നേട്ടങ്ങളുടെ പാതയില്‍ ‘സൈലോഗ്’

നേട്ടങ്ങളുടെ പാതയില്‍ ‘സൈലോഗ്’
അനേകം ബിസിനസുകളും അവയുടെ വിജയഗാഥയും നമ്മള്‍ ഒരുപാട് കേട്ടിരിക്കുന്നു,
എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പുത്തന്‍ ബിസിനസ് രീതികളിലൂടെ വിജയം
കൈവരിച്ചിരിക്കുകയാണ് സൈലോഗ്.

പലരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ള കാര്യമാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണം, തന്റെ വ്യക്തിമുദ്ര ഈ ലോകത്ത് അവശേഷിപ്പിക്കണമെന്നത്. എന്നാല്‍ പലരുടെയും ആഗ്രഹം സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. ഇതിനുള്ള പ്രധാനകാരണം ആരും തന്നെ പ്രതിസന്ധികളെ ഏറ്റെടുക്കാനോ തരണംചെയ്യുവാനോ തയാറല്ല എന്നുള്ളതാണ്. എന്നാല്‍ മനസില്‍ വിരിഞ്ഞ ഈ ആഗ്രഹങ്ങളെ സാക്ഷാല്‍ക്കരിക്കാന്‍, പദവികളെല്ലാം ഉപേക്ഷിച്ച് കഠിനപ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയാണ് സൈലോഗ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനും എംഡിയുമായ എസ് ഡന്‍സ്റ്റണ്‍.

ബംഗളൂരുവില്‍ നിന്നും ബിഎസ്‌സി ബിരുദവും, എംബിഎയും പൂര്‍ത്തിയാക്കിയ ശേഷമാണ് ഡന്‍സ്റ്റണ്‍ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിക്കുന്നത്. സാനിറ്ററി രംഗത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ പാരിവെയറിന്റെ ചെന്നൈ ഘടകത്തിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. പത്തുകൊല്ലത്തെ അവുടുത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം മസ്‌കറ്റിലുള്ള ടൈല്‍ ഫാക്റ്ററിയുടെ വിതരണവിഭാഗം തലവനായി ജോലി ലഭിച്ചതിനാല്‍ പാരിവെയറിനോട് വിടപറഞ്ഞ ഡന്‍സ്റ്റണ്‍ പിന്നീടുള്ള പത്തുവര്‍ഷം മസ്‌കറ്റിലാണ് ജോലിചെയ്തത്. പ്രവാസ ജീവിതം പുര്‍ത്തിയാക്കി തിരിച്ചെത്തിയ അദ്ദേഹം വീണ്ടും പാരിവെയറില്‍ തന്നെ പ്രവേശിച്ചു. കമ്പനിയുടെ ഇന്ത്യയിലെ മുഴുവന്‍ വിതരണ ശൃംഖലയുടെയും തലവനായിട്ടാണ് ഇദ്ദേഹം രണ്ടാമത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2010-ല്‍ അവിടെ നിന്ന് വിടപറയുകയും ചെയ്തു.

2011-ലാണ് സൈലോഗ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഡന്‍സ്റ്റണെ സെലോഗ് തുടങ്ങുന്നതിലേക്ക് എത്തിക്കുന്നത്. അധികം ആരുംതന്നെ കടന്നു ചെല്ലാത്ത ബിസിനസ് വഴികളിലൂടെയാണ് ഡന്‍സ്റ്റണിന്റെ യാത്ര. തികച്ചും വ്യത്യസ്തമായ ഈ ബിസിനസ് ജനങ്ങള്‍ വളരെ പെട്ടെന്നുതന്നെയാണ് സ്വീകരിച്ചത്.

സൈലോഗിന്റെ പ്രവര്‍ത്തനങ്ങള്‍

സൈലോഗ് എന്ന സ്ഥാപനത്തെ നിലവില്‍ അഞ്ച് മേഖലകളായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. സാനിറ്ററി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനാനന്തര സേവനങ്ങളാണ് ഇതില്‍ ആദ്യത്തേത്. പാരിവെയര്‍, ജാഗ്വാര്‍, റോക്ക, ധനൂബ്, സൊമാനി, ഡ്യൂറാ വൈറ്റ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുമായിട്ടാണ് കമ്പനി ബിസിനസ് നടത്തിവരുന്നത്. കേരള, തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സേവനങ്ങളാണ് സൈലോഗ് ലഭ്യമാക്കുന്നത്. കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിവരുന്നത്. ഈ പ്രദേശങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് നേരിട്ടുവരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തനം.

