ഓപ്റ്റിക് കേബിള്‍ പാട്ടത്തിനെടുക്കാന്‍ ജിയോ സര്‍ക്കാരുമായി ചര്‍ച്ച നടത്തി

ഓപ്റ്റിക് കേബിള്‍ പാട്ടത്തിനെടുക്കാന്‍ ജിയോ സര്‍ക്കാരുമായി ചര്‍ച്ച നടത്തി
ഭാരത് നെറ്റ് പദ്ധതിക്കായി സ്ഥാപിക്കുകയും ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന
 ഫൈബറുകള്‍ക്കായാണ് ജിയോയുടെ ശ്രമം

ന്യൂഡെല്‍ഹി: ഭരത്‌നെറ്റ് പദ്ധതിയുടെ കീഴില്‍ സര്‍ക്കാര്‍ സ്ഥാപാച്ച ഫൈബര്‍ പാട്ടത്തിന് നേടുന്നതിന് റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ശ്രമം. 2018 അവസാനത്തോടെ രാജ്യത്തെ 250,000 ഗ്രാമപഞ്ചായത്തുകളെ ബ്രോഡ്ബാന്‍ഡ് വഴി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഭാരത്‌നെറ്റ്. എന്നാല്‍ ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഫൈബര്‍ലൈനുകളില്‍ പലതും കാര്യക്ഷമമായി ഉപയോഗിക്കപ്പെടാത്ത പശ്ചാത്തലത്തിലാണ് ജിയോയുടെ നീക്കം. ഭാരത് നെറ്റ് പദ്ധതിക്ക് ഉപയോഗിക്കാത്ത ഓപ്റ്റിക് ഫൈബറുകള്‍ വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ചര്‍ച്ച നടത്തി വരികയാണെന്നും ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇത് ഉപയോഗിക്കാനുള്ള ബിസിനസ് സാധ്യതകളാണ് ജിയോ പരിശോധിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കര്‍ണാടകയിലും ഹരിയാനയിലുമുള്ള മൊബീല്‍ ടവറുകളിലേക്കായി ഫൈബര്‍ എടുക്കാന്‍ ജിയോ ആഗ്രഹിക്കുന്നുവെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ സെക്രട്ടറി എന്‍ ശിവശൈലം പറഞ്ഞു. ഈ രണ്ട് സംസ്ഥാനങ്ങളിലും വിവിധയിടങ്ങളില്‍ ജിയോ സാധ്യതാപഠനം നടത്തുകയാണ്. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തെത്തുമ്പോള്‍ ഓപ്റ്റിക് ഫൈബര്‍ വാടകയുടെ വില അല്‍പ്പം വ്യത്യാസപ്പെടുമെന്നും കിലോമീറ്ററിന് ചുരുങ്ങിയത് 2000 രൂപ നിരക്കിലാണ് നല്‍കുകയെന്നും ശിവശൈലം വ്യക്തമാക്കി. അതേ സമയം ഇതുസംബന്ധമായ വാര്‍ത്തകളോട് ജിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ എയര്‍ടെലും വോഡാഫോണും ഓപ്റ്റിക് ഫൈബര്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ശിവശൈലം അറിയിച്ചു. കര്‍ണാടകത്തിലെ 4,735 സജീവ ഗ്രാമ പഞ്ചായത്തുകളില്‍ അല്ലെങ്കില്‍ വില്ലേജ് ബ്ലോക്കുകളില്‍ 2,50,000 കിലോ മീറ്റര്‍ ഓപ്റ്റിക് ഫൈബര്‍ കേബിളുകള്‍ ഭാരത്‌നെറ്റ് പദ്ധതിയുടെ കീഴില്‍ സര്‍ക്കാര്‍ ഇതിനകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. ടെലികോം സേവനദാതാക്കളും ബ്‌ളോക്ക് തലത്തില്‍ ഒപ്റ്റിക്കല്‍ ലൈന്‍ ടെര്‍മിനല്‍ (ഒഎല്‍ടി) നടപ്പിലാക്കാവുന്നതാണെന്നും പ്രാദേശിക സംരംഭകരെയും ചെറുകിട ബിസിനസുകളെയും തമ്മില്‍ ബന്ധിപ്പിച്ച് ഡിജിറ്റല്‍ കണക്ടിവിറ്റി സംവിധാനം മെച്ചപ്പെടുത്താന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പ്രവര്‍ത്തിക്കുമെന്നും ശിവശൈലം വ്യക്തമാക്കി.

വിവിധ ഗ്രാമങ്ങളിലായി ഉപയോഗിക്കാതെ കിടക്കുന്ന ഫൈബര്‍ ശേഷി ടെലികോം സേവന ദാതാക്കള്‍, മള്‍ട്ടി സിസ്റ്റം ഓപ്പറേറ്റര്‍മാര്‍, പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ എന്നിവര്‍ക്കായി അനുവദിക്കണമെന്ന് മുന്‍പ് ഒരു നിര്‍ദേശമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ നിക്ഷേപം വഴി സൃഷ്ടിച്ച ബാന്‍ഡ് വിഡ്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നത് ഉറപ്പാക്കാന്‍ നിയോഗിച്ച പാനലാണ് ഈ ശുപാര്‍ശ നല്‍കിയിട്ടുള്ളത്. ഇലക്ട്രോണിക്‌സ് ആന്റ് ഐടി സെക്രട്ടറി അരുണ സുന്ദരരാജന്‍, മുന്‍ ഐടി സെക്രട്ടറി ജെ. സത്യനാരായണ, സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് ഡയറക്ടര്‍ ജനറല്‍ രജത് മൂന എന്നിവരാണ് പാനലിലുണ്ടായിരുന്നത്.

2011ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഭാരത്‌നെറ്റിന് തുടക്കമിട്ടത്. അന്നുമുതല്‍ പലതവണ പദ്ധതി കാലാവധി നീട്ടുകയും ചെലവ് ക്രമാതീതമായി ഉയരുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ നട്ടെല്ലായി കണക്കാക്കിയാണ് നിലവിലെ എന്‍ഡിഎ സര്‍ക്കാര്‍ ഈ പദ്ധതിക്ക് പ്രാധാന്യം നല്‍കിയത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 40,000 കോടി രൂപയോളം ചെലവ് വരുമെന്നും അതിന് ഉടന്‍ മന്ത്രിസഭ അംഗീകാരം നല്‍കുമെന്നും ടെലികോം മന്ത്രി മനോജ് സിന്‍ഹ അടുത്തിടെ പറഞ്ഞിരുന്നു.

Comments

comments

Categories: Business & Economy