ഇന്ത്യ എഫ്ഡിഐ നയങ്ങള്‍ ലഘൂകരിക്കണം: എഡിബി പ്രസിഡന്റ്

ഇന്ത്യ എഫ്ഡിഐ നയങ്ങള്‍ ലഘൂകരിക്കണം: എഡിബി പ്രസിഡന്റ്
സംരക്ഷണ വാദം ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകില്ല

ന്യൂഡെല്‍ഹി: പൂര്‍ണ വളര്‍ച്ചാ ശേഷി സ്വായത്തമാക്കുന്നതിന് ഇന്ത്യ തങ്ങളുടെ വിദേശ നിക്ഷേപ നയങ്ങള്‍ കൂടുതല്‍ ലഘൂകരിക്കേണ്ടതുണ്ടെന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് (എഡിബി) പ്രസിഡന്റ് ടേക്ഹികോ നാക്കോ പറഞ്ഞു. സാമ്പത്തിക വളര്‍ച്ച അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇന്ത്യയുടെ വളര്‍ച്ചാ ശേഷി ശക്തമാണ്. പക്ഷെ, ഇന്ത്യന്‍ വിപണി മറ്റു വിപണികളുമായി കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അധികാരവുമായി സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം സമീകരിക്കണം,’ നാക്കോ പറഞ്ഞു. ജപ്പാനിലെ യോക്കോഹോമയില്‍ നടക്കുന്ന ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് 50ാമത് വാര്‍ഷിക സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്ക് ഇതുവരെ പൂര്‍ണ്ണ വളര്‍ച്ചാ ശേഷി കൈവരിക്കാനായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിലൂടെ ഇന്ത്യയെ ഒറ്റ വിപണിയായി സംയോജിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമത്തെയും നാക്കേ അഭിനന്ദിച്ചു. നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നയത്തിന്റെ താല്‍ക്കാലിക പ്രത്യാഘാതങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിനിമയത്തിലുള്ള 86 ശതമാനം നോട്ടുകളും പിന്‍വലിച്ചുകൊണ്ടുള്ള സാമ്പത്തിക പരിഷ്‌കരണം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ചെറിയ പോറലേല്‍പ്പിച്ചിച്ചുണ്ട്. എങ്കിലും നിലവില്‍ സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിച്ചതായി നാക്കോ അറിയിച്ചു. ഈ പരിഷ്‌കരണം സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസിത രാഷ്ട്രങ്ങളില്‍ ഉയരുന്ന സംരക്ഷണവാദ പ്രവണതകള്‍ ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ച സംബന്ധിച്ച എഡിബി റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കില്ലെന്നും എന്നാല്‍, കൂടുതല്‍ വ്യാപാര അവസരങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി പരിശ്രമിക്കേണ്ടതുണ്ടെന്നും നാക്കോ പറയുന്നു. സ്വതന്ത്ര വ്യാപാര നയത്തിന്റെ പ്രയോജനം ഏഷ്യന്‍ വിപണികള്‍ക്ക് ലഭിക്കുമെന്നും സംരക്ഷണവാദ നടപടികള്‍ വലിയ വെല്ലുവിളി ഉയര്‍ത്തില്ലെന്നും നാക്കോ അഭിപ്രായപ്പെട്ടു.

അതേസമയം, ബ്രിട്ടന്‍ യൂറോപ്യന്‍ വിപണി വിടുന്നതിന്റെ പരിണിതഫലങ്ങള്‍ക്ക് കുറച്ച് സമയമെടുക്കും. ബ്രെക്‌സിറ്റ് പശ്ചാത്തലത്തില്‍ യുകെയും യൂറോപ്പും നടത്തുന്ന പുതിയ ക്രമീകരണങ്ങള്‍ കാത്തിരുന്നു കാണാമെന്നാണ് നാക്കോ പറയുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് എഡിബിയുടെ പ്രവചനം. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 7.6 ശതമാനമാകുമെന്നും എഡിബി റിപ്പോര്‍ട്ടില്‍ പറയുന്നു. 2016-2017 സാമ്പത്തിക വര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ കണക്ക്കൂട്ടല്‍.

Comments

comments

Categories: Top Stories