വിദ്യാഭ്യാസത്തിലെ പരിവര്‍ത്തനം എങ്ങനെ?

വിദ്യാഭ്യാസത്തിലെ പരിവര്‍ത്തനം എങ്ങനെ?
ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തി മുമ്പോട്ടുപോകേണ്ടതിന്റെ ആവശ്യകത
ഇന്ന് വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണ്. ഫലപ്രദമായ പരിഷ്‌കരണങ്ങളും പുതുമയും
ഉള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയ്ക്ക് രൂപം നല്‍കുകവഴി വിദ്യാഭ്യാസരംഗത്ത്
പരിവര്‍ത്തനം കൊണ്ടുവരാനും മികച്ച ഭാവി തലമുറയെ സൃഷ്ടിക്കാനും സാധിക്കും

സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിനും ആഗോള നിലവാരമുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനും ഓരോ വര്‍ഷവും നാം ചെലവാക്കേണ്ട അധിക തുക 39 ബില്ല്യണ്‍ ഡോളറാണെന്ന് യുനെസ്‌കോ വിലയിരുത്തുന്നു. ദൗര്‍ഭാഗ്യവശാല്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ധനസഹായം കുറഞ്ഞുവരികയാണ്. അന്താരാഷ്ട്ര സാമ്പത്തിക സൗകര്യം (ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഫെസിലിറ്റി) പോലെയുള്ള ധീരമായ ചുവടുകള്‍ വിദ്യാഭ്യാസ കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

കൂടുതല്‍ തുക ചെലവാക്കുന്നതിനേക്കാള്‍ ഫലപ്രദമായി ചെലവിടുന്നതിലാണു കാര്യം. വിദ്യാര്‍ത്ഥികളുടെ ഒരു തലമുറയെ നഷ്ടപ്പെടുമെന്ന അപകടകരമായ സാഹചര്യമാണ് ഇപ്പോള്‍ മുന്നിലുള്ളത്. ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ ആവശ്യകത നന്നായി മനസ്സിലാകും. 26 വയസ്സില്‍ താഴെ പ്രായമുള്ള 600 മില്ല്യണ്‍ ആളുകളുള്‍പ്പെടെ 1.2 ബില്ല്യണ്‍ ജനസംഖ്യയുള്ള ഇന്ത്യക്ക് പുതിയ തൊഴിലന്വേഷകരെ തൊഴില്‍ വിപണിയിലേക്ക് എത്തിക്കണമെങ്കില്‍ തന്നെ പ്രതിവര്‍ഷം അടുത്ത പതിറ്റാണ്ടിലേക്കായി 12 മില്ല്യണും 15 മില്ല്യണുമിടയില്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. ഗുണനിലവാരം ഉള്ള വിദ്യാഭ്യാസത്തിന്റെ അഭാവത്തില്‍ ഇത്തരത്തില്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതും അവയ്ക്കായി ആളുകളെ നിയമിക്കുന്നതും അസാധ്യമാണ്.

ശക്തമായ ഭരണനേതൃത്വം ഉള്ള രാജ്യമാണ് ഇന്ത്യ. 400 ആളുകള്‍ക്ക് ഒരു എന്‍ജിഒ ഉള്ള രാജ്യമാണ് ഇന്ത്യ. കമ്പനികളുടെ ലാഭത്തിന്റെ രണ്ടു ശതമാനം കാരുണ്യപ്രവര്‍ത്തനത്തിനു മാറ്റിവെക്കണമെന്നു നിര്‍ദേശിക്കുന്ന രാജ്യം. ഇതെല്ലാം മാറ്റം സൃഷ്ടിക്കുന്ന വസ്തുതകള്‍ തന്നെയാണ്. 2030-ലേക്കുള്ള വിദ്യാഭ്യാസവ്യവസ്ഥ സൃഷ്ടിക്കാന്‍ രാജ്യം കൂടുതല്‍ ചെലവിടുകയല്ല വേണ്ടത്, മറിച്ച് ചെലവഴിക്കുന്ന തുക ഫലപ്രദമായി വിനിയോഗിക്കുകയാണു ചെയ്യേണ്ടത്.

