യുവസംരംഭകര്‍ കൂട്ടായ്മയിലൂടെ വികസിപ്പിച്ചെടുത്ത ആതിഥ്യസാമ്രാജ്യം

യുവസംരംഭകര്‍ കൂട്ടായ്മയിലൂടെ വികസിപ്പിച്ചെടുത്ത ആതിഥ്യസാമ്രാജ്യം
ഹോസ്പിറ്റാലിറ്റി രംഗത്ത് വിജയത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്
ട്രിഡെന്റ് ഹോസ്പിറ്റാലിറ്റി സര്‍വീസസ് ലെഷര്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ്
ലിമിറ്റഡ്. താല്‍പര്യവും അര്‍പ്പണബോധവും കൈമുതലാക്കിയ ഏഴ് ചെറുപ്പക്കാരാണ്
മൂന്നുവര്‍ഷത്തിനുള്ളില്‍ മികച്ച വളര്‍ച്ച കൈവരിച്ച സംരംഭത്തിനു പിന്നില്‍

ഇന്ത്യയുടെ ഭാവി യുവതലമുറയുടെ കൈകളിലാണെന്ന വസ്തുത അംഗീകരിക്കാതിരിക്കാന്‍ നമുക്കാകില്ല. നേട്ടങ്ങള്‍ കൊയ്ത് രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തിയ നിരവധി ചെറുപ്പക്കാര്‍ നമ്മുടെ മുമ്പിലുണ്ട്. കല, കായിക, ശാസ്ത്ര, സാമൂഹിക, സാങ്കേതിക രംഗങ്ങളില്‍ ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം ചെറുപ്പക്കാര്‍ ഒരു രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കാളിത്തം വഹിക്കുന്നു. വ്യവസായമേഖലയിലെയും സ്ഥിതി മറിച്ചല്ല. കഴിഞ്ഞകാലങ്ങളേക്കാള്‍ യുവതലമുറ ഈ മേഖലയില്‍ താല്‍പര്യം കാണിക്കുന്നു. അത്തരത്തില്‍ ചുറുചുറുക്കും ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള ഒരുപറ്റം ചെറുപ്പക്കാര്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യമാണ് ട്രിഡെന്റ് ഹോസ്പിറ്റാലിറ്റി.

ഹോസ്പിറ്റാലിറ്റി രംഗത്ത് വിജയത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ട്രിഡെന്റ് ഹോസ്പിറ്റാലിറ്റി സര്‍വീസസ് ലെഷര്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. കോര്‍പ്പറേറ്റ് മേഖലയുടെ സഹകരണത്തോടെ ഇവന്റുകള്‍, മീറ്റിംഗുകള്‍, കോണ്‍ഫറന്‍സുകള്‍ തുടങ്ങി വ്യത്യസ്ത മേഖലകളാണ് ഇവരുടെ സേവനങ്ങളില്‍പ്പെടുന്നത്. ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ ഫലമാണ് ഇന്നീ സ്ഥാപനം. ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്തെ പ്രവര്‍ത്തനപരിചയവും ഈ മേഖലയോടുള്ള അതിയായ താല്‍പര്യവും വ്യത്യസ്ത രംഗങ്ങളില്‍ തൊഴില്‍ ചെയ്തിരുന്ന ഏഴ് ചെറുപ്പക്കാരെ ഒരുമിപ്പിച്ചു. പുതിയൊരു സംരംഭത്തിലേക്കിറങ്ങാന്‍ വഴികാട്ടിയാകുകയായിരുന്നു ഈ കൂടിച്ചേരല്‍. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരികളായ ഇവര്‍ക്ക് ഈ മേഖലയില്‍ 12 വര്‍ഷത്തോളം പ്രവര്‍ത്തനപരിചയമുണ്ട്.

