1990-കള്‍ക്കു ശേഷം ആദ്യമായി കശ്മീരില്‍ സൈന്യത്തിന്റെ അതിബൃഹത്തായ തിരച്ചില്‍

1990-കള്‍ക്കു ശേഷം ആദ്യമായി കശ്മീരില്‍ സൈന്യത്തിന്റെ അതിബൃഹത്തായ തിരച്ചില്‍

ശ്രീനഗര്‍: തീവ്രവാദികളെ തുരത്തുന്നതിന്റെ ഭാഗമായി കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സൈന്യം വിപുലമായ തിരച്ചില്‍ നടത്തി. 30-ാളം തീവ്രവാദികള്‍ ആപ്പിള്‍ തോട്ടങ്ങളില്‍ സൈ്വര്യ വിഹാരം നടത്തുന്നതായുള്ള വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണു വ്യാഴാഴ്ച സംയുക്തമായി സുരക്ഷാ സേന തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്.ഓരോ വീട്ടിലും സൈന്യം സൂക്ഷ്മമായി തിരച്ചില്‍ നടത്തുകയുണ്ടായി. 1990-കള്‍ക്കു ശേഷം ഇത്തരത്തില്‍ ആദ്യമായിട്ടാണു കശ്മീര്‍ താഴ്‌വരയില്‍ സൈന്യം ബൃഹത്തായ തിരച്ചില്‍ നടത്തിയത്.

ഗ്രാമവാസികളോട് വീട് വിട്ട് ഇറങ്ങിയതിനു ശേഷം തുറസായ സ്ഥലത്ത് ഒത്തുകൂടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണു വീടുകള്‍ പരിശോധിച്ചത്. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അന്യരാജ്യങ്ങളില്‍നിന്നും ലഷ്‌കര്‍-ഇ-തോയ്ബ പോലുള്ള തീവ്രവാദ സംഘടനയില്‍നിന്നും തീവ്രവാദികള്‍ ഷോപ്പിയാനില്‍ എത്തിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇൗ വിവരത്തിന്റെ അടിസ്ഥാനത്തിലാണു വീടുകളില്‍ പരിശോധന നടത്തിയത്.

ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചു നടത്തിയ റെയ്ഢില്‍ 4,000-ത്തോളം സുരക്ഷാ സേനാംഗങ്ങള്‍ പങ്കെടുത്തു. വ്യാഴാഴ്ചയാണു കരസേന, ജമ്മു കശ്മീര്‍ പൊലീസ്, സിആര്‍പിഎഫ് ഉള്‍പ്പെടുന്ന സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. ഷോപ്പിയാനില്‍ ഏകദേശം 20 ഗ്രാമങ്ങള്‍ സുരക്ഷാ സേന വളഞ്ഞു. സുരക്ഷാ സേനയ്‌ക്കെതിരേ പ്രദേശവാസികള്‍ കല്ലെറിഞ്ഞ് പ്രതിഷേധിച്ചെങ്കിലും സേന തിരച്ചിലുമായി മുന്നേറി. പ്രദേശവാസികളുമായുണ്ടായ സംഘര്‍ഷത്തില്‍ സൈന്യം ഉപയോഗിച്ച ടാക്‌സിയുടെ ഡ്രൈവര്‍ കൊല്ലപ്പെടുകയും ചെയ്തു.

12 മണിക്കൂര്‍ തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയതിനു ശേഷം മടങ്ങവേ, ഷോപ്പിയാനിലെ കെല്ലാരിലും ചൗദാരി ഗണ്ഡിലും വച്ച് സൈന്യത്തിനു നേരേ തീവ്രവാദികള്‍ നിറയൊഴിച്ചു. രണ്ട് സുരക്ഷാ സേനാംഗങ്ങള്‍ക്കു പരിക്കേറ്റു. സമീപകാലത്തായി ഷോപ്പിയാനില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു കൊണ്ടിരിക്കുകയാണ്. തീവ്രവാദികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു തോക്കുകള്‍ കൈവശപ്പെടുത്തിയ സംഭവം കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Comments

comments

Categories: Top Stories