ലോകത്താകമാനം വിദ്യാഭ്യാസരംഗത്ത് വളരെ മികച്ച പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നത് സെന്റര്‍ ഫോര്‍ യൂണിവേഴ്‌സല്‍ എഡ്യുക്കേഷന്റെ (സിയുഇ) വാര്‍ഷിക ഗവേഷണത്തിലും പോളിസി സിംപോസിയത്തിലും എടുത്തുകാണിച്ച വസ്തുതയാണ്. വിവിധ സാഹചര്യങ്ങളിലും വിഭിന്ന ആളുകളിലുമായി വിദ്യാഭ്യാസത്തില്‍ നവീനമായ നിരവധി മാറ്റങ്ങള്‍ എല്ലായിടത്തും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ സാമുദായികപദ്ധതികള്‍ മുതല്‍ സാമൂഹ്യസംഘടനകള്‍ നടത്തുന്ന വന്‍സംരംഭങ്ങള്‍ ഉള്‍പ്പെടെ ലോകത്താകമാനം ഉള്ള 2000ത്തിലധികം പുതിയ കണ്ടുപിടുത്തങ്ങളുടെ കാറ്റലോഗ് സിയുഇയിലെ ഗവേഷകര്‍ രൂപീകരിച്ചിട്ടുണ്ട്.

വളരെയധികം ഫലപ്രദവും പുതുമയുള്ളതുമായ സമീപനങ്ങള്‍ ചെറുകിടരീതിയില്‍ സംഭവിക്കുന്നുണ്ടെങ്കിലും പലരും വിദ്യാഭ്യാസ രംഗത്ത് ഇന്നൊവേഷന്റെ പ്രശ്‌നം ഉണ്ട് എന്ന് കരുതുന്നവരാണ്, അതിലൊരു ബൗദ്ധികപ്രശ്‌നം അടങ്ങിയിരിക്കാമെങ്കിലും. പുതിയതും വിജയസാധ്യതയുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ഒരു നയമായി രൂപപ്പെടുത്തുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലും പലപ്പോഴും പരാജയപ്പെടാറുണ്ട്. ഇത്തരത്തിലുള്ള ശ്രമങ്ങളെ ശരിയായ ഫണ്ടിംഗിലൂടെയും സഹകരണത്തിലൂടെയും കൂടുതല്‍ നന്നായി പിന്തുണയ്ക്കാനും അതുവഴി ഇത്തരം പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും സഹായിക്കും.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനായി നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥിതിയില്‍ മാറ്റം വരുത്തിക്കൊണ്ട് ഇന്നൊവേഷനും പരീക്ഷണങ്ങള്‍ക്കും അവസരം ഒരുക്കുന്ന പരിസ്ഥിതി വളര്‍ത്തിക്കൊണ്ടുവരണമെന്ന് സെന്റര്‍ ഫോര്‍ യൂണിവേഴ്‌സല്‍ എജ്യൂക്കേഷന്‍ ഡയറക്റ്റര്‍ റബേക്കാ വിന്‍ത്രോപ് പറയുന്നു. പഠനത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിന് പര്യാപ്തമായ സമീപനങ്ങളും പുതിയ ആശയങ്ങള്‍ വ്യാപിപ്പിക്കാനുള്ള വ്യവസ്ഥകളും ആവശ്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഫലപ്രദവും ഊര്‍ജ്ജിതവുമായ ആശയങ്ങളില്‍ നിക്ഷേപിച്ചുകൊണ്ട് വളരെ സമര്‍ത്ഥമായ രീതിയില്‍ വിദ്യാഭ്യാസത്തിനായി ചെലവാക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. ഇതിനോടുള്ള പ്രതികരണമെന്നോണം ആഗോള സാമ്പത്തിക ഫോറത്തിന്റെ വിദ്യാഭ്യാസത്തിനായുള്ള ഗ്ലോബല്‍ അജണ്ട കൗണ്‍സില്‍ ആദ്യ കണക്റ്റീവ് ഗ്രാഫായ മാറ്റര്‍ഫണ്ട് രൂപീകരിച്ചു. ന്യൂഡെല്‍ഹിയില്‍ ഇന്ത്യന്‍ ഭരണാധികാരികളുമായും ബിസിനസ്സ്, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായും നടത്തിയ ചര്‍ച്ചകളില്‍ ഫലപ്രദമായ വിദ്യാഭ്യാസ ഇടപെടലുകളെ പിന്തുണയ്ക്കുന്ന ആഗോള രൂപകല്‍പന സൃഷ്ടിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഒരു കണക്റ്റീവ് ഗ്രാഫ് മുഖാന്തരം ആര് ആരെ പിന്തുണയ്ക്കുന്നു എന്നു വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും.

ഏത് നിക്ഷേപകരാണ് എന്‍ജിഒകളെ പിന്തുണയ്ക്കുന്നത്, സര്‍ക്കാര്‍ രംഗത്തുള്ളവര്‍ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം തുടങ്ങിയവയെക്കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിക്കാന്‍ ഇതുവഴി സാധിക്കും. ചെറുതാണെങ്കിലും വിജയസാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാഫില്‍ ഇടം ലഭിക്കും. വിദ്യാഭ്യാസരംഗത്ത് എന്താണ് വിജയിക്കുന്നതെന്ന് ആളുകള്‍ക്ക് കണ്ടെത്താന്‍ എളുപ്പമായിരിക്കും.

