ഹീറോ മോട്ടോകോര്‍പ്പ് വില വര്‍ധിപ്പിച്ചു; സ്‌പ്ലെന്‍ഡര്‍ പ്രോ ക്ലാസ്സിക്കിന്റെ ഉല്‍പ്പാദനം നിര്‍ത്തി

ഹീറോ മോട്ടോകോര്‍പ്പ് വില വര്‍ധിപ്പിച്ചു; സ്‌പ്ലെന്‍ഡര്‍ പ്രോ ക്ലാസ്സിക്കിന്റെ ഉല്‍പ്പാദനം നിര്‍ത്തി
ഹീറോ എച്ച്എഫ് ഡോണ്‍ ഓര്‍ഡര്‍ ചെയ്യുന്ന പക്ഷം ലഭ്യമാക്കും

ന്യൂ ഡെല്‍ഹി : ഹീറോ മോട്ടോകോര്‍പ്പ് വിവിധ മോഡലുകളുടെ വില വര്‍ധിപ്പിച്ചു. മെയ് ഒന്ന് മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നു. 700 രൂപ മുതല്‍ 2,500 രൂപ വരെ വിവിധ മോഡലുകളുടെ വില വര്‍ധിക്കും. സ്‌പ്ലെന്‍ഡര്‍ പ്രോ ക്ലാസ്സിക്കിന്റെ ഉല്‍പ്പാദനം ഹീറോ മോട്ടോകോര്‍പ്പ് അവസാനിപ്പിക്കുകയും ചെയ്തു. സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍, സ്‌പ്ലെന്‍ഡര്‍ iSmart 110, സ്‌പ്ലെന്‍ഡര്‍ പ്രോ, സ്‌പ്ലെന്‍ഡര്‍ +, സ്‌പ്ലെന്‍ഡര്‍ +i3s എന്നിവ വിപണിയില്‍ തുടര്‍ന്നും ലഭിക്കും.

ഹീറോ മോട്ടോകോര്‍പ്പിന്റെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്ത ഹീറോ എച്ച്എഫ് ഡോണ്‍ ഓര്‍ഡര്‍ ചെയ്യുന്ന പക്ഷം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. അലോയ് വീല്‍സ്, എഎച്ച്ഒ(ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍) തുടങ്ങിയ സവിശേഷതകള്‍ കമ്പനി ഇപ്പോള്‍ സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റായാണ് നല്‍കുന്നത്. എന്നാല്‍ എച്ച്എഫ് ഡോണില്‍ ചില ഫീച്ചറുകള്‍ ലഭ്യമാക്കുന്നില്ല. ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്കും ഡെലിവറി മോട്ടോര്‍സൈക്കിളായും മാത്രമേ എച്ച്എഫ് ഡോണ്‍ ലഭിക്കൂ.

ഹോണ്ടയുടെ 97.2 സിസി എന്‍ജിനാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ പ്രോ ക്ലാസ്സിക്കില്‍ ഉപയോഗിച്ചിരുന്നത്. ഹീറോ മോട്ടോകോര്‍പ്പും ഹോണ്ടയും തമ്മിലുള്ള കരാര്‍ അവസാനിച്ചതോടെയാണ് ഈ വേരിയന്റിന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എച്ച്എഫ് ഡോണിലും ഹോണ്ടയുടെ ഇതേ എന്‍ജിനാണ് ഉപയോഗിക്കുന്നത്.

രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിച്ച കഫെ റേസര്‍ സ്റ്റൈല്‍ മോഡലായിരുന്നു സ്‌പ്ലെന്‍ഡര്‍ പ്രോ ക്ലാസ്സിക്. സിംഗ്ള്‍ സീറ്റ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ എന്നിവയായിരുന്നു 2014 ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി അവതരിപ്പിച്ച സ്‌പ്ലെന്‍ഡര്‍ പ്രോ ക്ലാസ്സിക്കിന്റെ സവിശേഷതകള്‍.

Comments

comments

Categories: Auto