ആധാര്‍ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ തളളി നന്ദന്‍ നിലേക്കനി

ആധാര്‍ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ തളളി നന്ദന്‍ നിലേക്കനി

വ്യക്തിസ്വകാര്യതയില്‍ ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത് സ്മാര്‍ട്ട്‌ഫോണ്‍

ബെംഗളൂരു: ആധാര്‍ സുരക്ഷ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന എല്ലാ ആശങ്കകളും തളളി ഇന്‍ഫോസിസ് സ്ഥാപകനും പദ്ധതിയുടെ മുഖ്യ പ്രയോക്താവുമായ നന്ദന്‍ നിലേക്കനി. സ്വകാര്യതയില്‍ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തത്തുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ആണെന്നും നിലേക്കനി ആരോപിച്ചു. എന്നാല്‍ വിവരങ്ങളുടെ സുരക്ഷയും വ്യക്തി സ്വകാര്യതയും ഉറപ്പാക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി ആധാറിലെ ചില ഘടകങ്ങളില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിലേക്കനി ആധാര്‍ സുരക്ഷയുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയത്.

ആധാര്‍ വിവിധ പദ്ധതികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ക്കും നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞ കുറച്ച ആഴ്ചകളായി നിരവധി വാര്‍ത്തകളാണ് പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിന്റെ സാധ്യതകളുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികളും സര്‍ക്കാര്‍ അഭിമുഖീകരിച്ചിരുന്നു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള സര്‍ക്കാര്‍ നടപടിയും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ആധാര്‍ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള പ്രശ്‌നങ്ങളും ഉയര്‍ന്നിട്ടുണ്ട്. തെലങ്കാനയില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ഓഥന്റിഫിക്കേഷന്‍ 36 ശതമാനത്തോളം പരാജയപ്പെട്ടതും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയ്ക്ക് ആധുനികമായ സാഹചര്യങ്ങള്‍ക്കനുസൃതമായി സ്വകാര്യത ഉറപ്പുവരുത്തുന്ന ഡാറ്റ സുരക്ഷാ നിയമം ആവശ്യമാണെന്നാണ് നന്ദന്‍ നിലേക്കനി പറയുന്നത്. 2010 മേയില്‍ ഇന്ത്യക്ക് ഒരു സ്വകാര്യതാ നിയമം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ചിരുന്നതായും നിലേക്കനി പറഞ്ഞു. തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്ന് ഒരു കരട് നിയമവും തയാറാക്കിയിരുന്നു. ജസ്റ്റിസ് എ പി ഷായുടെ കീഴില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ ആധാര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഈ നിയമത്തിന്റെ കാരണം എന്ന നിലയില്‍ പലരും വേര്‍പെടുത്തി പറയുന്നുവെന്നും നിലേക്കനി പറഞ്ഞു.

വ്യക്തി വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ആണെന്നാണ് നിലേക്കനിയുടെ അഭിപ്രായം. ‘ഭാവിയില്‍ ദശലക്ഷകണക്കിന് ആളുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളാകും. അവര്‍ ഫോണ്‍ വഴി നടത്തുന്ന സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യപ്പെടും. . ജിപിഎസ് സംവിധാനം ഉപയോഗിച്ച് ലൊക്കേഷന്‍ ട്രാക് ചെയ്യും. അതായത് 24 മണിക്കൂറും ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉപേേയാക്താവ് എന്തു ചെയ്യുന്നുവെന്ന് നിരീക്ഷിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വഴി നടക്കുന്ന സ്വകാര്യതയിലേക്കുള്ള കടന്നുക്കയറ്റത്തിന്റെ തോത് ഉയര്‍ന്നതാണ്’ നന്ദന്‍ നിലേക്കനി പറഞ്ഞു.

രണ്ടാമതായി സ്വകാര്യതയില്‍ വലിയ പ്രശ്‌നം തീര്‍ക്കുന്നതിന് സിസിടിവി ആണെന്നാണ് നിലേക്കനി പറയുന്നത്. റീട്ടെയ്ല്‍ ഷോപ്പുകളും മാളുകളും എടിഎം കൗണ്ടറുകളും റെയ്ല്‍വേ സ്റ്റേഷനുകളും ഉള്‍പ്പെടെ നഗരത്തിലെ പ്രധാന വേദികളെല്ലാം സിസിടിവി നിരീക്ഷണത്തിലാണ്. ഇപ്പോള്‍ സിസിടിവിയില്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചിട്ടുണ്ട്. സെന്‍സറുകളോടു കൂടിയ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് സംവിധാനവും ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഒന്നു തന്നെയില്ലെങ്കിലും സുരക്ഷ സംബന്ധമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജനം ആധാറിനെ മാറ്റി നിര്‍ത്തുന്നതിനെയാണ് താന്‍ എതിര്‍ക്കുന്നതെന്നും നിലേക്കനി വിശദീകരിച്ചു.

Comments

comments

Categories: Top Stories