രാജഗിരിയും എടിഡബ്ല്യുഐസി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പുമെന്റും കരാറില്‍ ഒപ്പുവെച്ചു ; പരിശീലനത്തില്‍ പരസ്പര സഹകരണം

രാജഗിരിയും എടിഡബ്ല്യുഐസി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പുമെന്റും കരാറില്‍ ഒപ്പുവെച്ചു ; പരിശീലനത്തില്‍ പരസ്പര സഹകരണം

കാക്കനാട്: രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ ആന്‍ഡ് ടെക്‌നോളജിയും എടിഡബ്ല്യുഐസി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പുമെന്റ് പ്രൈവറ്റ് ലിമിറ്റഡും പരസ്പര സഹകരണത്തിന് കരാറില്‍ ഒപ്പുവച്ചു. ഇതുവഴി രാജഗിരിയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും, സെന്‍സിങ്, ടെലിമെട്രി, സ്‌റ്റോറേജ്, സിഗ്നല്‍ പ്രോസസിങ്, കണ്‍ട്രോള്‍ ആന്‍ഡ് പവര്‍ ആപ്ലിക്കേഷന്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനത്തിനും കൂടുതല്‍ ഗവേഷണത്തിനും അവസരമൊരുങ്ങും. കാക്കനാട് രാജഗിരി കാംപസില്‍ നടന്ന ചടങ്ങില്‍ രാജഗിരിക്കുവേണ്ടി കോളെജ് ഡയറക്റ്റര്‍ ഫാ. ജോസ് അലക്‌സ് സിഎംഐ, എടിഡബ്ല്യുഐസിക്കുവേണ്ടി മാനേജിംഗ് ഡയറക്റ്റര്‍ ശിവന്‍ പി വി എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു. പ്രിന്‍സിപ്പാള്‍ ഡോ. എ ഉണ്ണികൃഷ്ണന്‍, ഡീന്‍ ആന്‍ഡ്് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ജോണ്‍ എം ജോര്‍ജ്ജ്, ഇന്‍ക്യുബേഷന്‍ സെന്റര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ റിജിന്‍ ജോണ്‍, എടിഡബ്ല്യുഐസി ഡയറക്റ്റര്‍ രാഹുല്‍ ശിവന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

പഠനകാലയളവിന്റെ തുടക്കത്തില്‍ തങ്ങളുടെ മേഖലകളില്‍തന്നെ തൊഴില്‍സാധ്യതകള്‍ കണ്ടെത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ എന്നും തല്‍പ്പരരാണ്. എന്നാല്‍ ഇതേ മേഖലകളിലെ സാങ്കേതികവിദ്യകളെ കുറിച്ചും അവയുടെ സാധ്യതകളെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമായും ബോധവാന്‍മാരല്ലെന്ന് ഡബ്ല്യുഐസി ഡയറക്റ്റര്‍ രാഹുല്‍ ശിവന്‍ പറഞ്ഞു. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ തൊഴില്‍ സാധ്യത കൂടുതലുള്ള ഐടി മേഖലകളിലേയ്ക്ക് തിരിയുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മേഖലയില്‍തന്നെ കൂടുതല്‍ അവസരങ്ങള്‍ തുറന്നുനല്‍കാന്‍ തങ്ങള്‍ തയ്യാറാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് മേഖലകളില്‍ തൊഴിലല്‍സാധ്യതകള്‍ ഉണ്ടെങ്കിലും ഐടി മേഖലയേക്കാള്‍ അവസരങ്ങള്‍ കുറവാണെന്ന് ഫാ. ജോസ് അലക്‌സ് സിഎംഐ ചൂണ്ടിക്കാട്ടി. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ മേഖലകളില്‍തന്നെ തൊഴില്‍കണ്ടെത്താന്‍ ചിലപ്പോള്‍ സാധിക്കാതെവരുന്നു. രാജഗിരിയിലെ വിദ്യാര്‍ത്ഥികളെ ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ പൂര്‍ണ്ണമായും സജ്ജരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാര്‍ പ്രകാരം എടിഡബ്ല്യുഐസി തങ്ങളുടെ റിസര്‍ച്ച് ആന്റ് ഡവലപ്പുമെന്റ് (ആര്‍ ആന്റ് ഡി) ലാബിന്റെ പ്രവര്‍ത്തനം രാജഗിരി ഇന്‍ക്യുബേഷന്‍ സെന്ററില്‍ ജൂണ്‍ മുതല്‍ ആരംഭിക്കും. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ രംഗത്ത് ഡിആര്‍ഡിഒ, ഐഎസ്ആര്‍ഒ തുടങ്ങിയ സ്ഥാപനങ്ങളാണ് എടിഡബ്ല്യുഐസി റിസര്‍ച്ച് ആന്‍ഡ് ഡവലപ്പുമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉപഭോക്താക്കള്‍. രാജഗിരിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് എടിഡബ്ല്യുഐസിയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ ആര്‍ ആന്‍ഡ് ഡി ലാബില്‍ തങ്ങളുടെ പ്രൊജക്റ്റുകള്‍ ചെയ്യുവാനുള്ള സഹായവും ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പ്രോജക്റ്റുകളില്‍ പങ്കാളികളാകുവാനുള്ള അവസരവും എടിഡബ്ല്യുഐസി ഒരുക്കും.

Comments

comments

Categories: Business & Economy