ട്രംപ് സൗദി അറേബ്യ സന്ദര്‍ശിക്കും

ട്രംപ് സൗദി അറേബ്യ സന്ദര്‍ശിക്കും
സൗദി കൂടാതെ വത്തിക്കാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്ക് ഈ മാസം അവസാനം
സന്ദര്‍ശനം നടത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ വിദേശ യാത്രയില്‍ സൗദി അറേബ്യയേയും ഉള്‍പ്പെടുത്തി. സൗദി കൂടാതെ വത്തിക്കാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്കാണ് ട്രംപ് സന്ദര്‍ശനം നടത്തുന്നത്. ഈ മാസം ബ്രസ്സെല്‍സിലും സിസിലിയിലും നടക്കാനിരിക്കുന്ന നാറ്റോ, ജി 7 സമ്മിറ്റുകളില്‍ സന്ദര്‍ശനം നടത്തുമെന്ന് നേരത്തെ ട്രംപ് അറിയിച്ചിരുന്നു. പിന്നീടാണ് മൂന്ന് രാജ്യങ്ങളെകൂടി ഇതില്‍ ഉള്‍പ്പെടുത്തിയത്.

യുഎസ് പ്രസിഡന്റായതിന് ശേഷമുള്ള എന്റെ ആദ്യത്തെ വിദേശ സന്ദര്‍ശനം സൗദി അറേബ്യയിലേക്കാണ്. അതിന് ശേഷം ഇസ്രയേലിലേക്കും താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന റോമിലേക്കും സന്ദര്‍ശനം നടത്തുമെന്നും ട്രംപ് പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ സന്ദര്‍ശനം. ഇതുമായി ബന്ധപ്പെട്ട് കരാര്‍ രൂപീകരിക്കാന്‍ തന്റെ പൂര്‍വ്വികന്‍മാരും എണ്ണമില്ലാത്ത നയതന്ത്രവിദഗ്ധരും പരാജയപ്പെട്ടെങ്കില്‍ ഇത് നടപ്പാക്കാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ട്രംപ്.

മുസ്ലീം ലോകത്തെ എല്ലാ നേതാക്കന്‍മാരെയും സൗദി അറേബ്യയിലേക്ക് കൊണ്ടുവന്ന് ചരിത്രപരമായ ഒത്തുചേരലിലൂടെ ആരംഭിക്കാമെന്ന് ട്രംപ് പറഞ്ഞു. ഇസ്ലാമിന്റെ രണ്ട് ആത്മീയ സ്ഥലങ്ങളുടെ പരിപാലകനാണ് സൗദി അറേബ്യ. തീവ്രമതവികാരത്തേയും ഭീകരവാദത്തേയും ആക്രമണങ്ങളേയും നേരിടാന്‍ നമ്മുടെ മുസ്ലീം സഖ്യങ്ങളുടെ പിന്തുണയും സഹായവും വേണമെന്നും അതാണ് ആദ്യം കെട്ടിപ്പടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദിയില്‍ നിന്ന് ഇസ്രയേലിലേക്കാണ് ട്രംപ് പോകുന്നത്. പ്രശ്‌നബാധിത പ്രദേശമായ വെസ്റ്റ് ബാങ്കില്‍ അധിക സന്ദര്‍ശനം നടത്താനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ ദിവസം പലസ്തിന്‍ നേതാവ് മുഹമ്മദ് അബ്ബാസ് വൈറ്റ് ഹൗസില്‍ എത്തി ട്രംപിനെ സന്ദര്‍ശിച്ചിരുന്നു. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നം അവസാനിപ്പിക്കാനുള്ള സഹായം നല്‍കാമെന്ന് ട്രംപ് ഉറപ്പുനല്‍കിയിരുന്നു. മേയ് 24 ന് വത്തിക്കാനില്‍ എത്തുന്ന യുഎസ് പ്രസിഡന്റിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വാഗതം ചെയ്യുമെന്ന് ഹോളി സീ പറഞ്ഞു. മേയ് 26 മുതല്‍ 27 വരെ സിസിലിയിലാണ് ജി 7 ഉച്ചകോടി നടക്കുന്നത്.

Comments

comments

Categories: World