കേരളം കാര്‍ഷികസംസ്‌കൃതിയിലേക്ക് തിരിച്ചുപോകണം : മന്ത്രി

കേരളം കാര്‍ഷികസംസ്‌കൃതിയിലേക്ക്  തിരിച്ചുപോകണം : മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കാര്‍ഷികസംസ്‌കാരം വീണ്ടെടുക്കാനുള്ള തിരിഞ്ഞുനടത്തം ആവശ്യമാണെന്ന് സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആകാശവാണിയുടെ ‘വയലും വീടും’ പരിപാടിയുടെ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് ‘കര്‍ഷകന് സുരക്ഷ, കേരളത്തിന് ഭക്ഷ്യ സുരക്ഷ’ എന്ന വിഷയത്തില്‍ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

അറുപതുവര്‍ഷം കൊണ്ട് കേരളം എല്ലാ മേഖലയിലും വളര്‍ന്നു. എന്നാല്‍ കാര്‍ഷികമേഖലയില്‍ അത്തരമൊരു വളര്‍ച്ചയുണ്ടായില്ല. കാര്‍ഷിക സംസ്‌കൃതിയില്‍ നിന്നകന്ന് ഉപഭോക്തൃസംസ്ഥാനമായതിന്റെ ഫലമായിരുന്നു ജീവിതശൈലീ രോഗങ്ങള്‍. കാര്‍ഷികവൃത്തിയില്‍ നിന്നുള്ള പിന്‍മാറ്റം നാടിന്റെ നന്‍മയെ ഇല്ലാതാക്കി. പുതിയ കാര്‍ഷികകേരളത്തിനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ ഹരിതകേരളം മിഷനിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തില്‍ കൃഷിക്ക് പ്രചോദനം നല്‍കാനും പുതിയ കൃഷിരീതികള്‍ പരിചയപ്പെടുത്താനും ആകാശവാണിയും വയലും വീടും പരിപാടിയും നല്‍കിയ സേവനങ്ങള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

കൃഷിവകുപ്പ് മുന്‍ ഡയറക്റ്റര്‍ ആര്‍ ഹേലി മുഖാമുഖത്തില്‍ മോഡറേറ്ററായിരുന്നു. ചടങ്ങില്‍ ആകാശവാണി ദക്ഷിണമേഖല ഉപദേഷ്ടാവ് ആര്‍ വെങ്കിടേശ്വരലു, സ്‌റ്റേഷന്‍ ഡയറക്റ്റര്‍ ആര്‍ സി ഗോപാല്‍, സ്‌റ്റേഷന്‍ എന്‍ജിനീയര്‍ എന്‍ രാജേന്ദ്രന്‍, വയലും വീടും പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരന്‍ തഴക്കര തുടങ്ങിയവര്‍ സംബന്ധിച്ചു. മുഖാമുഖത്തില്‍ കൃഷി ശാസ്ത്രജ്ഞര്‍, അവാര്‍ഡ് ജേതാക്കളായ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

comments

Categories: Top Stories