പ്രശ്‌നപരിഹാരത്തിനായി സൈലോഗിന്റെ നേതൃത്വത്തില്‍ പരിശീലനം സിദ്ധിച്ചിട്ടുള്ള വിദഗ്ധരായ നിരവധി തൊഴിലാളികളാണ് പ്രവര്‍ത്തിച്ചുവരുന്നത്. കനത്ത മല്‍സരമാണ് ഇന്ന് സാനിറ്ററി ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ നടക്കുന്നത്, അതിനാല്‍ വില്‍പ്പനാനന്തര സേവനങ്ങള്‍ക്ക് ഉപയോക്താക്കള്‍ വളരെയധികം ശ്രദ്ധ നല്‍കി വരുന്നു. ഈ സാഹചര്യം തങ്ങളുടെ ബിസിനസിന് വളരെ ഗുണകരമാണ് എന്നാണ് ഡന്‍സ്റ്റണ്‍ പറയുന്നത്. ഇത്തരത്തിലുള്ള സേവനങ്ങള്‍ക്കു പുറമെ സാനിറ്ററി ഉല്‍പ്പന്നങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സിന്റെ വില്‍പ്പനയിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇതിനുവേണ്ടി സ്‌പെയര്‍ പാര്‍ട്‌സുകള്‍ വളരെയധികം വാങ്ങി ശേഖരിച്ചിട്ടുള്ളതായി ഡന്‍സ്റ്റണ്‍ പറഞ്ഞു. സ്‌പെയര്‍പാര്‍ട്‌സിന്റെ വിപണനത്തിനായി ‘സ്‌പെയര്‍ ഓണ്‍ വീല്‍’ എന്ന രീതിയും ഡന്‍സ്റ്റണ്‍ പിന്തുടരുന്നു. സ്‌പെയര്‍പാര്‍ട്‌സ് നിറച്ച ഒരു വാഹനം ഇതിനായി കേരളം മുഴുവന്‍ സഞ്ചരിച്ചുക്കൊണ്ടിരിക്കുകയാണ്, ആവശ്യക്കാരുടെ അടുത്ത് നേരിട്ട് സാധനങ്ങള്‍ എത്തിക്കുന്ന സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് ആണ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മറ്റൊരു മേഖല. സാനിറ്ററി ഉല്‍പ്പന്നങ്ങളുടെ വിതരണമാണ് ഈ മേഖലയിലൂടെ നടക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനൂബ് എന്ന കമ്പനിയുടെ കേരളത്തിലെയും, തമിഴ്‌നാട്ടിലെയും മൊത്തവിതരണക്കാരാണ് സൈലോഗ്. ധനൂബിന് പുറമെ റോക്കയുടെ തമിഴ്‌നാട്ടിലെ മൊത്ത വിതരണക്കാരുമാണ് ഇവര്‍. മാത്രമല്ല വിജയവാഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റിനി എന്ന സാനിറ്ററി ഉല്‍പ്പന്നങ്ങളുടെയും വിതരണം വൈകാതെ തന്നെ ആരംഭിക്കും എന്നാണ് ഡന്‍സ്റ്റണ്‍ പറയുന്നത്.

കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ മേഖലയാണ് ഫെസിലിറ്റി മാനേജ്‌മെന്റ്. കമ്പനിയുടെ പ്രധാന പ്രവര്‍ത്തനരംഗങ്ങളിലൊന്നാണിത്. ഫഌറ്റുകളെയും വില്ലകളെയും കേന്ദ്രീകരിച്ചുള്ള ഒരു ബിസിനസാണ് ഫെസിലിറ്റി മാനേജ്‌മെന്റ്. കേരളത്തിലേക്കാള്‍ അധികമായി ചെന്നൈയിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ഭാവിയില്‍ വളരെയധികം ആളുകള്‍ ഏറ്റെടുക്കാന്‍ സാധ്യതയുള്ള ബിസിനസുകളില്‍ ഒന്നാണ് ഇത്. ഒരു അപ്പാര്‍ട്ട്‌മെന്റിനു വേണ്ട പൊതുസൗകര്യങ്ങള്‍ നിറവേറ്റിക്കൊടുക്കുകയാണ് ഇതുവഴി കമ്പനി ലക്ഷ്യമാക്കുന്നത്. അപ്പാര്‍ട്ട്‌മെന്റിലെ അസോസിയേഷന്‍ വഴി മൂന്ന് കൊല്ലത്തേക്കാണ് കരാര്‍ ഒപ്പിടുന്നത്.

