സൂക്ഷ്മപരിശോധനകള്‍ക്ക് വിധേയമാക്കും. നിയമം കൃത്യമായി നടപ്പിലാക്കപ്പെട്ടാല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തപൂര്‍ണവും ഉപഭോക്തൃ സൗഹൃദവുമാകും.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ ബില്‍ഡര്‍ക്ക് റെഗുലേറ്ററി അതോറിറ്റി ലോഗിന്‍ ഐഡിയും പാസ്‌വേഡും നല്‍കും. ഇതുപയോഗിച്ച് ഇവരുടെ വെബ്‌സൈറ്റില്‍ സ്വന്തം പേജ് നിര്‍മിക്കാനും പ്രോജക്റ്റിന്റെ വിശദവിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനും കഴിയും. ഓരോ സാമ്പത്തിക പാദത്തിലും പ്രോജക്റ്റുകളുടെ എണ്ണവും അപ്പാര്‍ട്ട്‌മെന്റുകളുടെയും പ്ലോട്ടുകളുടെയും പ്രത്യേകതകളും പുറത്തുവിടും. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു പ്രോജക്റ്റിന്റെയും പ്ലോട്ട്, അപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയവയുടെ പരസ്യം നല്‍കാനോ ബുക്കിംഗ് സ്വീകരിക്കാനോ വില്‍പ്പന നടത്താനോ പാടില്ല. പ്രോജക്റ്റുകളുടെ പരസ്യം പ്രസിദ്ധീകരിക്കുമ്പോള്‍ റെറ അനുവദിച്ച രജിസ്‌ട്രേഷന്‍ നമ്പറും പ്രദര്‍ശിപ്പിക്കണം.

റിയല്‍ എസ്റ്റേറ്റ് വിലയില്‍ ഇത്തരമൊരു നിയമം കുറച്ചുകാലത്തേക്ക് ചാഞ്ചാട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. പദ്ധതിയുടെ ഇന്‍ഷ്വറന്‍സ്, നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെയും ചേരുവകളുടെയും ഗുണനിലവാര പരിശോധന എന്നിവ തുടക്കത്തില്‍ കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. ഇത് റിയല്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന പ്രക്രീയയില്‍ ആശയക്കുഴപ്പമുണ്ടാക്കി. റെറ നിലവില്‍ വരുന്നതോടെ സര്‍ക്കിള്‍ നിരക്ക് അല്‍പ്പം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടപാടുകളിലെ കള്ളപ്പണത്തിന്റെ സ്വാധീനം ഗണ്യമായി കുറയുമെന്നതിനാലാണ് ഇത്. ക്രമേണ വിലകുറയുന്നതിലേക്കും ഇത് നയിക്കും.

ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡീഷ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളും ആന്‍ഡമാന്‍, ചണ്ഡിഗഡ്, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ്, ഡല്‍ഹി എന്നിവിടങ്ങളിലും നിയമം നടപ്പാക്കിക്കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍ ഒഴിവാക്കാനും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനും 2015ലാണ് സംസ്ഥാന സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് അതോറിറ്റിക്കു രൂപം നല്‍കിയത്.

നിയമം കേരളത്തിലും : മികച്ച നീക്കമെന്ന് കേരളത്തിലെ ബില്‍ഡര്‍മാര്‍

കേന്ദ്ര സര്‍ക്കാരിന്റെ റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ നിയമം സംസ്ഥാനത്തു നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന റിയല്‍ എസ്റ്റേറ്റ് അതോറിറ്റി റദ്ദാക്കാനുള്ള ബില്‍ ഈ നിയമസഭാസമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. ബില്‍ നിയമസഭ പാസാക്കിയാല്‍ കേന്ദ്രനിയമം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും. തുടര്‍ന്നു കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ക്കു രൂപം നല്‍കുകയും റിയല്‍ എസ്റ്റേറ്റ് അതോറിറ്റിയും ട്രൈബ്യൂണലും രൂപവല്‍ക്കരിക്കുകയും വേണം. എല്ലാ സംസ്ഥാനങ്ങളോടും നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളത്തിലെ നടപടികള്‍ വൈകുകയായിരുന്നു. സംസ്ഥാന റിയല്‍ എസ്റ്റേറ്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കരട് ചട്ടങ്ങള്‍ തയാറാക്കി കഴിഞ്ഞ ഒക്ടോബറില്‍ തന്നെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിയമ വുകുപ്പിന്റെ ഭാഗത്തു നിന്നും തീരുമാനങ്ങളൊന്നുമുണ്ടായില്ല.

കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന അതോറിറ്റി പിരിച്ചുവിടാന്‍ മാര്‍ച്ചില്‍ തന്നെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സംസ്ഥാന ആക്ട് റദ്ദാക്കാനുള്ള കരടു നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നതെങ്കിലും നടന്നില്ല. സമ്മേളനം കഴിഞ്ഞ് ഓര്‍ഡിനന്‍സ് ആയി ഇറക്കാന്‍ തദ്ദേശവകുപ്പു ശ്രമം നടത്തിയെങ്കിലും അതിനിടെ നിയമസഭാസമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഇതോടെയാണു വീണ്ടും ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബില്‍ നിയമസഭ പാസാക്കിയാലും നിയമം നടപ്പാകാന്‍ ചുരുങ്ങിയത് ആറുമാസമെങ്കിലുമെടുക്കും. കരടുചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചു പൊതുജനാഭിപ്രായം തേടിയ ശേഷം മാത്രമായിരിക്കും അന്തിമ അംഗീകാരം നല്‍കുക.

അതേസമയം, റെറയെ എല്ലാ അര്‍ത്ഥത്തിലും സ്വാഗതം ചെയ്യുന്നതായി കേരളത്തിലെ പ്രമുഖ ബില്‍ഡര്‍മാര്‍ ഫ്യൂച്ചര്‍ കേരളയോട് പ്രതികരിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയെ ശുദ്ധീകരിക്കുന്ന നടപടിയായിരിക്കും പുതിയ നിയമമെന്ന് കേരളത്തില്‍ പ്രമുഖ റിയല്‍റ്റേര്‍സ് ആയ സ്ഥാവര റിയല്‍റ്റേര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ എസി ജോസഫ് പ്രതികരിച്ചു. നിയമങ്ങള്‍ എല്ലായ്‌പ്പോഴും നല്ലതാണെന്നും അത് മേഖലയില്‍ കൂടുതല്‍ അടുക്കും ചിട്ടയും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ‘ പുതിയ നിയമത്തെ സ്വാഗതം ചെയ്യുന്നു. നിയമങ്ങള്‍ ഉണ്ടാവുന്നത് എക്കാലവൂം നല്ലതാണ്. അത് മികച്ച രീതിയില്‍ നടപ്പിലാക്കുന്നതില്‍ക്കൂടി ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ ആക്റ്റ് ഉപഭോക്താക്കള്‍ക്കും ബില്‍ഡര്‍മാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. മേഖല കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാകുന്നതിന് ഇതുവഴി സാധിക്കും. അതിലൂടെ ഉപഭോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും കഴിയും,’ അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും ഭവനം എന്ന സ്വപ്‌നം റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ ആക്റ്റിലൂടെ പ്രാവര്‍ത്തികമാവുന്ന വാദത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇത് എങ്ങനെ നടപ്പാകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നതെന്ന് മനസിലായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഉപഭോക്താക്കളുടെ കാഴ്ചപ്പാടും നിക്ഷേപകരുടെ കാഴ്ച്ചപ്പാടുമെല്ലാം പരിഗണിക്കുമ്പോള്‍ റെറ വളരെ നല്ല നീക്കമാണെന്ന് ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പ്രൊജക്റ്റ് ഹെഡ് കെ സക്കറിയ ജോര്‍ജ്ജ് വ്യക്തമാക്കുന്നു. ”ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത ഡെവലപ്പേര്‍സിനെ ഒഴിവാക്കാന്‍ പറ്റുമെന്നതും, സത്യസന്ധരായ ഉപഭോക്താകളെ മാത്രം നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ സാധിക്കുമെന്നതും ഇതിന്റെ നല്ല വശങ്ങളാണ്. പക്ഷേ ഇതിലെ ചില വകുപ്പുകള്‍ മേഖലയെ തന്നെ തകര്‍ക്കുന്ന തരത്തിലുള്ളതാണെന്നതുകൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. റിസ്‌ക് കൂടുതലാണെന്നതിനാല്‍ തന്നെയും അപ്പാര്‍ട്ട്‌മെന്റുകളുടെ വില കൂടാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല,” അദ്ദേഹം വിശദീകരിച്ചു. അവസരവാദികളായിട്ടുള്ള കുറേ ഡെവലപ്പര്‍മാരെയെല്ലാം ഇതോടെ ഒഴിവാക്കിക്കിട്ടുമെന്നും, അത് കേരളത്തിനുമാത്രമല്ല ഇന്ത്യയിലൊന്നടങ്കം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ തന്റെ കാഴ്ചപ്പാടില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വില കൂടുമെന്നു തന്നെയാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഇത്തരമൊരു നിയമത്തിനു കീഴില്‍ കൊണ്ടുവരുന്നത് മേഖലയെ സംഘടിതമാക്കാന്‍ സഹായിക്കുമെന്ന് യശോറാം ബില്‍ഡേഴ്‌സിന്റെ പാര്‍ട്ണര്‍ രോഹിത് വി പ്രഭു അഭിപ്രായപ്പെട്ടു. ‘ മികച്ച രീതിയില്‍ തെറ്റുകുറ്റങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ബില്‍ഡര്‍മാരെ സംബന്ധിച്ചിടത്തോളം പുതിയ നിയമം ഏറെ ഗുണം ചെയ്യും. ഇത്രയും കാലം അസംഘടിതമായി പ്രവര്‍ത്തിച്ചിരുന്ന മേഖലയ്ക്ക് ഒരു നിയമത്തിന്‍ കീഴില്‍ സംഘടിത സ്വഭാവം കൈവരും. ഉപഭോക്താക്കള്‍ക്കും ബില്‍ഡര്‍മാര്‍ക്കും ഇത് ഒരു പോലെ ഗുണകരമാണ്.

