പാക്കിസ്ഥാന്‍ സൈന്യത്തിന്റേത് കാടത്തം

പാക്കിസ്ഥാന്‍ സൈന്യത്തിന്റേത് കാടത്തം

ഭാരത സൈനികരുടെ തലവെട്ടി വികൃതമാക്കുന്ന പാക്കിസ്ഥാന്റെ കാടത്തത്തിന് മറുപടി കൊടുക്കാന്‍ ഏതറ്റം വരെയും പോകാം. ഇനി ഇത് ആവര്‍ത്തിക്കാത്ത തരത്തിലാകണം ഇന്ത്യ മറുപടി പറയേണ്ടത്

ഒരു പരാജിത രാഷ്ട്രത്തോട്, നശീകരണത്തിലും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിലും മാത്രം വിശ്വസിക്കുന്ന അധമരാജ്യത്തോട് ഡീല്‍ ചെയ്യേണ്ടത് സമാധാന സംഭാഷണത്തിലൂടെയല്ല. പാക്കിസ്ഥാന്‍ അതര്‍ഹിക്കുന്നുമില്ല. അതിര്‍ത്തിയില്‍ പൊലിയുന്ന ധീരസൈനികരുടെ ജീവത്യാഗങ്ങള്‍ വെറുതെയാകരുത്. ഇനിയും ഇന്ത്യന്‍ സൈനികരുടെ ജീവന്‍ പൊലിയാത്ത രീതിയിലായിരിക്കണം പാക്കിസ്ഥാന്‍ കാണിക്കുന്ന ക്രൂരതയ്ക്ക് ഇന്ത്യ മറുപടി പറയേണ്ടത്. രണ്ട് സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടി എല്ലാ തരത്തിലുള്ള മാന്യതയുടെ അളവുകോലുകളും ലംഘിക്കുന്നു. തങ്ങള്‍ ഒരിക്കലും സമാധാനത്തില്‍ വിശ്വസിക്കുന്നില്ല എന്ന് ആവര്‍ത്തിച്ച് പറയുന്ന അവരോട് ഇനിയും സമാധാനത്തിന്റെ ഭാഷ സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല.

രണ്ട് ഇന്ത്യന്‍ സൈനികരെ അതിക്രൂരമായാണ് പാക്കിസ്ഥാന്‍ കൊലപ്പെടുത്തിയത്. അതിന് ശേഷം മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സൈന്യത്തിന് ഉചിതമായി തിരിച്ചടി നല്‍കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിട്ടുമുണ്ട്. ആറ് മാസത്തിനിടെ മൂന്നാം തവണയാണ് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക്കിസ്ഥാന്‍ വികൃതമാക്കുന്നത്. സൈനികരുടെ ജീവന്‍ പൊലിയുന്ന കാര്യത്തില്‍ ഇനി ഒരു വിട്ടുവീഴ്ച്ചാ സമീപനവും കൈക്കൊള്ളേണ്ട കാര്യമില്ല; കശ്മീരിലെ വിഘടനവാദത്തിന്റെ കാര്യത്തിലും.

കശ്മീരിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട് ഭാരതത്തിന് സംശയമില്ലാത്തിടത്തോളം കാലം ഒരു വിദേശശക്തിയുടേയും മധ്യസ്ഥത ഈ വിഷയത്തില്‍ വേണ്ട

പാക്കിസ്ഥാന്‍ പിന്തുണയോടെ നടക്കുന്ന വിഘടനവാദ ശ്രമങ്ങളെ എന്ത് വിലകൊടുത്തും അടിച്ചമര്‍ത്തുക തന്നെയാണ് വേണ്ടത്. സമാധാനത്തിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ അത്തരത്തിലൊരു അവസ്ഥ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് തക്ക മറുപടി നല്‍കേണ്ടത് അനിവാര്യമാണെന്ന് തിരിച്ചറിയണം. പാക്കിസ്ഥാനെ പോലെ ഒരു ‘റോഗ്’ സ്‌റ്റേറ്റിനെ നേരിടുമ്പോള്‍ മനുഷ്യത്വം പറയാന്‍ വരുന്നവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. കാരണം മനുഷ്യത്വമില്ലായ്മയില്‍ അധിഷ്ഠിതമായാണ് പാക്കിസ്ഥാന്‍ സൈന്യം ഇപ്പോള്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍.

