ചൈനയുടെ സ്വന്തം ജെറ്റ് പരീക്ഷണപറക്കല്‍ പൂര്‍ത്തിയാക്കി

ചൈനയുടെ സ്വന്തം ജെറ്റ് പരീക്ഷണപറക്കല്‍ പൂര്‍ത്തിയാക്കി
80 മിനുറ്റ് നേരം നീണ്ട കന്നിയാത്രയ്ക്കു ശേഷം വിമാനം ഷാങ്ഹായില്‍ വിജയകരമായി
തിരിച്ചിറങ്ങി

ഷാങ്ഹായ്: വ്യോമയാന രംഗത്ത് കരുത്ത് തെളിയിക്കാന്‍ ചൈന ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ചൈന തദ്ദേശീയമായി നിര്‍മ്മിച്ച യാത്രാ ജെറ്റ് വിമാനമായ സി 919 ആദ്യ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി. 80 മിനുറ്റ് നേരം നീണ്ട കന്നിയാത്രയ്ക്കു ശേഷം വിമാനം ഷാങ്ഹായില്‍ വിജയകരമായി തിരിച്ചിറങ്ങി. സി 919 വിമാനത്തിന്റെ പറക്കല്‍ ചൈനയുടെ വ്യോമയാന രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.

തദ്ദേശീയ സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ പൊതുമേഖല വിമാന നിര്‍മാതാക്കളായ കൊമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റ് കോര്‍പറേഷന്‍ ഓഫ് ചൈന ലിമിറ്റഡ്(കൊമാക്) ആണ് സി 919 നിര്‍മ്മിച്ചത്. കൊമാക് ആസ്ഥാനമായ ഷാങ്ഹായിലെ പുഡോങ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് സി 919 വാനിലേക്കുയര്‍ന്നത്. ക്യാപ്റ്റനും സഹ പൈലറ്റും നിരീക്ഷകനും രണ്ടു എന്‍ജിനീയര്‍മാരുമടക്കം അഞ്ചു പേരാണ് പരീക്ഷണപ്പറക്കലില്‍ ‘സി 919’ വിമാനത്തിലുണ്ടായിരുന്നത്. 168 യാത്രക്കാര്‍ക്കുള്ള സൗകര്യമാണ് വിമാനത്തില്‍ ഒരുക്കിയിട്ടുള്ളത്. വെള്ള, നീല, പച്ച നിറങ്ങള്‍ ചേര്‍ന്നതാണ് വിമാനത്തിന്റെ രൂപകല്‍പന. 2019ല്‍ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് കോര്‍പറേഷനൊപ്പമാവും ആദ്യ ‘സി 919’ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസിനെത്തുക.

തദ്ദേശീയമായി നിര്‍മ്മിച്ചതാണെങ്കിലും അനുബന്ധ ഉപകരണങ്ങള്‍ വിദേശ കമ്പനികളില്‍ നിന്നാണ് വാങ്ങിയത്. വിദേശ സാങ്കേതിക കമ്പനികളായ ജനറല്‍ ഇലക്ട്രിക്, ഫ്രാന്‍സിലെ സാഫ്രാന്‍, ഹണിവെല്‍ ഇന്റര്‍നാഷണല്‍, യുണൈറ്റഡ് ടെക്‌നോളജീസ് എന്നിവയെയാണ് ഉപകരണങ്ങള്‍ക്കായി ആശ്രയിച്ചത്. മുപ്പത് വര്‍ഷം മുമ്പ് വലിയ വിമാനം നിര്‍മിക്കാനുള്ള പദ്ധതി പരാജയപ്പെട്ടിടത്തു നിന്നാണ് ചൈനയുടെ ഈ മുന്നേറ്റം. കന്നി യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും വിവിധ രാജ്യങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നേടി വന്‍തോതില്‍ വിമാനം നിര്‍മ്മിച്ച് വില്‍ക്കുന്ന ഘട്ടത്തിലേക്ക് കടക്കാന്‍ ഇനിയും കടമ്പകള്‍ ഏറെ യുണ്ട്.

ഇതിനോടകം 570 വിമാനങ്ങളുടെ ഓര്‍ഡര്‍ ലഭിച്ചതായി കോമാക് അറിയിച്ചു. 2008 ലാണ് വിമാനങ്ങള്‍ വാണിജ്യമായി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച് കോമാക് എന്ന കമ്പനിക്ക് രൂപം നല്‍കിയത്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 6800 വിമാനങ്ങള്‍ വാങ്ങാനായി ഒരു ട്രില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടി വരുമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍. 2024ഓടെ ലോകത്തെ ഏറ്റവും വലിയ വ്യോമയാന വിപണി എന്ന സ്ഥാനം ചൈന സ്വന്തമാക്കിയേക്കും. രാജ്യത്തെ ജെറ്റ് യാത്രാ വിമാന വ്യവസായത്തില്‍ വഴിത്തിരിവാണ് ഈ പറക്കലെന്ന് ചൈനീസ് മന്ത്രിസഭ അറിയിച്ചു.

Comments

comments

Categories: Top Stories, World