കരാറില്‍ ഏര്‍പ്പെട്ടാല്‍ അപ്പാര്‍ട്‌മെന്റിന്റെ കവാടത്തില്‍ നില്‍ക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മുതല്‍ സ്ഥാപനത്തിന്റെ സേവനരംഗം ആരംഭിക്കുകയായി. സ്വിമ്മിംഗ്പൂള്‍, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ മെയ്ന്റനന്‍സ്, വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങളായിരിക്കും പ്രധാനമായി ചെയ്തുവരിക. ചെന്നൈയില്‍ ഇത്തരത്തില്‍ നാല് അപ്പാര്‍ട്ട്‌മെന്റുകളുടെ സംരക്ഷണച്ചുമതലയിപ്പോള്‍ സൈലോഗിന്റെ കൈകളിലാണ് എന്നാണ് ഡന്‍സറ്റണ്‍ പറയുന്നത്. നിലവില്‍ ഇതുപോലുള്ള നിരവധി ഫെസിലിറ്റി മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ രംഗത്തുള്ളതായും അവയില്‍ നിന്നു വ്യത്യസ്തമായ പലകാര്യങ്ങള്‍ സൈലോഗ് ചെയ്യുന്നുണ്ടെന്നും ഡന്‍സ്റ്റണ്‍ അഭിപ്രായപ്പെട്ടു. സൈലോഗ് സംരക്ഷണച്ചുമതല ഏറ്റെടുക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളില്‍ ലഭ്യമായിട്ടുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തി മറ്റു പല വരുമാനമാര്‍ഗങ്ങളും കണ്ടെത്താറുണ്ട്. ഇത്തരത്തില്‍ കണ്ടെത്തുന്ന വരുമാനം അസോസിയേഷനുകളുമായി വീതം വെക്കുന്ന നടപടിയാണ് കമ്പനി പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി കാര്യങ്ങളാണ് അധികവരുമാനത്തിനായി കമ്പനി നടപ്പിലാക്കാറുള്ളത്. അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവര്‍ക്കായി നീന്തല്‍ പരിശീലനം, കാര്‍വാഷിംഗ്, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍ തുടങ്ങിയവയാണ് പ്രധാനമായും ചെയ്തുവരുന്നത്. അതിനൊപ്പം അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റുകള്‍ പരസ്യത്തിനായി നല്‍കുന്ന പ്രവര്‍ത്തനങ്ങളും സൈലോഗിന്റെ നേതൃത്വത്തില്‍ ചെയ്തുവരുന്നു. ഭവനകേന്ദ്രങ്ങളില്‍ മാത്രമല്ല സൈലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വാണിജ്യകേന്ദ്രങ്ങളുടെയും ഷോപ്പിങ്ങ് മാളുകളുടെയും ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനി ഏറ്റെടുക്കാറുണ്ട്. വാണിജ്യകേന്ദ്രങ്ങള്‍ക്കാവശ്യമായ സെക്യൂരിറ്റിസേവനങ്ങളും മറ്റും സൈലോഗിന്റെ നേതൃത്വത്തില്‍ ചെയ്തുകൊടുക്കപ്പെടുന്നു.

സ്ഥാപനത്തിന്റെ നാലാമത്തെ മേഖലയാണ് സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഇതുവഴി നിരവധി പ്രമുഖ സാനിറ്ററി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് നടന്നുവരുന്നത്. പാരിവെയര്‍, റോക്ക, ധനൂബ് എന്നീ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെയും സൈലോഗിന്റെ പ്രവര്‍ത്തനരീതി വ്യത്യസ്ഥമാണ്. ഒരു ഷോറൂം തുടങ്ങിക്കൊണ്ടുള്ള കച്ചവടരീതിയല്ല സൈലോഗ് പിന്‍തുടരുന്നത്. ഷോപ്പിംഗ് മാള്‍, അപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ വലിയ പ്രോജക്റ്റുകളിലേക്കുള്ള മൊത്തവ്യാപാരത്തിലാണ് ഡന്‍സ്റ്റണ്‍ ലക്ഷ്യമിട്ടിരിക്കുന്നത്. തങ്ങളുടെ ഈ ബിസിനസില്‍ ഇടനിലക്കാര്‍ ഇല്ലെന്നതാണ് പ്രധാനസവിശേഷത. കമ്പനിയില്‍ നിന്നും നേരിട്ടാണ് സൈലോഗ് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നത്, അതിനാല്‍ത്തന്നെ വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കുന്നതായും, വില്‍പ്പനാനന്തര സേവനം തങ്ങള്‍ക്കുള്ളതിനാല്‍ തന്നെ ഒരുപാട് ബില്‍ഡേഴ്‌സ് തങ്ങളെ സമീപിക്കുന്നുണ്ടെന്നും ഡന്‍സ്റ്റണ്‍ പറഞ്ഞു.

