പരിസ്ഥിതി സന്ദേശവുമായി ഗ്രീന്‍സ്റ്റോം ഫോട്ടോഗ്രഫി മത്സരം

പരിസ്ഥിതി സന്ദേശവുമായി ഗ്രീന്‍സ്റ്റോം ഫോട്ടോഗ്രഫി മത്സരം
'പ്രകൃതിയോട് ചേരാം' എന്നതാണ് മത്സരവിഷയം

കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രീന്‍സ്റ്റോം പിക്‌ടെയ്ല്‍ ചാലഞ്ച് 2017 എന്ന പേരില്‍ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി മത്സരം ആരംഭിച്ചു. ഫോട്ടോഗ്രാഫിനൊപ്പം അടിക്കുറിപ്പുമുള്‍പ്പെടുന്ന എന്‍ട്രികളാണ് മത്സരത്തിനായി അയക്കേണ്ടത്. ജൂണ്‍ 15 വരെ നീണ്ടു നില്‍ക്കുന്ന പരിസ്ഥിതി ബോധവല്‍ക്കരണ മത്സര പ്രദര്‍ശന പ്രചരണ പരിപാടികളാണ് ഗ്രീന്‍സ്റ്റോം പിക്‌ടെയ്ല്‍ ചാലഞ്ച് 2017 നു കീഴില്‍ സംഘടിപ്പിക്കുന്നത്.

യുനൈറ്റഡ് നേഷന്‍സ് എണ്‍വയണ്‍മെന്റ് പ്രോഗ്രാമിന്റെ (യുഎന്‍ഇപി) സഹകരണത്തോടെ ബ്രാന്‍ഡിംഗ് ഏജന്‍സിയായ ഓര്‍ഗാനിക് ബിപിഎസ്, സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് പരിസ്ഥിതി ബോധവല്‍ക്കരണ പ്രചരണ പരിപാടിയായ ഗ്രീന്‍സ്റ്റോം മത്സരം നടത്തുന്നത്. ‘പ്രകൃതിയോട് ചേരാം’ (Connecting with nature) എന്നതാണ് മത്സരവിഷയം. ഈ വിഷയത്തിലധിഷ്ഠിതമായ ഫോട്ടോഗ്രാഫുകള്‍ അടിക്കുറിപ്പു സഹിതം മെയ് 31 hsc www.organicbps.com/greenstorm എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാം.

വിദഗ്ധ ജൂറി തെരഞ്ഞെടുത്ത മികച്ച എന്‍ട്രികളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം ജൂണ്‍ 5 മുതല്‍ 15 വരെ ഓര്‍ഗാനിക് ബിപിഎസ് വെബ്‌സൈറ്റില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട എന്‍ട്രികള്‍ക്ക് വോട്ടു രേഖപ്പെടുത്തുവാന്‍ അവസരമുണ്ടാകും. ജൂറി നല്‍കിയ മാര്‍ക്കും ഓണ്‍ലൈനില്‍ ലഭിച്ച വോട്ടും ചേര്‍ത്താണ് ജേതാക്കളെ നിര്‍ണയിക്കുന്നത്. ഏറ്റവും മികച്ച മൂന്ന് ഫോട്ടോകള്‍ക്ക് 50,000 രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കുമെന്ന് ഓര്‍ഗാനിക് ബിപിഎസ് മാനേജിംഗ് ഡയറക്റ്റര്‍ ദിലീപ് നാരായണന്‍ അറിയിച്ചു.

ഗ്രീന്‍സ്റ്റോം മത്സരം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.organicbps.com/greenstorm എന്ന വെബ്‌സൈറ്റിലും 9605483309 എന്ന നമ്പറിലും ലഭ്യമാകും.

Comments

comments

Categories: Life