ആദ്യ ഫെറാരി 275 GTB/4 കാര്‍ ലേലത്തില്‍ വാങ്ങാം

ആദ്യ ഫെറാരി 275 GTB/4 കാര്‍ ലേലത്തില്‍ വാങ്ങാം
1966 ല്‍ നിര്‍മ്മിച്ച ഫെറാരി 275 ജിടിബി/4 യുടെ ആദ്യ മോഡലാണ് ലേലത്തിന് 
വെച്ചിരിക്കുന്നത്

ലണ്ടന്‍ : 3.2 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വില വരുന്ന ആദ്യ ഫെറാരി 275 ജിടിബി/4 കാറിന്റെ ലേലം ഈ മാസം 18 ന് യുകെയില്‍ നടക്കും. 1966 ല്‍ നിര്‍മ്മിച്ച ഫെറാരി 275 ജിടിബി/4 യുടെ ആദ്യ മോഡലാണ് ലേലത്തിന് വെച്ചിരിക്കുന്നത്. അതേ വര്‍ഷം ഒക്‌റ്റോബറില്‍ പാരിസ് മോട്ടോര്‍ ഷോയിലാണ് കമ്പനി ഈ ഐതിഹാസിക മോഡല്‍ ലോകത്തിന് മുമ്പാകെ അനാവരണം ചെയ്തത്. വെസ്റ്റ്മിന്‍സ്റ്ററിലെ റോയല്‍ ഹോള്‍ട്ടികള്‍ച്ചറല്‍ ഹാളില്‍ പ്രശസ്ത ലേല നടത്തിപ്പുകാരായ ‘കോയ്‌സ്’ ആണ് ലേലം സംഘടിപ്പിച്ചിരിക്കുന്നത്.

ഫെറാരിയുടെ ഏറ്റവും മനോഹരമായ 12-സിലിണ്ടര്‍ കാറായാണ് ഈ 4-കാമിനെ (ഫെറാരി 275 ജിടിബി/4) എല്ലായ്‌പ്പോഴും കരുതുന്നതെന്ന് കോയ്‌സ് സിഇഒ ക്രിസ് റൂട്ട്‌ലെഡ്ജ് പറഞ്ഞു. ഷാസി നമ്പര്‍ ഒന്ന് രേഖപ്പെടുത്തിയ, 1966 ലെ പാരിസ് മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്ത, ഫെറാരി 275 ജിടിബി/4 യുടെ ഫാക്റ്ററി പ്രോട്ടോടൈപ്പാണ് ലേലത്തിന് വെയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്രാന്‍സ് തലസ്ഥാനത്ത് പൊതു അരങ്ങേറ്റം നടത്തിയതുമുതല്‍ ഫെറാരി 275 ജിടിബി/4 (വില 20 ലക്ഷം മുതല്‍ 25 ലക്ഷം പൗണ്ട് വരെ) അതിന്റെ സ്റ്റൈലിന്റെ പേരില്‍ വ്യാപകമായി പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. ഫെറാരിയുടെ വിജയകരമായ കാലഘട്ടത്തിന്റെ തുടക്കം കൂടിയായിരുന്നു 1966. ഈ കാര്‍ വാങ്ങിയ വാങ്ങിയ ഇല്ലിനോയിസിലെ ഗോര്‍ഡന്‍ വാള്‍ക്കര്‍ ഓഫ് നോര്‍ത്ത്ബ്രൂക്ക് ഫെറാരി 275 ജിടിബി/4 യെ അമേരിക്കയിലെത്തിച്ചു. 1983 ല്‍ ഫെറാരി സൗത്ത് യുഎസ്എ 275 ജിടിബി/4 വില്‍പ്പനയ്ക്ക് വെയ്ക്കുന്നതുവരെ ഈ കാര്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ തുടര്‍ന്നു.

1980 കളുടെ അവസാനം ഫെറാരി 275 ജിടിബി/4 ആല്‍ബര്‍ട്ട് ഒബ്രിസ്റ്റിന്റെ സ്വിസ് കളക്ഷന്റെ ഭാഗമായി. ലോകത്ത് ഫെറാരി കാറുകളുടെ ഏറ്റവും വിപുലമായ ശേഖരം സൂക്ഷിക്കുന്ന വ്യക്തിയാണ് ആല്‍ബര്‍ട്ട് ഒബ്രിസ്റ്റ്. ഫെറാരി 275 സീരീസിലെ ലക്ഷണമൊത്ത കാര്‍ എന്നതിനാലാണ് ഒബ്രിസ്റ്റ് ഫെറാരി 275 ജിടിബി/4 യെ തന്റെ ശേഖരത്തിലുള്‍പ്പെടുത്തിയത്.

കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം ഈ കാര്‍ ഇംഗ്ലണ്ടിലെ പ്രശസ്തമായ കാര്‍ കളക്ഷന് കൈമാറി. വിലമതിക്കാനാവാത്ത മറ്റ് വാഹനങ്ങള്‍ക്കൊപ്പം 2000 ത്തിന്റെ തുടക്കം വരെ ഫെറാരി 275 ജിടിബി/4 ഇവിടെ തുടര്‍ന്നു. 2004 ല്‍ കോയ്‌സ് ആണ് മൊണാക്കോയില്‍ സംഘടിപ്പിച്ച ലേലത്തിലൂടെ ഇപ്പോഴത്തെ ഉടമക്ക് വിറ്റത്. തങ്ങളുടെ കാലത്തെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് 275 ജിടിബി/4 എന്ന് 1967 ല്‍ കാര്‍ ടെസ്റ്റ് ചെയ്ത റേസിംഗ് വിദഗ്ധര്‍ വിശേഷിപ്പിച്ചിരുന്നു. ഫെറാരി 275 ജിടിബി/4 4-കാം കൂടാതെ 1961 ഫെറാരി 250 ജിടി കാബ്രിയോളി, 1967 ഫെറാരി 330 ജിടിസി, 1963 മസെറാറ്റി 3500 ജിടി എന്നിവയും ലേല പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Comments

comments

Categories: Auto