സാമൂഹ്യ മാധ്യമങ്ങള്‍ സൈബര്‍ ഭീഷണി ഉയര്‍ത്തുന്നുവെന്ന് സംരംഭകര്‍ക്ക് ആശങ്ക

സാമൂഹ്യ മാധ്യമങ്ങള്‍ സൈബര്‍ ഭീഷണി ഉയര്‍ത്തുന്നുവെന്ന് സംരംഭകര്‍ക്ക് ആശങ്ക

ന്യൂഡെല്‍ഹി: 90 ശതമാനം ഇന്ത്യന്‍ ബിസിനസുകാരും സോഷ്യല്‍ മീഡിയയെ സൈബര്‍ ഭീഷണി ഉയര്‍ത്തുന്ന അപകടകരമായ പ്ലാറ്റ്‌ഫോമായി വിലയിരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടിംഗ് സംരംഭമായ ഇവൈ ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഡെസ്പ്യൂട്ട് സര്‍വീസസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ‘ഇന്ത്യയിലെ സൈബര്‍ കുറ്റകൃത്യങ്ങളോടുള്ള പ്രതികരണം’ എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അപരിചിതരായ ഹാക്കര്‍മാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ഭീഷണി ഉയര്‍ത്തുന്ന സ്രോതസ്സായി ചിത്രീകരിച്ചിട്ടുള്ളത് ജീവനക്കാരെയാണ്.

ജീവനക്കാര്‍ തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സേഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള തുറുപ്പ് ചീട്ട് എന്ന നിലയില്‍ സൈബര്‍ കുറ്റവാളികള്‍ ഉപയോഗപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 0.21 ശതമാനത്തോളം സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ ഇന്ത്യക്ക് നഷ്ടമാകുന്നുണ്ടെന്ന് മക്അഫീ പഠനത്തെ ഉദ്ധരിച്ച് ഇവൈ റിപ്പോര്‍ട്ട് വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ പലപ്പോഴും കണ്ടെത്താന്‍ കഴിയാറില്ലെന്നാണ് സര്‍വെയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് ഭാഗം ബിസിനസുകാരും പ്രതികരിച്ചത്. സൈബര്‍ സുരക്ഷാ നിയമങ്ങള്‍ കര്‍ക്കശമാക്കേണ്ടതുണ്ടെന്നാണ് 55 ശതമാനം ബിസിനസുകാരും സൈബര്‍ സുരക്ഷാ നിയമത്തിലെ മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തണമെന്ന് 34 ശതമാനം പേരും പ്രതികരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സീനിയര്‍, മിഡില്‍ മാനേജ്‌മെന്റ് തലത്തിലുള്ള എക്‌സിക്യൂട്ടിവുകളുമായി നടത്തിയ 160ല്‍ അധികം അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ഇതില്‍ 50 ശതമാനം പേരും സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളുടെ പ്രതിനിധികളാണ്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിദഗ്ധരായ സ്‌പെഷലിസ്റ്റുകളുടെ അഭാവം ഉണ്ടെന്നാണ് 72ശതമാനം എക്‌സിക്യൂട്ടിവുകളും വ്യക്തമാക്കിയത്. വെറും 40 ശതമാനം എക്‌സിക്യൂട്ടിവുകള്‍ മാത്രമാണ് തങ്ങളുടെ കമ്പനി സൈബര്‍ ആക്രമണങ്ങളെ ചെറുക്കാന്‍ സജ്ജമാണെന്ന് വിശ്വസിക്കുന്നത്. തങ്ങളുടെ കമ്പനികളില്‍ സൈബര്‍ സുരക്ഷ പരിശോധനകള്‍ക്കും ഫോറന്‍സിക് ശേഷി ഉയര്‍ത്തുന്നതിനും കൂടുതല്‍ സമയം ചെലവഴിക്കാന്‍ പദ്ധതിയിടുന്നതായി 40% പ്രതികരിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ ബാധിക്കുന്ന അഞ്ച് പ്രധാന മേഖലകളെയും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ടെക്‌നോളജി-മീഡിയ-ടെലികമ്യൂണിക്കേഷന്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ്, റിയല്‍റ്റി, ഓട്ടോമോട്ടീവ് & ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സര്‍ക്കാര്‍ പൊതുമേഖലാ യൂണിറ്റ്, കണ്‍സ്ട്രക്ഷ്ന്‍-ഹോസ്പിറ്റാലിറ്റി എന്നീ രംഗങ്ങളിലാണ് പ്രധാനമായും സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത്.

Comments

comments

Categories: Business & Economy