ഉപേഭാക്താവിന്റെ പക്ഷത്തു നില്‍ക്കുന്ന നിയമത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ചൂഷണങ്ങള്‍ നിയന്ത്രിക്കാന്‍ ഒട്ടേറെ വ്യവസ്ഥകളുണ്ട്. പണം കൈപ്പറ്റിയശേഷം നിര്‍മാണം വൈകിച്ചാല്‍ കെട്ടിട നിര്‍മാതാവ് പണവും പലിശയും നഷ്ടപരിഹാരവും നല്‍കേണ്ടിവരും. ഇതേസമയം, തവണ മുടക്കാതിരിക്കാനും വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാനും ഉപയോക്താവും ബാധ്യസ്ഥനാകും ‘ അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് കൂടുതല്‍ അഴിമതികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ വിരളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ബില്‍ഡര്‍മാരെ സംബന്ധിച്ച് മാത്രമേ നിയമം ഭയപ്പെടുത്തുന്ന വസ്തുതയാവുകയുള്ളുവെന്നും രോഹിത് പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിയന്ത്രിക്കാന്‍ ഇത്തരത്തിലൊരു നിയമം ഉണ്ടാവുന്നത് ഏറെ ഉചിതമാണെന്നും തങ്ങള്‍ ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും ആര്‍ഡിഎസ് റിയല്‍റ്റീസ് ലിമിറ്റഡിന്റെ ജനറല്‍ മാനേജര്‍ എബ്രഹാം ജോര്‍ജ്ജ് മാമ്പിള്ളി അഭിപ്രായപ്പെട്ടു. ‘ ഉപയോക്താക്കളില്‍ നിന്നു വാങ്ങുന്ന പണത്തിന്റെ നിശ്ചിത ശതമാനം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണം, ഒരു പദ്ധതിയുടെ പണം മറ്റു പദ്ധതികള്‍ക്കായി വകമാറ്റാനാവില്ല തുടങ്ങിയ വ്യവസ്ഥകള്‍ മേഖലയെ കൂടുതല്‍ സുതാര്യമാക്കും. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി വിപണിയില്‍ സ്ഥാനമുണ്ടാവില്ല. അവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ വരും. അതേസമയം ആര്‍ഡിഎസ് പോലെ വിശ്വാസ്യതയോടെ മേഖലയെ സമീപിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. വിപണിയില്‍ വളരെ പെട്ടന്ന നിയമത്തിന്റെ ഗുണഫലങ്ങള്‍ പ്രകടമാവില്ലെങ്കില്‍പ്പോലും കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇതിന്റെ മികച്ച ഫലം ലഭ്യമാവുക തന്നെ ചെയ്യും’ അദ്ദേഹം വ്യക്തമാക്കി.

‘ഉപഭോക്താക്കള്‍ക്കും ബില്‍ഡര്‍മാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. മേഖല കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാകും’ എ സി ജോസഫ്, മാനേജിംഗ് ഡയറക്റ്റര്‍, സ്ഥാവര റിയല്‍റ്റേര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

‘നിയമത്തിലെ ചില വകുപ്പുകള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയേത്തന്നെ തകര്‍ക്കുന്ന തരത്തിലുള്ളതാണ്. റിസ്‌ക് കൂടുതലാണെന്നതിനാല്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വില കൂടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല”കെ സക്കറിയ ജോര്‍ജ്ജ്, പ്രൊജക്റ്റ് ഹെഡ്, ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്

‘മികച്ച രീതിയില്‍ തെറ്റുകുറ്റങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ബില്‍ഡര്‍മാരെ സംബന്ധിച്ചിടത്തോളം പുതിയ നിയമം ഏറെ ഗുണം ചെയ്യും. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഒരു നിയമത്തിന്‍ കീഴില്‍ സംഘടിത സ്വഭാവം കൈവരും’ രോഹിത് വി പ്രഭു, പാര്‍ട്ണര്‍, യശോറാം ബില്‍ഡേഴ്‌സ്

‘ഉപയോക്താക്കളില്‍ നിന്നു വാങ്ങുന്ന പണത്തിന്റെ നിശ്ചിത ശതമാനം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണം, ഒരു പദ്ധതിയുടെ പണം മറ്റു പദ്ധതികള്‍ക്കായി വകമാറ്റാനാവില്ല തുടങ്ങിയ വ്യവസ്ഥകള്‍ മേഖലയെ കൂടുതല്‍ സുതാര്യമാക്കും ‘എബ്രഹാം ജോര്‍ജ്ജ് മാമ്പിള്ളി, ജനറല്‍ മാനേജര്‍, ആര്‍ഡിഎസ് റിയല്‍റ്റീസ് ലിമിറ്റഡ്

Comments

comments