സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ തുടരുന്ന സ്ത്രീ വിവേചനം

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ തുടരുന്ന സ്ത്രീ വിവേചനം
നവലോകത്ത് ഏറെ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളിലും പുരുഷാധിപത്യം തുടരുന്നത്
സമ്പദ്‌രംഗത്തിന്റെ സുഗമമായ വളര്‍ച്ച തടയും

പുരുഷാധിപത്യലോകത്ത് സ്റ്റാര്‍ട്ടപ്പുകളും അപവാദമല്ല. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ സ്ത്രീപ്രാതിനിധ്യത്തിന്റെ പരിതാപകരമായ കുറവ് ആരംഭകാലത്തുനിന്ന് ഏറെയൊന്നും മുമ്പോട്ടു പോയിട്ടില്ലെന്നു കാണാം. ടെക് ക്രഞ്ച് ഗവേഷണവിഭാഗത്തിന്റെ പഠനപ്രകാരം 2017-ന്റെ ആദ്യ പാദത്തില്‍ 17 ശതമാനം സ്റ്റാര്‍ട്ടപ്പുകളാണ് വനിതാസംരംഭകരുടേ്തായി സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. വെഞ്ച്വര്‍ നിക്ഷേപം സ്വീകരിച്ച സ്റ്റാര്‍ട്ടപ്പുകളെയാണു പഠനത്തില്‍ പരിഗണിച്ചത്. ഉദാഹരണത്തിന് 2009- 2017 കാലഘട്ടത്തില്‍ ലോകമെങ്ങുമുള്ള 43,008 സ്റ്റാര്‍ട്ടപ്പുകളില്‍ 6,791 എണ്ണത്തില്‍ മാത്രമാണ് സ്ത്രീസംരംഭകര്‍ ഭാഗികമായെങ്കിലും പങ്കാളിത്തം വഹിച്ചതെന്നു കാണാം. ആകെയുള്ള സംരംഭകരുടെ 15.8 ശതമാനം മാത്രമാണിത്. 2012-ല്‍ 17 ശതമാനമായെങ്കിലും തുടര്‍ന്നുള്ള അഞ്ചുവര്‍ഷവും സ്ത്രീപ്രാതിനിധ്യം ഉയര്‍ന്നിരുന്നില്ല.

32 ശതമാനം വനിതാ സംരംഭകരുള്ള വിദ്യാഭ്യാസ മേഖലയാണ് ഇവര്‍ക്കു പ്രിയംകരമായ സ്റ്റാര്‍ട്ടപ്പെന്നു കാണാം. ഇ കൊമേഴ്‌സ്, ആരോഗ്യപരിപാലനം, മാധ്യമം, വിനോദം എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളാണ് തൊട്ടു പിന്നിലുള്ളത്. സ്ത്രീസംരംഭകരുടെ ക്ഷാമത്തിനു കാരണം ലിംഗവിവേചനമാണെന്ന ആരോപണം ഉയരുന്നുണ്ട്. 2016-ല്‍ സ്ത്രീസംരംഭകര്‍ക്കു 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം ലഭിച്ചപ്പോള്‍, പുരുഷന്മാര്‍ സ്ഥാപിച്ച കമ്പനികളുടെ നിക്ഷേപം 94 ബില്ല്യണ്‍ ഡോളര്‍ ആണെന്ന റിപ്പോര്‍ട്ടിലെ ഭാഗം ഇതു സ്ഥിരീകരിക്കുന്നു. ”പ്രധാന വിഷയം സംരംഭകത്വത്തിലേക്ക് കൂടുതല്‍ സ്ത്രീകള്‍ വരാത്തതല്ല. സ്റ്റാര്‍ട്ടപ്പ് കൊണ്ടു നടക്കാനുള്ള മൂലധനം അവര്‍ക്കു ലഭിക്കാത്തതാണ്” സംരംഭക സൂസന്‍ ലയ്ന്‍ പറയുന്നു.

എന്നാല്‍ കൂടുതല്‍ സംഘടനകളും ഏയ്ഞ്ചല്‍ നിക്ഷേപകരും വെഞ്ച്വര്‍ മൂലധനക്കാരും വനിതാസംരംഭകരെ പ്രോല്‍സാഹിപ്പിക്കാനെത്തുന്നുവെന്നതു സന്തോഷകരമാണ്. ധനസഹായം മാത്രമല്ല നിക്ഷേപം ലഭിക്കാനുള്ള വഴികളെക്കുറിച്ചും ഇവര്‍ സ്ത്രീ സംരംഭകരെ ബോധവല്‍ക്കരിക്കുന്നു. എങ്കിലും വനിതാസംരംഭകര്‍ ഈ രംഗത്ത് പുരുഷന്മാര്‍ക്കൊപ്പമെത്താന്‍ ഏറെ ദൂരം താണ്ടണമെന്ന സന്ദേശമാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.

Comments

comments

Categories: FK Special, Women