” ഒരു കോര്‍പ്പറേറ്റ് കമ്പനിക്ക് എന്തായാലും യാത്രകളും അവധി ദിനങ്ങളും വരും, അവരുടെ അവധി ദിവസങ്ങള്‍ പരമാവധി ആനന്ദകരമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആവരുടെ ഹോളിഡേകളാണ് ഞങ്ങളുടെ വര്‍ക്കിംഗ് ഡേ, ‘ ട്രിഡെന്റ് ഹോസ്പിറ്റാലിറ്റി സര്‍വീസസ് ലെഷര്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ചെയര്‍മാന്‍ ശ്രീജിത് ആര്‍ മന്നാത്ത് പറയുന്നു. ട്രിഡെന്റ് ഹോസ്പിറ്റാലിറ്റി സര്‍വീസസിന്റെ പുതിയ ഓഫീസ് വൈറ്റിലയില്‍ ആരംഭിക്കാനിരിക്കുകയാണ്. പനമ്പിള്ളി നഗറിലുള്ള ഓഫീസ് ഹോളിഡേകള്‍ക്കും ഇവന്റുകള്‍ക്കും മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ടിസ്റ്റര്‍ എന്ന പേരില്‍ റെവന്യൂ സൊലൂഷന്‍ വിഭാഗവും പ്രവര്‍ത്തിച്ച് വരുന്നു. ഇവ മൂന്നുമാണ് ഈ െചറുപ്പക്കാരുടെ കൂട്ടായ്മയുടെ ഭാഗമായുള്ള സംരംഭങ്ങള്‍.

മൂന്നാറില്‍ ബ്ലൂബര്‍ഗ് എന്ന പേരില്‍ മൂന്ന് റിസോര്‍ട്ടുകളും ആലപ്പുഴയില്‍ കായല്‍ ടൂറിസം ലക്ഷ്യമിട്ട് ത്രിനേത്രയെന്ന പേരില്‍ മൂന്ന് ഹൗസ് ബോട്ടുകളും ഗുരുവായൂര്‍ കാഞ്ഞൂസിന്റെ മാര്‍ക്കിംഗും ട്രിഡെന്റ് നടത്തുന്നു. 23 ജീവനക്കാരാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലുമായി ട്രിഡെന്റിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നത്.

ഏതു കമ്പനിയും തുടക്കത്തില്‍ വന്‍ നേട്ടങ്ങള്‍ കൊയ്തുകൊണ്ടല്ല ആരംഭിക്കുന്നത്. ബാലാരിഷ്ഠതകള്‍ കടക്കാതെ ഒരു കമ്പനിക്കും അതിജീവിക്കാന്‍ ഇന്നേവരെ കഴിഞ്ഞട്ടില്ല. ‘ ചെറുപ്പക്കാരും തുടക്കക്കാരും എന്ന നിലയില്‍ നല്ല ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വ്യവസായത്തില്‍ പല പ്രതിസന്ധികളും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ കഠിനാധ്വാനമാണ് ഓരോ ഘട്ടത്തിലും ഞങ്ങളെ മുമ്പോട്ട് നയിച്ചിരുന്നത്. വലിയൊരു തുക മുടക്കി ബിസിനസ് വിപുലീകരിക്കാനുള്ള സാമ്പത്തികശേഷി ഞങ്ങള്‍ക്കില്ലായിരുന്നു, ‘ ശ്രീജിത് പറയുന്നു. തുടക്കത്തില്‍ ചെറിയ ട്രാവല്‍ ബുക്കിംഗുകള്‍ മാത്രമാണ് ലഭിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതൊരു കമ്പനിയുടേയും വിജയത്തിന് വര്‍ക്കുകള്‍ തുടര്‍ച്ചയായി ലഭിക്കേണ്ടത് അത്യാവശ്യമാണ് . കേരളം വ്യാവസായിക സൗഹൃദമല്ലെന്ന പക്ഷമാണ് ഈ ചെറുപ്പക്കാര്‍ക്കുള്ളത്. നൂലാമാലകളില്‍പ്പെട്ട് നട്ടം തിരിയുകയാണ് പലപ്പോഴും സംരംഭകരെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക ഞെരുക്കങ്ങളിലൂടെയും മറ്റ് പ്രതിസന്ധികളിലൂടെയുമുള്ള മൂന്ന് വര്‍ഷത്തെ സഞ്ചാരത്തിന് ശേഷമാണ് ഈ കമ്പനി ശരിയായ ദിശയിലായതെന്ന് ശ്രീജിത് പറയുന്നു. നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കുകയെന്നതാണ് ട്രിഡെന്റിലൂടെ ഈ ചെറുപ്പക്കാര്‍ കാഴ്ച്ചവെക്കുന്നത്. തങ്ങളുടെ സേവനങ്ങളെ മറ്റൊരാള്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന വാക്യം ഇവര്‍ സദാ സൂക്ഷിക്കുന്നു.

