ഇലക്ട്രിക് കാര്‍ പ്രോത്സാഹനത്തിന് കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി നീതി ആയോഗ്

ഇലക്ട്രിക് കാര്‍ പ്രോത്സാഹനത്തിന് കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി നീതി ആയോഗ്
ഹൈബ്രിഡ് വാഹനങ്ങളെ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങളെ മാത്രമാണ് കരട് റിപ്പോര്‍ട്ട്
പരാമര്‍ശിക്കുന്നത്

ന്യൂ ഡെല്‍ഹി : രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി നീതി ആയോഗ് രംഗത്ത്. നികുതി കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കുക തുടങ്ങിയ ശുപാര്‍ശകളാണ് നീതി ആയോഗ് മുന്നോട്ടുവെയ്ക്കുന്നത്.

2018 അവസാനത്തോടെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ബാറ്ററി നിര്‍മ്മാണ പ്ലാന്റ് തുടങ്ങുക, പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പനയില്‍നിന്ന് ലഭിക്കുന്ന നികുതി വരുമാനം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് വിനിയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നീതി ആയോഗിന്റെ 90 പേജ് വരുന്ന കരട് റിപ്പോര്‍ട്ടിലുള്ളത്. നീതി ആയോഗ് എന്ന ആസൂത്രണ സമിതിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്. 2032 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമായി മാറുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം.

നീതി ആയോഗിന്റെ കരട് റിപ്പോര്‍ട്ട് ഹൈബ്രിഡ് വാഹനങ്ങളെ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫെയിം പദ്ധതിയനുസരിച്ച് ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയും ഇളവുകളും നല്‍കിയിരുന്നു. പുതിയ റിപ്പോര്‍ട്ടില്‍ ഹൈബ്രിഡ് വാഹനങ്ങളെ മാറ്റി നിര്‍ത്തുന്നതില്‍ ചില വാഹന നിര്‍മ്മാതാക്കള്‍ക്ക് ആശങ്കയുണ്ട്. ട്രാന്‍സ്‌ഫോര്‍മേറ്റീവ് മൊബിലിറ്റി സൊലൂഷന്‍സ് ഫോര്‍ ഇന്ത്യ എന്ന പേരിലാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

പ്ലഗ്-ഇന്‍ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ചൈന കഴിഞ്ഞ വര്‍ഷം സബ്‌സിഡി, റിസര്‍ച്ച് ഫണ്ടിംഗ് തുടങ്ങിയ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ത്യ ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നല്‍കിയത്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ 2030 ഓടെ എണ്ണ ഇറക്കുമതി പകുതിയായി കുറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. പാരിസ് കാലാവസ്ഥാ ഉച്ചകോടിയിലെ വാഗ്ദാനമനുസരിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവരികയും വേണം.

കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയത്തിനനുസരിച്ച് വാഹന നിര്‍മ്മാതാക്കള്‍ക്ക് നിക്ഷേപം നടത്തേണ്ടിവരും. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്കായി നിക്ഷേപം നടത്തിയിട്ടുണ്ട്. ടൊയോട്ടയാണെങ്കില്‍ ലക്ഷ്വറി ഹൈബ്രിഡ് കാമ്‌റി സെഡാന്‍ ഇന്ത്യയില്‍ വില്‍ക്കുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാത്രമാണ് രാജ്യത്തെ ഒരേയൊരു ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍.

2015 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്ക്ള്‍സ് (ഫെയിം) എന്ന പദ്ധതി അവതരിപ്പിച്ചിരുന്നു. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതിയനുസരിച്ച് 2020 ഓടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന എഴുപത് ലക്ഷമായി വര്‍ധിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ചില കാറുകള്‍ക്ക് 1.40 ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കിയിട്ടും പദ്ധതി വിചാരിച്ചത്ര മുന്നേറ്റം ഉണ്ടാക്കിയില്ല. 2016 ല്‍ രാജ്യത്ത് വിറ്റ മുപ്പത് ലക്ഷം പാസഞ്ചര്‍ വാഹനങ്ങളില്‍ ചെറിയൊരു ശതമാനം മാത്രമായിരുന്നു ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് പദ്ധതി അവസാനിച്ചെങ്കിലും ആറ് മാസത്തേക്ക് കൂടി താല്‍ക്കാലികമായി നീട്ടിയിരിക്കുകയാണ്. നയപരമായ കാര്യങ്ങളിലെ അവ്യക്തത കാരണം വാഹന മേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിന് കമ്പനികള്‍ മടിക്കുകയാണ്.

അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റോക്കി മൗണ്ടെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നീതി ആയോഗ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പതിനഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളാണ് നിരത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി ഈ വര്‍ഷം തുടങ്ങും.

ബാറ്ററി, ചാര്‍ജിംഗ് സൗകര്യങ്ങള്‍ക്കാണ് റിപ്പോര്‍ട്ട് മുന്‍ഗണന നല്‍കുന്നത്. മണിക്കൂറില്‍ 250 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി പ്ലാന്റ് 2018 ഓടെ സ്ഥാപിക്കാനും 2020 ഓടെ ശേഷി ഒരു ജിഗാവാട്ടായി ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്. 2018 ഓടെ ബാറ്ററി കൈമാറ്റ സ്‌റ്റേഷന്‍ സ്ഥാപിക്കാനും വാഹനഘടകങ്ങള്‍ക്കായി പൊതു നിര്‍മ്മാണ കേന്ദ്രങ്ങള്‍ തുടങ്ങാനും ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ സബ്‌സിഡി വര്‍ധിപ്പിക്കാനും നീതി ആയോഗ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

നികുതി കുറച്ചും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കിയും ഇലക്ട്രിക് കാര്‍ ടാക്‌സികള്‍ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമാണ്. വൈദ്യുതി നിരക്ക് കുറയ്ക്കുക, ഫഌറ്റ് കാറുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് നികുതി കുറയ്ക്കുക എന്നിവയും ശുപാര്‍ശകളാണ്.

Comments

comments

Categories: Auto