സൈലോഗിന്റെ അഞ്ചാമത്തെ മേഖലയാണ് ഹിപ് കാര്‍ട്. സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും മാത്രമുള്ള ഒരു ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വെബ്‌സൈറ്റാണ് ‘ഹിപ് കാര്‍ട്ട് ഡോട്ട് ഇന്‍’. നിലവില്‍ കേരളത്തില്‍ മാത്രമാണ് ഹിപ് കാര്‍ട്ടിന്റെ സേവനം ലഭ്യമാകുകയുള്ളു വൈകാതെ തന്നെ രാജ്യവ്യാപകമായി ഹിപ് കാര്‍ട്ട് രംഗപ്രവേശം ചെയ്യും. വെബ്‌സൈറ്റ് ആരംഭിച്ച് ഇപ്പോള്‍ മൂന്ന് മാസം തികഞ്ഞതായും, തുടക്കത്തില്‍ത്തന്നെ ജനങ്ങളില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും ഡന്‍സ്റ്റണ്‍ പറഞ്ഞു. പ്രധാനമായും ഇപ്പോള്‍ ബാത്‌റൂം ഉല്‍പ്പന്നവിപണിയിലാണ് വെബ്‌സൈറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

എന്‍ആര്‍ഐകളായിരിക്കും ഇത്തരം സേവനങ്ങളെ കൂടുതലായി ഉപയോഗിക്കുക എന്ന് ഡന്‍സ്റ്റണ്‍ അഭിപ്രായപ്പെട്ടു. വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് നാട്ടില്‍ നടക്കുന്ന വീടുപണിക്കായി മുഴുവന്‍ സമയവും ഇവിടെ ചെലവഴിക്കാന്‍ സാധിക്കുകയില്ല. സാധാരണഗതിയില്‍ ഇതുപോലുള്ള അവസരങ്ങളില്‍ ബന്ധുക്കളുടെയോ, കരാറുപണിക്കാരന്റെയോ ഇഷ്ടത്തിലുള്ള വസ്തുക്കളായിരിക്കും വീടുകളില്‍ വാങ്ങിവെക്കുന്നത്. എന്നാല്‍ ഹിപ്കാര്‍ട്ട് പോലുള്ള വെബ്‌സൈറ്റ് വീട്ടുടമകളുടെ ഇഷ്ടത്തിനുള്ള സാധനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നവയാണ്. വിവിധ ബ്രാന്‍ഡുകളുടെ വസ്തുകള്‍ ഇവര്‍ക്ക് കണാനും, മറ്റു ബ്രാന്‍ഡുകളുംമായി താരതമ്യം ചെയ്യാനുമുള്ള സംവിധാനങ്ങളും ഹിപ് കാര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.