ചൈനയുടെ ആവശ്യമില്ല

ഇന്ത്യാ-പാക്കിസ്ഥാന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തങ്ങള്‍ മധ്യസ്ഥം വഹിക്കാമെന്ന ചൈനയുടെ അഭിപ്രായം പരിഹാസ്യമാണ്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാറില്ലെന്ന് പറയുന്ന ചൈനയ്ക്ക് ഇപ്പോള്‍ ഈ മനംമാറ്റം വന്നത് സദുദ്ദേശ്യത്തിലല്ല എന്തായാലും. എന്നും പാക്കിസ്ഥാന്‍ തീവ്രവാദത്തെ അനുകൂലിക്കുന്ന നിലപാട് മാത്രമാണ് ചൈന കൈക്കൊണ്ടിട്ടുള്ളത്. പാക്ക് ഭീകരതയെ എല്ലാ അര്‍ത്ഥത്തിലും വെള്ള പൂശുന്ന നയമാണ് അവര്‍ സ്വീകരിക്കുന്നത്. നിലവില്‍ ചൈനയുടെ വന്‍ നിക്ഷേപത്തില്‍ പാക്ക് അധീന കശ്മീരിലൂടെ പോകുന്ന ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്ക് ബലോചിസ്ഥാന്‍ സ്വതന്ത്രവാദികളില്‍ നിന്ന് ഭീഷണി ഉയരരുതെന്ന് കരുതിക്കൂടിയാണ് ചൈനയുടെ ഈ മനംമാറ്റം.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അവിടെ വിഘടനവാദത്തിന്റെ വിത്തുകള്‍ മുളപ്പിച്ചത് പാക്കിസ്ഥാനുമാണ്. പല കാലങ്ങളില്‍ വന്ന ഇന്ത്യന്‍ സര്‍ക്കാരുകളുടെ അപക്വതയും പ്രീണനനയങ്ങളും ദീര്‍ഘവീക്ഷണമില്ലായ്മയും അതിന് ഉത്‌പ്രേരകമാവുകയും ചെയ്തു. കശ്മീരിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട് ഭാരതത്തിന് സംശയമില്ലാത്തിടത്തോളം കാലം ഒരു വിദേശശക്തിയുടേയും മധ്യസ്ഥത ഈ വിഷയത്തില്‍ വേണ്ട. കശ്മീര്‍ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്ന് ഇന്ത്യക്ക് വ്യക്തമായ നിശ്ചയമുണ്ട്.

തയ്‌വാനിലെയും ഹോങ്കോംഗിലെയും പ്രശ്‌നം ആദ്യം പരിഹരിക്കാന്‍ ചൈന ശ്രമിക്കട്ടെ, എന്നിട്ടാകാം ബാക്കി രാജ്യങ്ങളിലേക്കുള്ള ഇടപെടല്‍. ഇന്ത്യാ വിരുദ്ധത മാത്രമാണ് പാക്കിസ്ഥാനെയും ചൈനയെയും ഒന്നിപ്പിക്കുന്ന ഘടകം. എന്നാല്‍ ചൈനയുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ക്ക് എന്നും ഗുണം ചെയ്യുക ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുകയാണെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ടാകേണ്ടിയിരിക്കുന്നു. ഭീകരത കയറ്റുമതി ചെയ്യുന്ന ഒരു രാജ്യത്ത് എന്നും പ്രശ്‌നങ്ങള്‍ മാത്രമേയുണ്ടാകൂ. നാളെ അത് ചൈനയെ തിരിച്ച് കൊത്തിയേക്കാം. പുരോഗമനപരമായി ചിന്തിക്കാന്‍ ഇനിയെങ്കിലും ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം തയാറാകണം.

Comments

comments

Categories: Editorial