ചൈനയെ മറികടന്നു; ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണി

ചൈനയെ മറികടന്നു; ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണി
കഴിഞ്ഞ വര്‍ഷം രാജ്യത്ത് വിറ്റത് 1.77 കോടി വാഹനങ്ങള്‍. അതായത് ഓരോ ദിവസവും
ശരാശരി 48,000 ഇരുചക്ര വാഹനങ്ങള്‍

ന്യൂ ഡെല്‍ഹി : ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായി വളര്‍ന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 17.7 മില്യണ്‍ (1.77 കോടി) വാഹനങ്ങളാണ് വിറ്റത്. അതായത് ഓരോ ദിവസവും വിറ്റത് ശരാശരി 48,000 ഇരുചക്ര വാഹനങ്ങള്‍. അതേസമയം ചൈനീസ് വിപണിയില്‍ കഴിഞ്ഞ വര്‍ഷം 16.8 മില്യണ്‍ ഇരുചക്ര വാഹനങ്ങളാണ് വിറ്റതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം), ചൈന അസ്സോസിയേഷന്‍ ഓഫ് ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് എന്നിവ വ്യക്തമാക്കി.

വരുമാനം വര്‍ധിച്ചതും ഗ്രാമീണ മേഖലകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെട്ടതും കൂടാതെ ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതുമാണ് ഇരുചക്ര വാഹന വില്‍പ്പന തകര്‍ത്തുമുന്നേറാന്‍ കാരണം. സ്‌കൂട്ടര്‍ വിപണിയെ നയിക്കുന്ന ഹോണ്ടയുടെ ഉപയോക്താക്കളില്‍ 35 ശതമാനവും സ്ത്രീകളാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈനയിലെ ഇരുചക്ര വാഹന വിപണി മന്ദഗതിയിലാണ്. തകൃതിയായ കാര്‍ വില്‍പ്പനയും പ്രധാന നഗരങ്ങളില്‍ പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള നിയന്ത്രണവുമാണ് ചൈനീസ് വിപണിയില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന കുറച്ചത്. കുറച്ച് വര്‍ഷം മുമ്പ് 25 മില്യണ്‍ ഇരുചക്ര വാഹനങ്ങള്‍ ചൈനയില്‍ വിറ്റുപോയിരുന്നു. എന്നാല്‍ പിന്നീട് വില്‍പ്പന കുറയുകയാണ് ചെയ്തത്. എന്നാല്‍ ചൈനയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന ഗ്രാഫ് മുകളിലേക്കാണ്.

മൂന്നാമത്തെ വലിയ ഇരുചക്ര വാഹന വിപണിയായി ഇന്തോനേഷ്യ തുടരുന്നു. 6 മില്യണ്‍ ഇരുചക്ര വാഹനങ്ങളാണ് ഇന്തോനേഷ്യയില്‍ വിറ്റുപോയത്. എന്നാല്‍ 2015 ല്‍ ഇന്തോനേഷ്യയില്‍ 6.5 മില്യണ്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന നടന്നിരുന്നു. വര്‍ധിച്ച ഗതാഗത ആവശ്യങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിച്ചതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) വൈഎസ് ഗുലേറിയ പറഞ്ഞു. മാത്രമല്ല, ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ.

എളുപ്പം ലഭിക്കുന്ന ഫിനാന്‍സ് സൗകര്യങ്ങളും പുതിയതും കൂടുതല്‍ ഇന്ധനക്ഷമതയുമുള്ള മോഡലുകളും ജനങ്ങളുടെ വരുമാനം വര്‍ധിച്ചതുമെല്ലാം കൂടാതെ ഇ-കോമേഴ്‌സ് തുടങ്ങിയ പുതിയ ബിസിനസ് മോഡലുകളും ഇരുചക്ര വാഹന വില്‍പ്പനയെ ഗുണപരമായി സ്വാധീനിച്ചു. ചെറിയ പട്ടണങ്ങളിലെയും നഗര പ്രദേശങ്ങളിലെയും അടിസ്ഥാനസൗകര്യ വികസനം ഇരുചക്ര വാഹന ആവശ്യകത വര്‍ധിപ്പിച്ചതായി രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ് അധികൃതര്‍ അഭിപ്രായപ്പെട്ടു.

മെട്രോകളിലും വലിയ നഗരങ്ങളിലും അടിസ്ഥാനസൗകര്യ വികസനം വില്‍പ്പനയെ സഹായിച്ചു. കാറുണ്ടെങ്കിലും ചെറിയ യാത്രകള്‍ക്കായി ജനങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നത് പ്രകടമാണ്. തിരക്കേറിയ റോഡുകളിലൂടെ യാത്ര ചെയ്യുന്നതിനും പാര്‍ക്കിംഗിനും ഇരുചക്ര വാഹനം ഉപയോഗിക്കുന്നതാണ് ജനങ്ങള്‍ സൗകര്യമായി കരുതുന്നത്. വരും വര്‍ഷങ്ങളില്‍ 9-11 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഗുലേറിയ പ്രതീക്ഷ പ്രകടിപ്പിച്ചു.

കമ്യൂട്ടര്‍ വാഹനങ്ങള്‍ മാത്രമല്ല, വലുതും വിലയേറിയതുമായ ഇരുചക്ര വാഹനങ്ങളും രാജ്യത്ത് ധാരാളം വിറ്റഴിക്കപ്പെട്ടു. ഒരു ലക്ഷത്തിന് മുകളില്‍ വില വരുന്ന ബൈക്കുകള്‍ വില്‍ക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ വര്‍ഷം 30 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. ഇപ്പോള്‍ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

അഞ്ച് ലക്ഷത്തിന് മുകളില്‍ വില വരുന്ന പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ യുകെ ആസ്ഥാനമായ ട്രയംഫ്, അമേരിക്ക ആസ്ഥാനമായ ഹാര്‍ലി ഡേവിഡ്‌സണ്‍ എന്നിവ ഇന്ത്യയില്‍ കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കുകയാണ്. 2013 ല്‍ ഇന്ത്യയിലെത്തിയ ട്രയംഫ് 4,000 ലധികം ബൈക്കുകള്‍ വിറ്റഴിച്ചു. 17 ലധികം മോഡലുകളാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അണിനിരത്തുന്നത്.

Comments

comments

Categories: Auto, Business & Economy