മാര്‍ച്ച് ഫലം ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം മൂന്ന് മടങ്ങ് വര്‍ധിച്ചു

മാര്‍ച്ച് ഫലം ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം മൂന്ന് മടങ്ങ് വര്‍ധിച്ചു

മുംബൈ: രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമായ ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം ഉയര്‍ന്നു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ റിപ്പോര്‍ട്ട് പ്രകാരം അറ്റാദായത്തില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് നിരീക്ഷിച്ചിട്ടുള്ളത്. കിട്ടാക്കടം വര്‍ധിച്ചെങ്കിലും, ഇതു സംബന്ധിച്ച പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള തുകയില്‍ (ബാഡ് ലോണ്‍ പ്രൊവിഷനിംഗ്) ഇടിവ് രേഖപ്പെടുത്തിയത് ലാഭം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് ഐസിഐസിഐ ബാങ്കിന്റെ മാര്‍ച്ച് പാദ ഫലം നല്‍കുന്ന സൂചന.

മാര്‍ച്ച് പാദ ഫലത്തിന്റെ പശ്ചാത്തലത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നും ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ഓഹരികള്‍ക്ക് ഒരു ബോണസ് ഓഹരി നല്‍കാനാണ് തീരുമാനം. മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസ പാദത്തില്‍ ബാങ്കിന്റെ ലാഭം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 701.9 കോടി രൂപയില്‍ നിന്നും ഉയര്‍ന്ന് 2,024.6 കോടി രൂപയിലെത്തി. അതേസമയം, ബ്ലൂംബെര്‍ഗ് സര്‍വെയില്‍ 22 അനലിസ്റ്റുകള്‍ നടത്തിയ ശരാശരി പ്രവചനത്തേക്കാള്‍ കുറഞ്ഞ അറ്റാദായമാണ് ഐസിഐസിഐ ബാങ്ക് മാര്‍ച്ചില്‍ രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ 2,142.60 കോടി രൂപയുടെ അറ്റാദായം ബാങ്കിന് രേഖപ്പെടുത്താനാകുമെന്നായിരുന്നു അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ഡിസംബറില്‍ അവസാനിച്ച പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ കിട്ടാക്കടത്തില്‍ 11.73 ശതമാനം വര്‍ധനയാണുണ്ടായത്. നാലാം പാദത്തില്‍ 42,551 കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്ക് രേഖപ്പെടുത്തിയത്. ബാങ്കിന്റെ മൊത്തം ഉപഭോക്തൃ ആസ്തിയുടെ 7.89 ശതമാനമാണ് മാര്‍ച്ച് പാദത്തില്‍ നിഷ്‌ക്രിയ ആസ്തി കണക്കാക്കിയിട്ടുള്ളത്. ഡിസംബര്‍ പാദത്തില്‍ ഇത് 7.2 ശതമാനവും തൊട്ടു മുന്‍ വര്‍ഷം മാര്‍ച്ച് പാദത്തില്‍ 5.21 ശതമാനവുമായിരുന്നു. മൊത്തെ വായ്പയുടെ 8.74 ശതമാനമാണ് നാലാംപാദത്തില്‍ നിഷ്‌ക്രിയ ആസ്തി രേഖപ്പെടുത്തിയത്. ഡിസംബറിലെ 7.9 ശതമാനമായിരുന്നു ഇത്.

വായ്പാ ചെലവ് ഉയര്‍ന്ന തലത്തില്‍ തന്നെയാണ് നിലനില്‍ക്കുന്നതെന്നും ഇത് ലാഭം ഇടിയുന്നതിന് കാരണമാകുമെന്നും റിലയന്‍സ് സെക്യൂരിറ്റീസ് ലിമിറ്റഡില്‍ നിന്നുള്ള ബാങ്കിംഗ് അനലിസ്റ്റ് അശുതോഷ് മിശ്ര പറഞ്ഞു. എങ്കിലും ഭാവിയില്‍ ബാഡ് ലോണ്‍ പ്രൊവിഷനിംഗ് കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാര്‍ച്ച് പാദത്തില്‍ 5,386 കോടി രൂപയുടെ കിട്ടാക്കടമാണ് ഐസിഐസിഐ ബാങ്ക് എഴുതിതള്ളിയത്. ഇത് കഴിഞ്ഞ രണ്ട് പാദങ്ങളിലും എഴുതിത്തള്ളിയ ശരാശരി തുകയേക്കാള്‍ കൂടുതലാണ്. ബാങ്കിന്റെ പലിശ വരുമാനം 10.32 ശതമാനം ഉയര്‍ന്ന് 5,962 കോടി രൂപയിലെത്തി. നിഷ്‌ക്രിയ ആസ്തിയില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും മാര്‍ച്ചില്‍ 2,898 കോടി രൂപ മാത്രമാണ് ബാഡ്‌ലോണ്‍ പ്രൊവിഷനിംഗില്‍ വകയിരുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേപാദത്തില്‍ ഇത് 3,326 കോടി രൂപയായിരുന്നു.

Comments

comments

Categories: Banking