ബിസിനസ് ജീവിതത്തെക്കുറിച്ച്

സ്വന്തമായുള്ള ബിസിനസ് വളരെ അധികം പ്രതിസന്ധികള്‍ നേരിടേണ്ടിവന്നിട്ടുള്ള ഒന്നായിരുന്നു. രണ്ടു തൊഴിലാളികളുടെ പിന്‍ബലത്തോടെയാണ് ഡന്‍സ്റ്റണ്‍ സ്ഥാപനം ആരംഭിക്കുന്നത്. ‘തുടക്കത്തില്‍ എന്റെ നേതൃത്വത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയിരുന്നത്. ഇന്ന് അതില്‍ നിന്നുമെല്ലാം മാറ്റം വന്നിരിക്കുന്നു. ഇന്ന് ഓരോ വിഭാഗത്തിന്റെയും കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഉണ്ട്. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ നിലവാരത്തിലാണ് സൈലോഗ് പ്രവര്‍ത്തിക്കുന്നത്’ ഡന്‍സ്റ്റണ്‍ പറഞ്ഞു. നിലവില്‍ സ്ഥാപനത്തിന്റെ കീഴില്‍ 95-ഓളം ജീവനക്കാരാണ് പ്രവര്‍ത്തിച്ചു വരുന്നത്, വരുംനാളുകളില്‍ സ്ഥാപനത്തിന്റെ വളര്‍ച്ചക്കൊപ്പം തൊഴിലാളികളുടെ എണ്ണത്തിലും വര്‍ദ്ധനവ് സൃഷ്ടിക്കാനാണ് ഡന്‍സ്റ്റണ്‍ ശ്രമിക്കുന്നത്.

ഭാരതത്തില്‍ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള ബിസിനസാണ് സൈലോഗ് ചെയ്തുവരുന്നത്. എന്നാല്‍ 2018 ആകുമ്പോള്‍ സൈലോഗ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞതായി ഡന്‍സ്റ്റണ്‍ പറഞ്ഞു. പ്രാരംഭഘട്ടത്തില്‍ ദുബായ് ആയിരിക്കും കമ്പനി പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുക്കുക. ഇന്ത്യയില്‍ കമ്പനി ചെയ്തുവരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ദുബായില്‍ ഉണ്ടായിരിക്കും, കനത്ത മല്‍സര സാധ്യതയുള്ള ദുബായ് പോലുള്ള രാജ്യത്ത് അന്താരാഷ്ട്ര കമ്പനികളുമായി ഏറ്റുമൂട്ടാനുള്ള തയ്യാറെടുപ്പിലാണ് സൈലോഗ്.

സൈലോഗിന്റെ പ്രവര്‍ത്തനരംഗവുമായി ബന്ധപ്പെട്ടമേഖലയിലെ പൊതുപ്രവര്‍ത്തനങ്ങളിലും കമ്പനി പങ്കുചേര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ രീതിയിലുള്ള പരുപാടികള്‍ക്കാണ് സ്ഥാപനം നേതൃത്വം വഹിക്കുന്നത്. ഇതിന്റെ ഭാഗമായി പെണ്‍കുട്ടികളുള്ള നിര്‍ധനരായിട്ടുള്ളവരുടെ വീടുകളില്‍ ശൗചാലയങ്ങള്‍ സ്ഥാപിക്കുക എന്ന പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുവാനായി പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സഹായങ്ങള്‍ക്കായി ഗവര്‍ണര്‍ പി സദാശിവത്തെ സമീപിച്ചപ്പോള്‍ പദ്ധതിക്ക് പൂര്‍ണപിന്തുണ നല്‍കാം എന്ന് വാക്ക് നല്‍കിയതായും ഡന്‍സ്റ്റണ്‍ അറിയിച്ചു.

ബിസിനസ് രംഗത്ത് വിജയം കൈവരിക്കാന്‍ കൈമുതലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡന്‍സ്റ്റണ് വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. ”ആത്മസമര്‍പ്പണമാണ് പ്രധാനമായും ഉണ്ടാകേണ്ടത്, അതുപോലെ സ്വാര്‍ത്ഥതയും, അഹംഭാവവും നമ്മളില്‍ ഉണ്ടായിരിക്കരുത്. ബിസിനസില്‍ ഉപഭോക്താക്കളാണ് പ്രധാനികള്‍, അവരുടെ സംതൃപ്തിയാണ് ബിസിനസിനെ വളര്‍ത്തുന്ന മുഖ്യഘടകം,” അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ് ഡന്‍സ്റ്റണ്‍, ചെയര്‍മാന്‍ ആന്‍ഡ് എംഡി, സൈലോഗ്

 

” തുടക്കത്തില്‍ എന്റെ നേതൃത്വത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയിരുന്നത്. ഇന്ന് അതില്‍ നിന്നുമെല്ലാം മാറ്റം വന്നിരിക്കുന്നു. ഇന്ന് ഓരോ വിഭാഗത്തിന്റെയും കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഉണ്ട്. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ നിലവാരത്തിലാണ് സൈലോഗ് പ്രവര്‍ത്തിക്കുന്നത് ”

 

 

Comments

comments