ടൂറിസം മേഖലയില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ട്രിഡെന്റിന് സാധിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറെ സാധ്യതകളുള്ളതും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ മേഖലയാണ് വിനോദസഞ്ചാരം. മൂന്നാര്‍, തേക്കടി, ആലപ്പുഴ തുടങ്ങി ഏത് ഡെസ്റ്റിനേഷന്‍ തെരഞ്ഞെടുത്താലും ആളുകളുടെ ഒഴുക്ക് തന്നെയാണ് അനുഭവപ്പെടുക. എന്നാല്‍ നമ്മുടെ നയങ്ങളും അടിസ്ഥാനസൗകര്യരംഗത്തെ പ്രശ്‌നങ്ങളും പുറംലോകം ചര്‍ച്ചചെയ്യുമ്പോള്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുമെന്ന കാര്യത്തില്‍ ശ്രീജിത്തിന് സംശയമില്ല. ‘ കേരളത്തില്‍ രാഷ്ട്രീയവും അല്ലാത്തതുമായ നിരവധി പ്രശ്‌നങ്ങളുണ്ടായിരിക്കാം. പക്ഷെ മോശമായ രീതിയില്‍ കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ നമ്മുടെ ടൂറിസത്തിന് അത് തിരിച്ചടിയായിരിക്കും.

‘ അദ്ദേഹം വ്യക്തമാക്കുന്നു.”മദ്യനയം ഇതിന് ഉദാഹരണമായി നമുക്ക് ചൂണ്ടിക്കാട്ടാവുന്നതേയുള്ളു. മദ്യം പല വിദേശരാജ്യങ്ങളിലും അവരുടെ ഭക്ഷണശീലത്തിന്റെ ഭാഗമാണ്. മദ്യം കഴിക്കാന്‍ വേണ്ടി മാത്രമല്ല അവര്‍ കേരളത്തിലേക്കെത്തുന്നത്. പക്ഷെ, പലപ്പോഴും അവരുടെ ഭക്ഷണ ശീലങ്ങളില്‍ നിന്ന് മദ്യത്തെ മാറ്റി നിര്‍ത്താന്‍ സാധിക്കാറില്ല. കേരളത്തില്‍ നടത്തേണ്ടിയിരുന്ന പല മീറ്റിംഗുകളും ഇക്കാരണങ്ങളാല്‍ മുടങ്ങിപ്പോയിട്ടുണ്ടെന്നത് വസ്തുതയാണ്. അപ്പോള്‍പ്പിന്നെ ടൂറിസത്തിന് മങ്ങലേല്‍ക്കുന്നുണ്ടെന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. നയങ്ങളിലെ പല കടുംപിടിത്തങ്ങളും അല്‍പംകൂടി ലഘൂകരിച്ചാല്‍ കേരളാടൂറിസം വളര്‍ന്നുകൊണ്ടിരിക്കുകയേയുള്ളൂ. ഒപ്പം, സാധ്യതകളും,” അദ്ദേഹം ചൂണ്ടിക്കാട്ടി

