വളരുന്ന വിപണികള്‍ ചൂതാട്ട കേന്ദ്രങ്ങള്‍ പോലെ; മുന്നറിയിപ്പുമായി വാറണ്‍ ബഫറ്റ്

വളരുന്ന വിപണികള്‍ ചൂതാട്ട കേന്ദ്രങ്ങള്‍ പോലെ; മുന്നറിയിപ്പുമായി വാറണ്‍ ബഫറ്റ്
ചൈനയിലും അതിവേഗം വളരുന്ന മറ്റ് വിപണികളിലും അമിത പ്രതീക്ഷ
വെക്കുന്നതിനെതിരെ നിക്ഷേപക ഇതിഹാസത്തിന്റെ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: ഉയര്‍ന്നുവരുന്ന വിപണികളുടെ വളര്‍ച്ചയിലെ അപകടങ്ങളെ കുറിച്ച് ജാഗ്രതാ നിര്‍ദേശവുമായി ഓഹരി നിക്ഷേപ രംഗത്തെ ഇതിഹാസവും ശതകോടീശ്വരനുമായ വാറണ്‍ ബഫറ്റ് രംഗത്ത്. വികസ്വര വിപണികള്‍ ചൂതാട്ട കേന്ദ്രങ്ങള്‍ (കാസിനോസ്) പോലെയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുഎസിലെ ഒമാഹ സിറ്റിയില്‍ നടന്ന ബെര്‍ക്ക്‌ഷൈര്‍ ഹാത്തവേ എന്ന തന്റെ കമ്പനിയുടെ ഓഹരി ഉടമകളുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുന്നതിനിടെ ഒരു ചൈനീസ് നിക്ഷേപകനെ ഉപദേശിക്കുകയായിരുന്നു അദ്ദേഹം.

വിപണികള്‍ക്ക് ചൂതാട്ടകേന്ദ്രങ്ങളെ അനുസ്മരിപ്പിക്കുന്ന സ്വഭാവം ചിലപ്പോള്‍ കൈവരാറുണ്ട്. അപ്പോള്‍, പെട്ടെന്ന് സമ്പന്നര്‍ ആകാമെന്ന് കരുതി നിരവധി പേര്‍ അതില്‍ ആകൃഷ്ടരാകും. വിപണികളെ ഊഹക്കച്ചവടത്തിന്റെ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടത്. ഊഹക്കച്ചവടത്തിന്റെ പരിണിത ഫലങ്ങള്‍ അനുഭവിച്ചവരല്ല ഈ അവസ്ഥയില്‍ ആകൃഷ്ടരാകുന്നത്, മറിച്ച് പെട്ടെന്ന് ധനികരാകാന്‍ നടക്കുന്ന പുതിയ കൂട്ടരാണ്. മാര്‍ക്കറ്റ് നല്ല ‘ഹോട്ട്’ ആയിരിക്കുമ്പോള്‍ അതില്‍ കണ്ണുതള്ളി നിരവധി പേര്‍ ഊഹകച്ചവടത്തിനിറങ്ങും, അതിനെ ചൂതാട്ടമെന്ന് വിളിക്കാനാണ് എനിക്ക് താല്‍പ്പര്യം, വാറണ്‍ ബഫറ്റ് പറഞ്ഞു. ചൈനീസ് ഓഹരി വിപണിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തി എന്നറിയപ്പെടുന്ന ചൈന വളര്‍ച്ചയുടെ കാര്യത്തില്‍ അത്ര നല്ല ചിത്രമല്ല തരുന്നത്. മാന്ദ്യം മറികടക്കുന്നതില്‍ ചൈനീസ് സാമ്പദ്‌വ്യവസ്ഥ കഴിഞ്ഞ കുറച്ച് കാലമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പ്രതിസന്ധി ഘട്ടത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. 2015 ജൂണില്‍ ചൈനീസ് ഓഹരി വിപണിയിലുണ്ടായ പ്രകമ്പനമാണ് ഓഹരി വിപണിയെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ഒരു മാസത്തിനുള്ളില്‍ ഷാങ്ഹായ് സൂചികയില്‍ പ്രതി ഓഹരി മൂല്യത്തിന്റെ മൂന്ന് ഭാഗമാണ് നഷ്ടം രേഖപ്പെടുത്തിയത്. 2015 ജൂലൈ 9ഓടു കൂടി ഷാങ്ഹായ് സൂചിക ജൂണ്‍ മാസത്തെ ഉയരങ്ങളില്‍ നിന്നും ഏതാണ്ട് 30 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. തുടര്‍ നഷ്ടങ്ങള്‍ തടയുന്നതിന് ഇതോടെ ഓഹരി സൂചികയില്‍ ലിസ്റ്റ് ചെയ്ത 1,400ല്‍ പരം കമ്പനികള്‍ ഓഹരി വ്യാപാരം നിര്‍ത്തിവെച്ചു.

2008 മുതല്‍ ലോകത്തെ ഗ്രസിച്ചിരുന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെട്ടുനിന്നിരുന്നത് ചൈനയും ഇന്ത്യയുമായിരുന്നു. അതില്‍ ചൈനയും ഒടുവില്‍ വീണു. വീഴ്ച മറികടക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിയെങ്കിലും ചൈനീസ് ഓഹരി വിപണിയിലുള്ള ഇടിവ് തുടര്‍ന്നു. മൂലധന നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ച് സ്ഥിതിഗതികള്‍ തിരുത്താന്‍ ചൈനീസ് അധികൃതര്‍ ശ്രമിച്ചു. കറന്‍സി വിനിമയ നിരക്കുകള്‍ കര്‍ക്കശമാക്കികൊണ്ടും ചൈനീസ് ഭരണകൂടം ഈ സാഹര്യങ്ങള്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. സാമ്പത്തിക വിപണികളുടെ നിയന്ത്രണങ്ങളും ചൈന കൂടുതല്‍ ശക്തിപ്പെടുത്തി. ഓഹരികള്‍ കൂടുതല്‍ സമ്മര്‍ദത്തില്‍ കൊണ്ടുവരികയും ചെയ്തു.

Comments

comments

Categories: Business & Economy