ഇത്തരത്തില്‍ ഫലപ്രദമായി വിദ്യാഭ്യാസത്തിനായി ചെലവിടാനുള്ള അവസരങ്ങള്‍ മുന്നിലുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ സബ്-സഹാറന്‍ ആഫ്രിക്കയിലെ രാജ്യങ്ങളിലെ ദാരിദ്ര്യത്തെ ചെറുക്കാനും അതുവഴി എഴുത്തുകാരുടെയും വായനക്കാരുടെയും ഒരു തലമുറയെ രൂപപ്പെടുത്താനുമായി പ്രവര്‍ത്തിക്കുന്ന ‘കാംഫെഡ്’, വിദ്യാര്‍ത്ഥികളില്‍ സാമ്പത്തിക അറിവു കൊണ്ടുവരാനും 117 രാജ്യങ്ങളിലായി പ്രതിവര്‍ഷം 4.1 മില്ല്യണ്‍ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന ‘അഫ്‌ലാറ്റോണ്‍’ എന്നിവപോലുള്ള സംഘടനകളെ പിന്തുടരാന്‍ സാധിക്കും.

ഈ കണക്റ്റീവ് ഗ്രാഫ് മുമ്പുചെയ്തിരുന്നതില്‍ നിന്നെല്ലാം വ്യത്യസ്തമായ നിരവധി കാര്യങ്ങള്‍ ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നത്. അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് തങ്ങളുടെ രാജ്യത്ത് ഏത് രീതിയിലാണ് നിക്ഷേപം നടത്തേണ്ടതെന്ന് കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ സാധിക്കും. ജെംസ് എജ്യൂക്കേഷണ്‍ , പിയേഴ്‌സണ്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ പിന്തുണയോടെ ദക്ഷിണാഫ്രിക്കയില്‍ ഈ ആശയം പരീക്ഷിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 132 സ്ഥാപനങ്ങളെ ചേര്‍ത്തു കൊണ്ടാണ് തുടക്കം. ഇത് വളരെ ശക്തമായ ഒരു പ്രവര്‍ത്തനം തന്നെയാണ്. എന്നിരുന്നാലും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി നിക്ഷേപം നടത്താന്‍ നിക്ഷേപകരെ സഹായിക്കുന്ന രീതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. മാറിവരുന്ന നിക്ഷേപരീതിയിലേക്ക് വിദ്യാഭ്യാസരംഗത്തെ എന്‍ജിഒകളെ ബന്ധിപ്പിക്കണം.

ഫലപ്രദമായ കാര്യങ്ങളെ പിന്തുണച്ചുകൊണ്ടും ഓരോരുത്തരും കൂടുതല്‍ കാര്യക്ഷമമായി തങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പിയേഴ്‌സന്റെ ആഗോളതലത്തിലെ മാര്‍ക്കറ്റിംഗ് മേധാവിയും കോര്‍പ്പറേറ്റ് കാര്യങ്ങളിലെ ചീഫുമായ കേറ്റ് ജെയിംസ് പറയുന്നു. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലേയും പോലെ വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ ഒരു ഇന്നൊവേഷണ്‍ പ്രസ്ഥാനം ഇന്ത്യയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ കണ്ടെത്തലുകളുടെ ആവാസവ്യവസ്ഥ രൂപപ്പെടുത്താനായി ഇന്ത്യന്‍ സര്‍ക്കാര്‍ രൂപീകരിച്ച അടല്‍ ഇന്നൊവേഷന്‍ മിഷന്‍ (എഐഎം) ഇതിനൊരു ഉദാഹരണമാണ്.

ഇന്നൊവേറ്റര്‍മാരുടെയും സംരംഭകരുടെയും അടുത്ത തലമുറയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും എഐഎം സ്വയം പഠനത്തിലൂടെ സാമൂഹിക പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിക്കാനുളള അവസരമാണ് എഐഎം രൂപീകരിക്കുന്നതെന്നും നീതി അയോഗിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ സി മുരളീകൃഷ്ണ കുമാര്‍ പറയുന്നു. നാളെയുടെ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ പ്രാപ്തരായ ഒരു മില്ല്യണ്‍ ഇന്നൊവേറ്റര്‍മാരെ സൃഷ്ടിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ ഇന്നൊവേഷണ് പ്രാധാന്യമുള്ള ഓരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ എല്ലാ തലങ്ങളിലുമുള്ള നേതൃത്വം ഇന്ത്യയ്ക്ക് ആവശ്യമാണ്.

Comments

comments

Categories: Education, FK Special