പ്രമുഖ മാധ്യമ പുരസ്‌കാരം പലസ്തീന്‍ ഫോട്ടോ ജേണലിസ്റ്റിന്

പ്രമുഖ മാധ്യമ പുരസ്‌കാരം പലസ്തീന്‍ ഫോട്ടോ ജേണലിസ്റ്റിന്
പലസ്തീന്‍- ഇസ്രയേല്‍ ഏറ്റുമുട്ടലിന്റെ ചിത്രം പകര്‍ത്തിയ എഎഫ്പിയുടെ
ഫോട്ടോഗ്രാഫര്‍ ജാഫര്‍ അഷ്തിയേഹാണ് അറബ് ജേര്‍ണലിസം അവാര്‍ഡിന് അര്‍ഹനായത്

ദുബായ്: പലസ്തീന്‍- ഇസ്രയേല്‍ ഏറ്റുമുട്ടലിന്റെ ചിത്രം പകര്‍ത്തിയ പലസ്തീന്‍ ഫോട്ടോഗ്രാഫര്‍ ജാഫര്‍ അഷ്തിയേഹിന് അറബ് ജേര്‍ണലിസം അവാര്‍ഡ്. ദുബായില്‍ നടന്ന അറബ് മീഡിയ ഫോറം കോണ്‍ഫറന്‍സിന്റെ സമാപന ചടങ്ങില്‍വച്ച് പുരസ്‌കാരം കൈമാറി. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയുടെ ഫോട്ടോഗ്രാഫറാണ് അഷ്തിയേഹ്.

2016 മാര്‍ച്ച് നാലിന് വെസ്റ്റ് ബാങ്കിലെ ക്ഫര്‍ ഖഢും ഗ്രാമത്തില്‍ പലസ്തീനും ഇസ്രയേല്‍ സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ കവര്‍ ചെയ്തതിനാണ് അവാര്‍ഡ്. ഇരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ സാധാരണക്കാരെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു അവാര്‍ഡിന് അര്‍ഹമായ ചിത്രം.

നിലത്തു വീണുപോയ കുട്ടിയെ ചേര്‍ത്ത് പിടിച്ചുകൊണ്ട് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന വ്യക്തിയും ഇവര്‍ക്ക് നേരെ തോക്കു ചൂണ്ടിക്കൊണ്ട് നില്‍ക്കുന്ന ഇസ്രയേലി സൈനികനുമാണ് ചിത്രത്തിലുള്ളത്. ഇതേ സംഭവത്തിലെ മറ്റൊരു ചിത്രത്തിന് യുഎസിന്റെ എന്‍പിപിഎ പുരസ്‌കാരത്തില്‍ അഷ്തിയേഹിന് പ്രത്യേക പരാമര്‍ശം നേടിയിരുന്നു.

അറബ് ദിനപത്രമായ അഷ് ഷര്‍ഖ് അല്‍ അവ്‌സത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ ലബനീസ് മാധ്യമപ്രവര്‍ത്തകന്‍ ഖസ്സന്‍ ചാര്‍ബെല്ലിന് ടോപ് ജേണലിസ്റ്റിനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച ഓണ്‍ലൈന്‍ ജേണലിസത്തിനുള്ള സമ്മാനത്തിന് സൗദിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ സബ്ഖ് അര്‍ഹമായി. 3,05,000 ഡോളറാണ് അറബ് ജേണലിസ്റ്റ് അവാര്‍ഡിന്റെ സമ്മാനത്തുക.

Comments

comments

Categories: World