കേരളത്തിന്റെ ടൂറിസം മേഖലയിലെ മറ്റൊരു വെല്ലുവിളിയായി ശ്രീജിത്ത് ഉയര്‍ത്തിക്കാട്ടുന്നത് ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തനപരിചയമുള്ള ആളുകളുടെ അഭാവമാണ്. ബിടെക്, ഇതര ബിരുദധാരികള്‍ ഈ മേഖലയിലേക്കെത്തുന്ന പ്രവണതയാണിപ്പോഴുള്ളത്. കിടമല്‍സരവും കൂടിവരുന്നു. ഇത് ടൂറിസം സാധ്യതകള്‍ കൂടുന്നതിന്റെ ലക്ഷണമാണെങ്കിലും രോഗമറിയാതെ ചികില്‍സിക്കുന്ന ഡോക്റ്ററെ പോലെയായിരിക്കും കാര്യങ്ങളെന്ന് അദ്ദേഹം പറയുന്നു. ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് രംഗത്ത് മാനേജ്‌മെന്റും മാര്‍ക്കറ്റിംഗും ഇവര്‍ നടത്തിവരുന്നുണ്ട്. വാരിവലിച്ച് പലകാര്യങ്ങള്‍ ചെയ്യുന്നതിന് പകരം ഇപ്പോഴുള്ള മേഖലകള്‍ തന്നെ കൂടുതല്‍ വിപുലീകരിക്കാനാണ് ഇവരുടെ ആഗ്രഹം. ഇതിലേക്കുള്ള കണക്കുകൂട്ടലുമായി ഭാവി ലക്ഷ്യം വയ്ക്കുകയാണ് ഇവര്‍.

‘ ഹോട്ടല്‍ റിസോര്‍ട്ട് , ഹൗസ്‌ബോട്ട്, ട്രാവലര്‍ എന്നിവ സ്വന്തമായുണ്ടായത് ഈ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ്്. കൂടാതെ ടൂര്‍ പാക്കേജുകള്‍ ചെയ്യുന്നുണ്ട്. കേരളത്തിലേക്കുള്ള ടൂര്‍ പാക്കേജുകള്‍ ചെലവേറിയതാണ് എന്നാല്‍ വിദേശത്തേക്ക് ഇത്രയും പ്രശ്‌നമില്ല. താരതമ്യേന കൈകളില്‍ ഒതുങ്ങുന്ന ചെലവേയുള്ളൂ. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ നമ്മള്‍ തന്നെ നശിപ്പിക്കും. ഇവിടെ കമ്മീഷന്‍ കിട്ടുന്നിടത്തേക്ക് മാത്രം പാക്കേജുകള്‍ നല്‍കുന്നുണ്ട്. ടൂറിസത്തെ തകര്‍ക്കുന്ന പ്രവണതയാണത്. കേരളത്തിന്റെ മനോഹാരിതകള്‍ ആസ്വദിക്കാന്‍ വരുന്ന സഞ്ചാരികള്‍ക്ക് മികച്ച സഞ്ചാരാനുഭവം ലഭ്യമാക്കാതെ തങ്ങളുടെ പോക്കറ്റ് നിറയാന്‍ വേണ്ടി മാത്രം ശ്രമിക്കുന്നവരാണ് കേരളത്തിന് അപമാനമാകുന്നത്. ടൂറിസം രംഗത്തു കേരളത്തെ കവച്ചുവെച്ചാണ് ശ്രീലങ്ക മുന്നേറിക്കൊണ്ടിരിക്കുന്നത്, അവിടെ സര്‍ക്കാരും ജനങ്ങളും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ വിജയം നേടുന്നത്, ” ശ്രീജിത് പറയുന്നു.

ശ്രീജിത് ആര്‍ മന്നാത്ത് , ചെയര്‍മാന്‍, ട്രിഡെന്റ് ഹോസ്പിറ്റാലിറ്റി സര്‍വീസസ് ലെഷര്‍, ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്

 

” കേരളത്തിലേക്കുള്ള ടൂര്‍ പാക്കേജുകള്‍ ചെലവേറിയതാണ് എന്നാല്‍ വിദേശത്തേക്ക് ഇത്രയും പ്രശ്‌നമില്ല. താരതമ്യേന കൈകളില്‍ ഒതുങ്ങുന്ന ചെലവേയുള്ളൂ. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ നമ്മള്‍ തന്നെ നശിപ്പിക്കും. ഇവിടെ കമ്മീഷന്‍ കിട്ടുന്നിടത്തേക്ക് മാത്രം പാക്കേജുകള്‍ നല്‍കുന്നുണ്ട്. ടൂറിസത്തെ തകര്‍ക്കുന്ന പ്രവണതയാണത് ”

 

Comments

comments