ആരോഗ്യമേഖലയെ ശക്തിപ്പെടുത്താന്‍ യുഎസ് നിക്ഷേപകരെ തേടി സൗദി

ആരോഗ്യമേഖലയെ ശക്തിപ്പെടുത്താന്‍ യുഎസ് നിക്ഷേപകരെ തേടി സൗദി
ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള 279 ആശുപത്രികളേയും 2,300 പ്രാഥമിക പരിപാലന
കേന്ദ്രങ്ങളേയും നിയന്ത്രിക്കുന്നതിനായി മള്‍ട്ടിപ്പിള്‍ കോര്‍പ്പറേഷനുകള്‍ രൂപീകരിക്കുമെന്ന്
ആരോഗ്യ മന്ത്രി തൗഫിഗ് അല്‍ റാബിയ

റിയാദ്: ഹെല്‍ത്ത്‌കെയര്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി വിദേശ നിക്ഷേപം തേടി സൗദി അറേബ്യ. ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് ആശുപത്രികളേയും ആയിരക്കണക്കിന് പ്രാഥമിക പരിപാലന കേന്ദ്രങ്ങളേയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് വിദേശ നിക്ഷേപം തേടുന്നതെന്ന് ആരോഗ്യ മന്ത്രി തൗഫിഗ് അല്‍ റാബിയ പറഞ്ഞു. യുഎസ് കമ്പനികളെയാണ് സൗദി അറേബ്യ പ്രധാനമായും ലക്ഷ്യമിടുന്നത്.

സൗദിയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ 80 ശതമാനവും ഗവണ്‍മെന്റിന്റെ കീഴിലാണ്. എന്നാല്‍ ആരോഗ്യ പരിപാലന വ്യവസായത്തിലേക്ക് സ്വകാര്യ മേഖല കൂടുതല്‍ നിക്ഷേപം നടത്തുന്നതിനുള്ള ശ്രമങ്ങളിലാണ് ഭരണകൂടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ വിവിധ ഹെല്‍ത്ത് കെയര്‍ സെന്ററുകളിലും ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വീസുകളിലും യുഎസ് കമ്പനികള്‍ നിക്ഷേപം നടത്തണമെന്ന് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നുണ്ട്. നേരിട്ടോ പ്രാദേശിക പങ്കാളികളിലൂടെയോ 100 ശതമാനം നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനെ പ്രോത്സാഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്പദ്‌വ്യവസ്ഥയെ ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായി എല്ലാ വ്യവസായങ്ങളേയും സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യ. നിലവില്‍ ഗവണ്‍മെന്റിന്റെ വരുമാനത്തിന്റെ 70 ശതമാനവും വരുന്നത് ഓയിലില്‍ നിന്നാണ്. ഇത് മാറ്റി ബജറ്റ് കമ്മി ഇല്ലാതാക്കുന്നതിനാണ് പുതിയ പരിഷ്‌കരണങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്തെ ഓയില്‍ ഭീമനായ ആരാംകോയുടെ ഓഹരികള്‍ 2018 ല്‍ വില്‍ക്കാനും ഇങ്ങനെ ലഭിക്കുന്ന പണം സ്വദേശത്തും വിദേശത്തും നിക്ഷേപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മുന്‍പ് ആരോഗ്യമേഖലയില്‍ സ്വീകരിച്ചിരിക്കുന്ന പദ്ധതികളെല്ലാം യാഥാസ്ഥിതികമായിരുന്നു. അടുത്ത വര്‍ഷത്തില്‍ 279 ആശുപത്രികളേയും 2,300 പ്രാഥമിക പരിപാലന കേന്ദ്രങ്ങളേയും നിയന്ത്രിക്കുന്നതിനായി മള്‍ട്ടിപ്പിള്‍ കോര്‍പ്പറേഷനുകള്‍ രൂപീകരിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. ഓരോന്നിനും വ്യത്യസ്തമായ രീതികള്‍ ഉണ്ടാവുമെങ്കിലും ഗവണ്‍മെന്റിന് തന്നെയായിരിക്കും ഉടമസഥാവകാശമെന്ന് അല്‍ റാബിയാ പറഞ്ഞു. നിലവില്‍ വരുമാനത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ലക്ഷ്യങ്ങളൊന്നുമില്ല. കാര്യക്ഷമതയും മികച്ച നിലവാരവുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം.

ആരോഗ്യമേഖലയെ സ്വകാര്യവല്‍ക്കരിക്കുമെന്ന സൂചനകളാണ് പ്രിന്‍സ് മുഹമ്മദും നല്‍കുന്നത്. ലോകത്തിലെ വിജയകരമായ രാജ്യങ്ങള്‍ നൊക്കുകയാണെങ്കില്‍ ഇവിടത്തെ ആരോഗ്യ മേഖല സ്വകാര്യവല്‍ക്കരിച്ചവയാണെന്ന് കണ്ടെത്താനാകും. യുഎസില്‍ ഗവണ്‍മെന്റിന്റെ കീഴില്‍ ആശുപത്രികളൊന്നുമില്ല. സ്വകാര്യ മേഖലയോ നോണ്‍ പ്രോഫിറ്റ് സെക്റ്ററുകളോ ആണ് എല്ലാ ആശുപത്രികളുടേയും ഉടമസ്ഥരെന്നും കഴിഞ്ഞ ദിവസം സൗദി ടെലിവിഷനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

Comments

comments

Categories: World